ശ്രീലങ്കയ്ക്കെതിരായ മൂന്നാം ടി20 യിൽ 78 റൺസിന്റെ വിജയമാണ് ഇന്ത്യ നേടിയത്. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്കായിരുന്നു ജയം. ഇന്നലെ നടന്ന മൂന്നാം മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 201 പിന്തുടർന്ന ലങ്ക 123 റൺസിന് ഓൾഔട്ടാവുകയായിരുന്നു. ഇതോടെ ഇന്ത്യ 2-0ന് പരമ്പര സ്വന്തമാക്കി.

ഇന്നലത്തെ മത്സരം ഏറെ ശ്രദ്ധേയമായത് പ്ലേയിങ് ഇലവനിൽ സഞ്ജു സാംസൺ ഇടം നേടിയതിലൂടെയായിരുന്നു. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും സഞ്ജുവിനെ പുറത്തിരുത്തുകയാണ് ചെയ്തത്. ഇന്നലെ റിഷഭ് പന്തിന് പകരമായിട്ടാണ് സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയത്.

പക്ഷേ, സഞ്ജുവിന് മത്സരത്തിൽ തിളങ്ങാനായില്ല. ആദ്യ ബോളിൽ സിക്സ് ഉയർത്തി ആരാധകർക്ക് പ്രതീക്ഷയേകിയ സഞ്ജു, രണ്ടാമത്തെ ബോളിൽ എൽബിഡബ്ല്യുവിലൂടെ പുറത്തായി. മത്സരത്തിൽ ഇന്ത്യ ജയിച്ചെങ്കിലും സഞ്ജുവിന്റെ പുറത്താകൽ ആരാധകർക്കേറെ നിരാശയേകുന്നതായിരുന്നു. ഇതിനുശേഷം നടന്ന ഇന്ത്യൻ ആഘോഷത്തിൽ സഞ്ജുവിനെ കാണാനായില്ല. ട്രൊഫിക്കൊപ്പമുളള ടീം ഫൊട്ടോയിൽ സഞ്ജുവിന്റെ അസാന്നിധ്യം ആരാധകർക്കിടയിൽ വലിയ ചർച്ചയ്ക്കിടയാക്കി.

Read Also: വന്നയുടന്‍ സിക്‌സർ; ആരാധകരെ നിരാശരാക്കി അതേ വേഗത്തില്‍ മടക്കം, വീഡിയോ

ഇതിന്റെ കാരണം മായങ്ക് അഗർവാളിന്റെ ട്വിറ്റർ പോസ്റ്റിലൂടെയാണ് വ്യക്തമായത്. മത്സരം കഴിഞ്ഞതും സഞ്ജു ന്യൂസിലൻഡിലേക്ക് പരിശീലന മത്സരത്തിനായി പോകുന്ന ഇന്ത്യ എ ടീമിനൊപ്പം ചേരുകയായിരുന്നു. മായങ്ക് അഗർവാൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിമാനത്തിൽനിന്നുളള ഇന്ത്യ എ ടീമിനൊപ്പമുളള ഫൊട്ടോയിൽ സഞ്ജുവും ഉണ്ടായിരുന്നു. ജനുവരി 17 ന് തുടങ്ങുന്ന പരമ്പരയ്ക്കു മുൻപായി ന്യൂസിലൻഡിനെതിരെ ഇന്ത്യ എയ്ക്ക് പരിശീലന മത്സരമുണ്ട്.

19-ാം വയസിലാണ് സഞ്ജു ആദ്യമായി ഇന്ത്യൻ ടീമിലെത്തുന്നത്. അതും ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ. അഞ്ചു ഏകദിനവും ഒരു ടി20 മത്സരവുമടങ്ങിയ പരമ്പരയിൽ ബെഞ്ചിൽ തന്നെയായിരുന്നു സഞ്ജുവിന്റെ സ്ഥാനം. ഒരു മത്സരത്തിൽ പകരക്കാരനായി ഫീൽഡിലെത്തി. പിന്നീട് സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ച സിംബാബ്‌വെ പര്യടനത്തിലാണ് സഞ്ജുവിന് വീണ്ടും ഇന്ത്യൻ ടീമിലേക്ക് ക്ഷണം ലഭിച്ചത്. എന്നാൽ മൂന്ന് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ താരം കളിച്ചത് ഒരു മത്സരത്തിൽ മാത്രമാണ്. അന്ന് 19 റൺസെടുക്കാൻ സാഞ്ജുവിന് കഴിഞ്ഞു. 2015ൽ സിംബാബ്‌വെയ്‌ക്കെതിരെ ടി20 അരങ്ങേറ്റ മത്സരം കളിച്ച താരം പിന്നീട് പലതവണ ടീമിലെത്തിയെങ്കിലും പ്ലെയിങ് ഇലവനിൽ ഇടം കണ്ടെത്തിയിരുന്നില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook