/indian-express-malayalam/media/media_files/2026/02/04/sanju-samson-and-his-grandfather-antonis-2026-02-04-13-28-45.jpg)
Photo: Special Arrangemen
Sanju Samson's Childhood: സഞ്ജു സാംസണിന്റെ മുത്തച്ഛൻ അന്തോണിസിന്റെ കണ്ണുകൾ ശാന്തമാണ്. വീടിന്റെ ചുമരുകളിലേക്ക് ആഞ്ഞടിച്ചെത്തിയ തിരമാലകളെയും തൊണ്ണൂറുകളിൽ തീരത്തുണ്ടായ വർഗീയ കലാപങ്ങളെയും 2018ലെ പ്രളയത്തെയും യന്ത്രവൽകൃത ബോട്ടുകളുടെ കടന്നുകയറ്റത്തെയും ആ കണ്ണുകൾ കാണുകയും അതിജീവിക്കുകയും ചെയ്തതാണ്. എങ്കിലും സഞ്ജുവിനെക്കുറിച്ചും സഞ്ജുവിന്റെ കുട്ടിക്കാലത്തെക്കുറിച്ചും സഞ്ജുവിനെ വളർത്തുമ്പോൾ അനുഭവിച്ച സന്തോഷത്തെയും കഷ്ടപ്പാടുകളെയും കുറിച്ചും സംസാരിക്കുമ്പോൾ ആ കണ്ണുകളിൽ സന്തോഷത്തിന്റെ കണ്ണുനീർ നിറയുന്നു.
'തിരമാലകളുടെ പക'യ്ക്ക് ഇരയായവർക്കായി നിർമിച്ച നൂറുവീട് കോളനി (സുനാമി കോളനി)യിലെ തന്റെ മകന്റെ വീട്ടിലാണ് അന്തോണീസ് കഴിയുന്നത്. നീല പെയിന്റിൽ തിളങ്ങുന്ന ഒരു ചെറിയ വീട്. സഞ്ജു കുട്ടിയായിരുന്ന സമയം അർസുലൈൻ കോൺവെന്റിലേക്കുള്ള വളവിലെ ഒരു വീട്ടിലായിരുന്നു താമസം. മുത്തച്ഛനും അമ്മാവന്മാരും സഞ്ജുവിന്റെ വീട്ടിൽ നിന്ന് ഏതാനും നിരകൾക്കപ്പുറമ്മാണ് താമസിച്ചിരുന്നത്.
Also Read: വിക്കറ്റ് കീപ്പറല്ലെന്ന് അറിഞ്ഞത് അവസാന നിമിഷം; ഗ്ലൗസ് ആരാധകന് നൽകി സഞ്ജു സാംസൺ
“ഡൽഹിയിൽ നിന്ന് സഞ്ജുവിനേയും കൂട്ടി കുടുംബം നാട്ടിലേക്ക് മാറിയപ്പോൾ എനിക്ക് ഏറെ സന്തോഷമായിരുന്നു. കാരണം അതിലൂടെ സാലിയെയും സഞ്ജുവിനെയും എനിക്ക് ഇടയ്ക്കിടെ കാണാൻ സാധിച്ചിരുന്നു. അതിനുമുൻപ് കുട്ടികളോടൊപ്പം സമയം ചെലവഴിക്കാൻ അധികം അവസരം കിട്ടിയിരുന്നില്ല,” സഞ്ജുവിന്റെ മുത്തച്ഛൻ പറയുന്നു. പ്രാദേശികമായ തമിഴ് മലയാളം കലർന്ന ചുവയുള്ള ശൈലിയിലാണ് അദ്ദേഹത്തിന്റെ സംസാരം. ഇന്ത്യൻ താരത്തിന്റെ മുത്തച്ഛന്റെ ഇടറുന്ന വാക്കുകൾക്ക് ഇപ്പോൾ ഒരു സ്പീഡ് ബോട്ടിന്റെ വേഗതയാണ്.
വിഴിഞ്ഞത്തെ മറ്റ് നൂറുകണക്കിന് കുടുംബങ്ങളെപ്പോലെ മിക്കവാറും എല്ലാ കാലങ്ങളിലും കടലിൽ പോകുന്നതിന്റെ തിരക്കിലായിരുന്നു അന്തോണീസ്. “ഇതായിരുന്നു സഞ്ജുവിന്റെ ഇവിടുത്തെ ആദ്യത്തെ ഗ്രൗണ്ട്. മണൽ മാത്രമായിരുന്നു. സഞ്ജുവിന്റെ അച്ഛൻ സ്ഥലത്തില്ലാത്തപ്പോഴോ അതല്ലെങ്കിൽ എനിക്ക് തിരക്കില്ലാത്തപ്പോഴോ ഞാൻ സഞ്ജുവിനേയും സാലിയേയും കൂട്ടി അവിടെ പോയി ഫുട്ബോൾ കളിച്ചിരുന്നു."
"മണലിലൂടെ വെറുതെ അങ്ങോട്ടും ഇങ്ങോട്ടും പന്ത് തട്ടും. പിന്നീട് അവർ എനിക്ക് ക്രിക്കറ്റ് എന്ന ഈ വിചിത്രമായ കളി പരിചയപ്പെടുത്തി. ക്രിക്കറ്റിന്റെ നിയമങ്ങളൊന്നും എനിക്ക് ഇപ്പോഴും അറിയില്ല, ഞാൻ വെറുതെ അവർക്ക് പന്ത് എറിഞ്ഞു കൊടുക്കുമായിരുന്നു,” അദ്ദേഹം ഓർക്കുന്നു.
Also Read: 'നാലഞ്ച് ദിവസത്തിൽ വിരമിക്കൽ പിൻവലിക്കുന്നവരാണ്'; പാക്കിസ്ഥാൻ മലക്കം മറിയുമെന്ന് ഗാവസ്കർ
സഞ്ജു ബാറ്റ് ചെയ്യുമ്പോൾ മാത്രമാണ് മുത്തച്ഛൻ ക്രിക്കറ്റ് കാണാറുള്ളത്. “അദ്ദേഹത്തിന് വലിയ അസ്വസ്ഥതയായിരിക്കും ആ സമയം,” സഞ്ജുവിന്റെ അമ്മായി അനിത ഇടയ്ക്ക് പറഞ്ഞു. സഞ്ജു പെട്ടെന്ന് ഔട്ടാകുമ്പോൾ മുത്തച്ഛന് വലിയ വിഷമമാവും. അവൻ വലിയ സ്കോറുകൾ നേടുമ്പോൾ വലിയ സന്തോഷത്തിലാകുമെന്നും അമ്മായി പറയുന്നു.
‘എന്തുകൊണ്ടാണ് തിരമാലകൾക്ക് ഇത്ര ദേഷ്യം’
സഞ്ജുവും സാലിയും ക്ഷീണിതരാവുമ്പോൾ മുത്തച്ഛൻ അവരെയും കൂട്ടി കടൽത്തീരത്തേക്ക് പോകുമായിരുന്നു. പകൽ മുഴുവൻ അധ്വാനിച്ചതിന്റെ ക്ഷീണത്തിൽ വിശ്രമിക്കുന്ന പല നിറങ്ങളിലുള്ള മരവള്ളങ്ങളും ചെറിയ യന്ത്രബോട്ടുകളും അവിടെ നിരന്നു കിടപ്പുണ്ടാകും.
“തിരമാലകൾക്ക് എന്തുകൊണ്ടാണ് ഇത്ര ദേഷ്യമെന്ന് ചില സമയങ്ങളിൽ സഞ്ജു എന്നോട് ചോദിക്കും. ഞാൻ അവനോട് പറയും, അവ നമ്മളെപ്പോലെയാണ്, ചിലപ്പോൾ സന്തോഷിക്കും, ചിലപ്പോൾ ദേഷ്യപ്പെടും. അതാണ് ജീവിതം,” അദ്ദേഹം ഓർത്തെടുക്കുന്നു.
കുറച്ച് വർഷങ്ങൾക്ക് മുമ്പ്, ചില മത്സരങ്ങളിൽ പൂജ്യത്തിന് പുറത്താകുന്നത് എന്തുകൊണ്ടാണെന്ന് അന്തോണിസ് ചോദിച്ചപ്പോൾ സഞ്ജു നൽകിയ മറുപടി അദ്ദേഹം വെളിപ്പെടുത്തുന്നു, “ഇന്ത്യൻ ക്രിക്കറ്റിൽ ഒരു ദൈവമുണ്ട്, സച്ചിൻ ടെണ്ടുൽക്കർ. അദ്ദേഹവും പൂജ്യത്തിന് പുറത്താകാറുണ്ട്. ഞാനിപ്പോഴും ചെറുപ്പമല്ലേ.”
സഞ്ജു തന്റെ ഉപദേശം ഓർത്തുവെച്ചതിലും അത് തന്റെ കളിയിൽ ഉൾപ്പെടുത്തിയതിലും മുത്തച്ഛന് സന്തോഷമുണ്ട്. ഏതാണ്ട് 13 വർഷമായി കടലിൽ പോകുന്നത് നിർത്തി. എങ്കിലും ഇതിനെ മീൻപിടുത്തവുമായി അദ്ദേഹം താരതമ്യം ചെയ്യുന്നു. ധാരാളം മീൻ കിട്ടുന്ന ദിവസങ്ങളുണ്ടാകും. അതുപോലെ തന്നെ വല ഒഴിഞ്ഞിരിക്കുന്ന ദിവസങ്ങളും. വറുതിയായാലും ഐശ്വര്യമായാലും തന്റെ പക്കലുള്ള ഏറ്റവും മികച്ച വിഹിതം സഞ്ജുവിനും സാലിക്കുമായി മുത്തച്ഛൻ മാറ്റിവെച്ചിരുന്നു.
Also Read: india vs Pakistan: പാക്കിസ്ഥാന്റെ ബഹിഷ്കരണം; ശ്രീലങ്കയിലേക്ക് ഇന്ത്യ യാത്ര ചെയ്യേണ്ടി വരും; നിയമം ഇങ്ങനെ
കടലിനേയും കടലുമായി ബന്ധപ്പെട്ടവയേയും കുറിച്ചുള്ള കഥകൾ സഞ്ജുവിന് ഏറെ ഇഷ്ടമായിരുന്നതായി അദ്ദേഹം പറഞ്ഞു. “എന്റെ സാഹസികതകളെക്കുറിച്ചും മരണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിനെക്കുറിച്ചും നേരിടേണ്ടി വന്ന പ്രക്ഷുബ്ധമായ കടലിനെക്കുറിച്ചും സഞ്ജു ശാന്തനായി കേട്ടിരിക്കുമായിരുന്നു."
“സാലിയെ ഞാൻ കടലിൽ കൊണ്ടുപോയിട്ടുണ്ട്. പക്ഷേ സഞ്ജുവിനെ കൊണ്ടുപോയിട്ടില്ല. കടലിൽ കൊണ്ടുപോകാൻ പറഞ്ഞ് സഞ്ജു എപ്പോഴും എന്നെ നിർബന്ധിക്കുമായിരുന്നു. ഒരുപക്ഷേ, ഒരു ദിവസം ഞാൻ അവനെ കൊണ്ടുപോകുമായിരിക്കും,” സഞ്ജുവിന്റെ മുത്തച്ഛൻ പറഞ്ഞു.
മറ്റു മുത്തച്ഛന്മാരെപ്പോലെ സഞ്ജുവിനെ അദ്ദേഹം അധികം ലാളിച്ചിരുന്നില്ല. വള്ളത്തിന്റെ തുഴയിൽ നിന്ന് ഒരു ബാറ്റ് കൊത്തിയുണ്ടാക്കി കൊടുത്തിട്ടുണ്ട്. സഞ്ജുവിന് വേണ്ടി അദ്ദേഹം ഒരിക്കലും ഒരു ക്രിക്കറ്റ് ബാറ്റ് വാങ്ങി നൽകിയിട്ടില്ല. എന്നാൽ വിലപ്പെട്ട ജീവിതപാഠങ്ങൾ പകർന്നുനൽകിക്കൊണ്ട് അദ്ദേഹം സഞ്ജുവിനെ കരുതലോടെ വളർത്തി.
“ഈ മത്സ്യബന്ധന പട്ടണത്തിൽ ആരും ആരെയും ഒന്നും പഠിപ്പിക്കാറില്ല. കുട്ടികൾ അവരുടെ മാതാപിതാക്കളെയും അമ്മാവന്മാരെയും പിന്തുടരുന്നു. അവർ നോക്കിനിന്ന് കാര്യങ്ങൾ പഠിക്കുന്നു. അതാണ് ഇവിടുത്തെ പ്രകൃതിനിയമം. നിങ്ങൾ കരുത്തരും ധൈര്യശാലികളും ആയിരിക്കണം,” അദ്ദേഹം പറയുന്നു.
ഓട്ടോ ഡ്രൈവർമാരിൽ നിന്നുള്ള ലിഫ്റ്റ്
കുത്തനെയുള്ള ചരിവുകൾ നിറഞ്ഞ ഈ പ്രദേശം ശാരീരികക്ഷമത മെച്ചപ്പെടുത്താൻ ഏറെ സഹായിക്കുന്നതാണ്. മണലിലൂടെയുള്ള ഓട്ടവും നടത്തവും ശക്തമായ കാലുകളും ശരീരത്തിലെ താഴ് ഭാഗത്തെ പേശികളും വികസിപ്പിക്കാൻ സഹായിച്ചു. അടുത്തിടെ തന്നെ വളർത്തിയ ആ തീരത്തുനിന്ന് നടത്തിയ പ്രസംഗത്തിൽ സഞ്ജു ഈ പ്രകൃതിദത്തമായ കരുത്തിനെക്കുറിച്ച് സൂചിപ്പിച്ചിരുന്നു, “ഇവിടുത്തെ ആളുകൾക്ക് അപൂർവമായ കരുത്തും ധൈര്യവുമുണ്ട്. ലോകം അത് കാണണം.”
ആ കരുത്ത് പ്രകടമാവുന്നത് മസിലുകൾ പെരുപ്പിച്ച കൈകളായോ ശരീരമായോ ആവണം എന്നില്ല. അത് തികച്ചും സ്വാഭാവികമായ കരുത്താണ്. അന്തോണിസിന്റെ ഹസ്തദാനം ഇരുമ്പുകൈകളുടെ പിടുത്തം പോലെയാണ് അനുഭവപ്പെടുക. “ഞങ്ങളുടേത് മെയ് വഴക്കമുള്ള ശരീരമാണ്. കാരണം കടലിൽ പോകുന്ന സമയം ബോട്ടിൽ നിൽക്കുമ്പോൾ കാലുകൾക്ക് നല്ല വേഗത വേണം. വലകൾ ദൂരേക്ക് എറിയാൻ തക്ക കരുത്തും അവ തിരികെ വലിച്ചെടുക്കാൻ ശക്തിയും വേണം. സഞ്ജുവിന് അത് പാരമ്പര്യമായി കിട്ടിയതാണ്,” അദ്ദേഹം പറയുന്നു. അന്തോണീസിനെ പോലെ തന്നെ സഞ്ജുവിനും ബലമുള്ള കൈകളും ഉറച്ച തോളുകളുമാണുള്ളത്.
മുത്തച്ഛൻ പേരക്കുട്ടികളെയും കൂട്ടി കടൽത്തീരത്തേക്ക് പോകുന്നത് നാട്ടുകാർക്ക് പതിവ് കാഴ്ചയായിരുന്നു. അന്തോണീസ് ഈ പ്രദേശത്തെ ഒരു ജനപ്രിയ വ്യക്തിയായിരുന്നു. സഞ്ജുവും അങ്ങനെ തന്നെ. അവർ പോകുന്ന വഴിയിൽ ബെന്നി പെരേരയുടെ കടയ്ക്ക് മുന്നിലെത്തുമ്പോൾ നിൽക്കും.
“ചിലപ്പോഴൊക്കെ ഞാൻ സഞ്ജുവിന് മിഠായിയോ സോഡയോ കൊടുക്കും. എന്നാൽ സഞ്ജു എപ്പോഴും അടുത്ത കളി എപ്പോഴാണെന്നതിനെക്കുറിച്ചാണ് ചോദിക്കാറുള്ളത്. ഞാൻ സഞ്ജുവിന്റെ അച്ഛന്റെ സുഹൃത്തായിരുന്നു. അദ്ദേഹത്തോടൊപ്പം ഫുട്ബോൾ കളിച്ചിട്ടുമുണ്ട്. സഞ്ജുവിന് എപ്പോഴും എന്തെങ്കിലും ഒരു കളി കളിക്കണം എന്നേ ഉണ്ടായിരുന്നുള്ളൂ. ഒന്നല്ലെങ്കിൽ മറ്റൊരു കളി,” ബെന്നി ഓർക്കുന്നു.
തങ്ങളുടെ പഴയ വീട്ടിൽ നിന്നും ഒരു മൈൽ അകലെയുള്ള ബസ് സ്റ്റാൻഡിലേക്ക് സാംസൺ കുടുംബം കിറ്റുകളുമായി കുന്നുകയറി പോകുന്നത് കാണുന്നത് വഴിപോക്കർക്ക് ഒരു കൗതുകമായിരുന്നു. ചിലപ്പോഴൊക്കെ ഏതെങ്കിലും ഓട്ടോറിക്ഷ ഡ്രൈവർമാർ അവർക്ക് ബസ് സ്റ്റാൻഡ് വരെ ലിഫ്റ്റ് നൽകും. അവിടെ നിന്നാണ് അവർ ബിജു ജോർജ്ജ് എന്ന മുതിർന്ന കോച്ച് പരിശീലനം നൽകുന്ന മെഡിക്കൽ കോളേജ് ഗ്രൗണ്ടിലേക്ക് ബസ് കയറുന്നത്. അല്ലെങ്കിൽ ആരെങ്കിലും അവരെ ബൈക്കിന്റെ പിന്നിൽ ഇരുത്തി കൊണ്ടുവിടും.
“ഞങ്ങളുടേത് ഏറെ ഒത്തൊരുമയുള്ള സമൂഹമാണ്. എല്ലാവർക്കും എല്ലാവരെയും അറിയാം. എല്ലാവരും പരസ്പരം സഹായിക്കും. ഒരുപാട് ദുരന്തങ്ങളിലൂടെ കടന്ന് പോയപ്പോൾ ഞങ്ങൾക്ക് ഞങ്ങളുടെ കൂട്ടായ്മ മാത്രമായിരുന്നു താങ്ങ്,” ബെന്നി പറയുന്നു.
തന്നെ വളർത്തിയ ആ തീരത്തേക്ക് മടങ്ങിയെത്തിയ സഞ്ജു രണ്ടാഴ്ച മുൻപ് ഒരു കായിക മേള ഉദ്ഘാടനം ചെയ്യുന്ന വേളയിൽ വികാരാധീനനായി ഇവർക്കെല്ലാം നന്ദി പറഞ്ഞു. “ഞാൻ ഒന്നുമല്ലാതിരുന്ന സമയത്ത്, വെറുമൊരു കുട്ടിയായിരുന്ന കാലത്ത്, ഇന്ത്യയ്ക്ക് വേണ്ടി കളിക്കാൻ എനിക്ക് കഴിയുമെന്ന് പറഞ്ഞ ഒട്ടേറെ മുഖങ്ങളെ ഈ ആൾക്കൂട്ടത്തിനിടയിൽ എനിക്ക് കാണാം. അവരോട് ഞാൻ എന്നും കടപ്പെട്ടിരിക്കുന്നു,” സഞ്ജു പറഞ്ഞു. വേദിയിൽ സഞ്ജുവിന് തൊട്ടടുത്തായി അന്തോണീസ് ഇരിപ്പുണ്ടായിരുന്നു. ജീവിതപ്പോരാട്ടങ്ങൾ നിരവധി കണ്ട അദ്ദേഹത്തിന്റെ കണ്ണുകൾ അപ്പോൾ സന്തോഷം കൊണ്ട് തിളങ്ങി.
“കടലമ്മയുടെയും വിശുദ്ധ അന്തോനീസിന്റെയും അനുഗ്രഹം,” തീരത്തെ പാറക്കൂട്ടങ്ങളിൽ തിരമാലകൾ ആഞ്ഞടിക്കുന്ന ശബ്ദത്തിലേക്ക് കാതോർത്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
Read More: Sanju Samson T20: 'ജീവിതം അതിന്റെ വഴിക്ക് ഒഴുകട്ടെ'; സഞ്ജുവിനേറ്റ തിരിച്ചടിയിൽ വൈകാരികമായി പ്രതികരിച്ച് ചാരുലത
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us