സഞ്ജു സാംസണ് ശ്രീലങ്കയ്ക്കെതിരെ വ്യാഴാഴ്ച നടക്കാനിരിക്കുന്ന രണ്ടാം ട്വന്റി 20 മത്സരത്തില്‍ കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. മുംബൈയില്‍ ചൊവ്വാഴ്ച നടന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ കാല്‍മുട്ടിനേറ്റ പരിക്കാണ് കാരണം. ആദ്യ മത്സരത്തിനു പിന്നാലെ സ്കാനിങ്ങിന് വിധേയനായ സഞ്ജു ഫലം ലഭിക്കാന്‍ മുംബൈയില്‍ തന്നെ തുടരുകയാണെന്നും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപോര്‍ട്ടുകള്‍ പറയുന്നു.
മുംബൈയില്‍ നടന്ന ആദ്യ മത്സരത്തില്‍ ഫീല്‍ഡിങ്ങിനിടെയാണ് സഞ്ജുവിന് പരിക്കേറ്റത്. പൂനയിലേക്ക് പോയ ഇന്ത്യന്‍ സംഘത്തിനൊപ്പം സഞ്ജു ഇല്ലെന്നാണ് റിപ്പോര്‍ട്ട്. സഞ്ജുവിന് പകരം രാഹുല്‍ ത്രിപാഠി കളിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാലാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങിയ സഞ്ജു നിരാശപ്പെടുത്തിയിരുന്നു. ആറ് പന്തില്‍ അഞ്ച് റണ്‍സെടുത്ത് പുറത്തായത്. ശ്രീലങ്കന്‍ ബാറ്റിങ്ങിനിടെ ഹാര്‍ദിക് പാണ്ഡ്യയുടെ ഓവറില്‍ പാതും നിസങ്ക നല്കിയ ക്യാച്ച് സഞ്ജു കൈവിട്ടിരുന്നു. ക്യാച്ച് കൈയിലൊതുക്കിയശേഷം ഡൈവ് ചെയ്യുമ്പോഴാണ് സഞ്ജുവിന്റെ കൈയില്‍നിന്ന് പന്ത് നിലത്ത് വീണത്.
സഞ്ജു മികച്ച താരമാണെന്നും നല്ല പ്രതിഭയുണ്ടെന്നും പറഞ്ഞ ഗാവസ്കര്‍ ചിലപ്പോഴൊക്കെ ഷോട്ട് തിരഞ്ഞെടുപ്പ് പാളുന്നത് താരത്തിന്റെ വിലയിടിക്കുന്നുണ്ടെന്നും സഞ്ജു നിരാശപ്പെടുത്തിയ മറ്റൊരു സന്ദര്‍ഭം കൂടി കഴിഞ്ഞുപോയിരിക്കുന്നുവെന്നും പറഞ്ഞു. മത്സരത്തില്‍ ശ്രീലങ്കയെ രണ്ട് റണ്‍സിനാണ് ആതിഥേയര്‍ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 162 റണ്‍സാണെടുത്തത്. ലങ്ക അവസാന പന്തില്‍ ലക്ഷ്യത്തിനരികെ 160ല്‍ ഓള് ഔട്ടായി.