തിരുവനന്തപുരം: കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റനെതിരെ കളിക്കാർ നൽകിയ കത്തിൽ കെസിഎയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്ന് സഞ്ജു വി.സാംസൺ. കത്ത് പുറത്തായതിൽ വിഷമമുണ്ടെന്നും സഞ്ജു പറഞ്ഞു. രണ്ടു വർഷം മുൻപ് അച്ചടക്ക നടപടി നേരിടേണ്ടി വന്ന കാലമായിരുന്നു ഏറ്റവും പരീക്ഷണ ഘട്ടം. ആ സമയത്ത് കേരളം വിട്ടു പോയാലോയെന്നും പോലും തോന്നി. പ്രശ്നങ്ങൾ തരണം ചെയ്ത് മുന്നോട്ടുപോവണമെന്ന് പിന്നീട് മനസ്സിലായെന്നും സഞ്ജു പറഞ്ഞു.

തിരുവനന്തപുരം പേരൂർക്കട ഹേൾസ് എച്ച്എസ്എസ് സ്കൂളിലെ എസ്എസ്എൽസി പരീക്ഷയ്ക്ക് മുഴുവൻ എ പ്ലസ് നേടിയ സ്റ്റുഡന്റ് പൊലീസ് കാഡറ്റുകളെ അഭിനന്ദിക്കാൻ എത്തിയതായിരുന്നു സഞ്ജു. അതേസമയം, സച്ചിൻ ബേബിയെ മാറ്റിയാൽ പകരം ക്യാപ്റ്റനാവുമോ എന്ന ചോദ്യത്തോട് സഞ്ജു പ്രതികരിച്ചില്ല.

സച്ചിനെ നായക സ്ഥാനത്തു നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ടീമംഗങ്ങള്‍ കെസിഎയ്ക്ക് കത്ത് നല്‍കിയത്. കത്തില്‍ സഞ്ജു സാംസണടക്കമുള്ള താരങ്ങള്‍ ഒപ്പിട്ടുണ്ട്. കേരള ടീമിലെ പതിനഞ്ച് താരങ്ങളാണ് കത്ത് നല്‍കിയത്.

Read More: ‘സച്ചിന്‍ ബേബിയ്ക്ക് അഹങ്കാരം, ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും പുറത്താക്കണം’; കേരള ടീമില്‍ പൊട്ടിത്തെറി

നായകനെന്ന നിലയില്‍ സച്ചിന്‍ ബേബിയുടെ ആറ്റിറ്റിയൂഡ് ശരിയല്ലെന്നും വളരെ ഗൗരവമായി പരിഗണിക്കേണ്ട വിഷയമാണിതെന്നും കത്തില്‍ പറയുന്നു. ടീമിലെ കളിക്കാരുടെയെല്ലാം താല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് ഈ കത്തെന്നും ടീമംഗങ്ങള്‍ പറയുന്നു. സച്ചിന്‍ ബേബി സ്വാര്‍ത്ഥനാണെന്നാണ് താരങ്ങളുടെ ആരോപണം. ജയിക്കുമ്പോള്‍ അത് സ്വന്തം ക്രെഡിറ്റിലേക്ക് മാറ്റുമെന്നും തോല്‍ക്കുമ്പോള്‍ സഹതാരങ്ങളുടെ മേല്‍ കെട്ടി വയ്ക്കുന്നുവെന്നുമാണ് ആരോപണം.

സച്ചിന്റെ പെരുമാറ്റം കാരണം തങ്ങള്‍ക്ക് സ്വന്തം കളിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നില്ലെന്നും സഹതാരത്തെകുറിച്ച് മറ്റ് താരങ്ങളോട് മോശമായി സംസാരിക്കുന്ന നായകനാണ് സച്ചിന്‍ ബേബിയെന്നും കത്തില്‍ പറയുന്നുണ്ട്. നായകന്റെ മോശം പെരുമാറ്റം കൊണ്ടാണ് പല യുവതാരങ്ങളുടെ മറ്റ് സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് കളിക്കാനിറങ്ങുന്നതെന്നും ടീമിന്റെ നായകസ്ഥാനത്ത് മറ്റൊരാള്‍ വരണമെന്നാണ് എല്ലാ കളിക്കാരുടെയും ആഗ്രഹമെന്നും കത്തില്‍ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook