മുംബൈ: ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സ്ര്-രാജസ്ഥാന്‍ റോയല്‍സ് മത്സരത്തില്‍ മാസ്മരിക ക്യച്ചുമായി സഞ്ജു സാംസണ്‍. മുംബൈയുടെ വെടിക്കെട്ട് താരം ഹാർദ്ദിക് പാണ്ഡ്യയുടെ വിക്കറ്റാണ് സഞ്ജു പറന്നു പിടിച്ചത്. ഐപിഎല്ലിലെ ഏറ്റവും മികച്ച ക്യാച്ചുകളിലെന്നായാണ് സഞ്ജുവിന്റെ പ്രകടനത്തെ വിലയിരുത്തുന്നത്.

ബെന്‍സ്റ്റോക്സ് എറിഞ്ഞ അവസാന ഓവറില്‍ അഞ്ചാം പന്ത് ഹാര്‍ദ്ദിക്ക് ഉയര്‍ത്തി അടിക്കുകയായിരുന്നു. ബൗണ്ടറി ലൈനിലുണ്ടായിരുന്ന സഞ്ജു ഓടി വന്ന് ഒരുമുഴുനീള ഡൈവിലൂടെ പന്ത് കൈപിടിയിലൊതുക്കുകയായിരുന്നു. 20 പന്തില്‍ നിന്നും 36 റണ്‍സുമായി തകര്‍പ്പന്‍ ഫോമിലുള്ള ഹാര്‍ദ്ദിക്ക് ബൗണ്ടറിയ്ക്ക് വേണ്ടി ഉയര്‍ത്തിയടിച്ച പന്താണ് സഞ്ജു കൈപിടിയിലൊതുക്കിയത്.

അതേസമയം, നിര്‍ണായക പോരില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 7 വിക്കറ്റ് ജയം. 169 റണ്‍സ് വിജയ ലക്ഷ്യവുമായിറങ്ങിയ രാജസ്ഥാന് ജോസ് ബട്ലറുടെ മാസ്മരിക ബാറ്റിംങ് പ്രകടനത്തിന്റെ കരുത്തില്‍ അനായാസ ജയം നേടുകയായിരുന്നു.

18 ഓവറില്‍ 3 വിക്കറ്റുകളുടെ നഷ്ടത്തിലാണ് രാജസ്ഥാന്‍ ലക്ഷ്യം മറികടന്നത്. ജോസ് ബട്ലര്‍ 94 റണ്‍സ് നേടി പുറത്താകാതെ നിന്ന് രാജസ്ഥാനെ 7 വിക്കറ്റ് വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

ആദ്യ ഓവറില്‍ ഡാര്‍സി ഷോര്‍ട്ട് പുറത്തായ ശേഷം രണ്ടാം വിക്കറ്റില്‍ ജോസ് ബട്ലര്‍-അജിങ്ക്യ രഹാനെ കൂട്ടുകെട്ട് 95 റണ്‍സാണ് നേടിയത്. ജോസ് ബട്ലര്‍ തന്റെ തുടര്‍ച്ചയായ അഞ്ചാം ഐപിഎല്‍ അര്‍ദ്ധ ശതകം നേടിയപ്പോള്‍ അജിങ്ക്യ രഹാനെ 37 റണ്‍സ് നേടി പുറത്തായി.

നേരത്തെ വാംഖഡെ സ്റ്റേഡിയത്തില്‍ നിര്‍ണ്ണായക മത്സരത്തിനിറങ്ങിയ മുംബൈയ്ക്ക് മികച്ച തുടക്കം ലഭിച്ചിരുന്നു. എന്നാല്‍ തുടരെ നാല് വിക്കറ്റുകള്‍ വീഴ്ത്തി രാജസ്ഥാന്‍ റോയല്‍സ് മത്സരത്തിലേക്ക് തിരികെയെത്തി. പക്ഷെ അവസാന ഓവറുകളില്‍ ബോളര്‍മാരെ വെളളം കുടിപ്പിച്ച് ഹര്‍ദ്ദിക് പാണ്ഡ്യ മുംബൈയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook