ഇംഗ്ലണ്ടിനെതിരായ ടി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ മലയാളികൾ നിരാശരായി. മലയാളികളുടെ പ്രിയതാരം സഞ്ജു സാംസൺ ടീമിൽ ഇടം നേടിയില്ല. മാത്രമല്ല വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻമാരായി റിഷഭ് പന്തും കെ.എൽ.രാഹുലും ഇഷാൻ കിഷനും ടീമിലുണ്ട്.
ഓസ്ട്രേലിയൻ പര്യടനത്തിലുള്ള ടി 20 ടീമിൽ സഞ്ജു ഉണ്ടായിരുന്നു. എന്നാൽ, ഓസീസിനെതിരായ ടി 20 മത്സരങ്ങളിൽ അത്ര മികച്ച പ്രകടനമല്ല താരം നടത്തിയത്. ഇതാണ് ഇംഗ്ലണ്ടിനെതിരായ ടി 20 സ്ക്വാഡിൽ നിന്ന് സഞ്ജുവിനെ ഒഴിവാക്കാൻ പ്രധാന കാരണമായത്. മൂന്ന് ടി 20 മത്സരങ്ങളിൽ യഥാക്രമം 23, 15, 10 എന്നിങ്ങനെയാണ് സഞ്ജു നേടിയ റൺസ്. മാത്രമല്ല മോശം ഷോട്ടുകൾക്ക് ശ്രമിച്ച് വിക്കറ്റ് വലിച്ചെറിയുകയായിരുന്നു താരം. പ്രതിസന്ധി ഘട്ടങ്ങളിൽ സാഹചര്യത്തിനനുസരിച്ച് കളിക്കാൻ സഞ്ജു ശ്രമിക്കുന്നില്ലെന്ന പരാതി ഓസീസ് പര്യടനത്തിൽ ഉയർന്നിരുന്നു.
ഇംഗ്ലണ്ടിനെതിരായ ടി 20 പരമ്പരയിൽ റിഷഭ് പന്ത് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി അന്തിമ ഇലവനിൽ ഇടം പിടിക്കാനാണ് സാധ്യത. പന്ത് ടെസ്റ്റ് ടീമിൽ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു. ഏകദിനത്തിലും ടി 20 യിലും പന്തിനെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യം ഇതിനോടകം ഉയർന്നിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ ടി 20 പരമ്പരയിൽ പന്ത് മികച്ച പ്രകടനം കാഴ്ചവച്ചാൽ ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തുക എന്ന സാധ്യത സഞ്ജുവിൽ നിന്ന് അകലും. യുവതാരം ഇഷാൻ കിഷന് അവസരം നൽകിയതും സഞ്ജുവിന്റെ സാധ്യതകൾ കുറയ്ക്കുന്നു. ഏകദിന ടീമിൽ സഞ്ജുവിന് അവസരം ലഭിക്കാനുള്ള സാധ്യതയും വിദൂരമാണ്.
Read Also: ഉഗ്രൻ ബാറ്റിങ്ങുമായി ഉത്തപ്പ; വിജയ് ഹസാരെയിൽ കേരളത്തിന് വിജയത്തുടക്കം
ഇന്ത്യയ്ക്കായി ഏഴ് ടി 20 മത്സരങ്ങൾ മാത്രം കളിച്ച സഞ്ജു 83 റൺസാണ് ആകെ നേടിയിരിക്കുന്നത്. 23 റൺസാണ് ഏറ്റവും ഉയർന്ന സ്കോർ. ബാറ്റിങ്ങിൽ വേണ്ടത്ര മികവ് തെളിയിക്കാൻ സാധിച്ചില്ലെങ്കിലും ഫീൽഡർ എന്ന നിലയിൽ സഞ്ജുവിന് തിളങ്ങാൻ സാധിച്ചിരുന്നു.
ഇംഗ്ലണ്ടിനെതിരായ ടി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: വിരാട് കോഹ്ലി, രോഹിത് ശർമ, കെ.എൽ രാഹുൽ, ശിഖർ ധവാൻ, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, റിഷഭ് പന്ത്, ഇഷാൻ കിഷൻ, യുസ്വേന്ദ്ര ചാഹൽ, വരുൺ ചക്രവർത്തി, അക്ഷർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, രാഹുൽ തെവാട്ടിയ, ടി നടരാജൻ, ഭുവനേശ്വർ കുമാർ, ദീപക് ചാഹർ, നവ്ദീപ് സൈനി, ഷാർദുൽ ഠാക്കൂർ