/indian-express-malayalam/media/media_files/2025/01/22/EXZUUV95aMpy6pgbHzcV.jpg)
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഇന്ത്യയുടെ ടി20 സ്ക്വാഡിനെ പ്രഖ്യാപിച്ചതിന് പിന്നാലെ ഓപ്പണറായി കേരളത്തിന് വേണ്ടി തിളങ്ങി സഞ്ജു സാംസൺ. സയിദ് മുഷ്താഖ് അലി ട്രോഫിയിൽ 28 പന്തിൽ നിന്ന് 46 റൺസ് ആണ് അടിച്ചെടുത്തത്. എട്ട് ഫോറും ഒരു സിക്സും കേരളത്തിന്റെ ക്യാപ്റ്റന്റെ ബാറ്റിൽ നിന്ന് വന്നു. ഷറഫുദ്ധീന്റെ കൂറ്റനടികളും ആസിഫിന്റെ മൂർച്ചയേറിയ പന്തുകളും വന്നതോടെ സൂര്യകുമാർ യാദവിന്റെ മുംബൈയെ കേരളം മലർത്തിയടിച്ചു.
സയിദ് മുഷ്ദാഖ് അലി ട്രോഫിയിൽ കേരളത്തെ നയിച്ച സഞ്ജു സാംസൺ എല്ലാ ഇന്നിങ്സിലും ഓപ്പണറായാണ് ഇറങ്ങിയത്. ഡൊമസ്റ്റിക് ക്രിക്കറ്റിൽ ഓപ്പണിങ്ങിൽ മികവ് കാണിച്ചിട്ടും സഞ്ജുവിനെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലും മധ്യനിരയിലേക്ക് മാറ്റുമോ അതോ ബെഞ്ചിലിരുത്തുമോ എന്നാണ് ആരാധകരുടെ ചോദ്യം.
ടീം മാനേജ്മെന്റ് വിയർക്കും
അഞ്ച് മത്സരങ്ങളിൽ ആണ് സഞ്ജു സാംസൺ ഇതുവരെ സയിദ് മുഷ്താഖ് അലി ട്രോഫിയിൽ കളിച്ചത്. 51, 19, 43, 1, 46 എന്നിങ്ങനെയാണ് സഞ്ജുവിന്റെ സ്കോർ. മൂന്ന് ഇന്നിങ്സുകളിലും പവർപ്ലേയിൽ സ്ട്രൈക്ക്റേറ്റ് ഉയർത്തി കളിക്കാൻ സഞ്ജുവിന് സാധിച്ചു. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ സഞ്ജുവിനെ മധ്യനിരയിലേക്ക് ഇറക്കിയാൽ സയിദ് മുഷ്താഖ് അലി ട്രോഫിയിലെ ഓപ്പണിങ് പ്രകടനം ചൂണ്ടി സെലക്ടർമാർക്കും ടീം മാനേജ്മെന്റിനും നേരെ ചോദ്യം ഉയരും.
Also Read; IND vs SA; 10 ഓവറിൽ 55 റൺസ് മാത്രം; ഇന്ത്യയെ തോൽപ്പിച്ചത് ബാറ്റർമാർ
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടി20യിലും ശുഭ്മാൻ ഗില്ലിന് സ്കോർ ഉയർത്താൻ സാധിച്ചില്ലെങ്കിൽ ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന ക്യാപ്റ്റന് മേലുള്ള സമ്മർദം ശക്തമാവും. അഞ്ചാം സ്ഥാനത്ത് ബാറ്റ് ചെയ്യാൻ തയ്യാറാണ് എന്ന് സഞ്ജു നിലപാട് വ്യക്തമാക്കുന്നുണ്ടെങ്കിലും ലോവർ ഓർഡറിൽ സഞ്ജു കംഫർട്ടബിൾ അല്ല എന്ന് വ്യക്തമാണ്.
ചേട്ടൻ തുടങ്ങി വെച്ചു; പിള്ളേരുടെ തകർപ്പൻ ഫിനിഷ്
സയ്യിദ് മുഷ്താഖ് അലി ട്വൻ്റി 20 ടൂർണ്ണമെൻ്റിലേക്ക് വരുമ്പോൾ മുംബൈയ്ക്കെതിരെ 15 റൺസിനാണ് കേരളം ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 178 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ 19.4 ഓവറിൽ 163 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. എൻ എം ഷറഫുദ്ദീൻ്റെ ഓൾ റൗണ്ട് മികവും കെ എം ആസിഫിൻ്റെ ഉജ്ജ്വല ബൗളിങ്ങുമാണ് കേരളത്തിന് വിജയം ഒരുക്കിയത്. കഴിഞ്ഞ സീസണിലും സയ്യിദ് മുഷ്താഖ് അലി ടൂർണ്ണമെൻ്റിൽ കേരളം മുംബൈയെ തോല്പിച്ചിരുന്നു. ഷറഫുദ്ദീനാണ് പ്ലെയർ ഓഫ് ദി മാച്ച്.
Also Read; മാർക്രമിന്റെ സെഞ്ചുറി; ബ്രെവിസിന്റെ വെടിക്കെട്ട്; റൺമല താണ്ടി ദക്ഷിണാഫ്രിക്ക
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തിന് സഞ്ജു സാംസൻ മികച്ച തുടക്കമാണ് നല്കിയത്. രോഹൻ കുന്നുമ്മൽ രണ്ട് റൺസെടുത്ത് പുറത്തായി. തുടർന്ന് മധ്യനിരയിൽ മുഹമ്മദ് അസറുദ്ദീനും വിഷ്ണു വിനോദും ചേർന്ന 65 റൺസിൻ്റെ കൂട്ടുകെട്ടാണ് കേരളത്തിന് കരുത്ത് പകർന്നത്.
വിഷ്ണു വിനോദ് 40 പന്തിൽ 43 റൺസും മുഹമ്മദ് അസറുദ്ദീൻ 25 പന്തുകളിൽ 32 റൺസും നേടി. അവസാന ഓവറുകളിൽ കൂറ്റനടികളുമായി കളം നിറഞ്ഞ ഷറഫുദ്ദീൻ്റെ പ്രകടനവും ശ്രദ്ധേയമായി. 15 പന്തുകളിൽ അഞ്ച് ഫോറും രണ്ട് സിക്സുമടക്കം 35 റൺസുമായി പുറത്താകാതെ നിന്ന ഷറഫുദ്ദീൻ്റെ ഇന്നിങ്സാണ് കേരളത്തിൻ്റെ സ്കോർ 178ൽ എത്തിച്ചത്.
രഹാനെയെ വീഴ്ത്തി വിഘ്നേഷ് പുത്തൂർ
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈയ്ക്ക് ആദ്യ ഓവറിൽ തന്നെ മൂന്ന് റൺസെടുത്ത ആയുഷ് മാത്രെയുടെ വിക്കറ്റ് നഷ്ടമായി. ഈ സീസണിൽ ഇതിനകം തന്നെ രണ്ട് സെഞ്ച്വറികളുമായി മികച്ച ഫോമിലുള്ള ആയുഷിനെ ആദ്യ ഓവറിൽ തന്നെ ഷറഫുദ്ദീൻ പുറത്താക്കിയത് കേരളത്തിന് കളിയിൽ മേൽക്കൈ നൽകി. എന്നാൽ സർഫറാസ് ഖാനും അജിൻക്യ രഹാനെയും ചേർന്ന് രണ്ടാം വിക്കറ്റിൽ 80 റൺസ് കൂട്ടിച്ചേർത്തു. 18 പന്തുകളിൽ 32 റൺസെടുത്ത രഹാനയെ വിഘ്നേഷ് പുത്തൂർ മടക്കി. 52 റൺസെടുത്ത സർഫറാസ് ഖാനെ അബ്ദുൾ ബാസിദും പുറത്താക്കി.
Also Read: സഞ്ജു സാംസൺ ടീമിൽ; ഹർദിക് തിരിച്ചെത്തി; പ്രോട്ടീസിനെതിരായ ടി20 സ്ക്വാഡ്
ആസിഫിന് മുൻപിൽ വീണ് സൂര്യകുമാർ യാദവ്
സൂര്യകുമാർ യാദവ് ഒരു വശത്ത് ഉറച്ച് നില്‍ക്കെ, വിജയപ്രതീക്ഷയിലായിരുന്നു അപ്പോഴും മുംബൈ ടീം. എന്നാൽ കെ എം ആസിഫ് എറിഞ്ഞ 18ാം ഓവറാണ് കളിയുടെ ഗതി മാറ്റിയത്. മൂന്ന് വിക്കറ്റാണ് ആസിഫ് ഈ ഓവറിൽ നേടിയത്. ഓവറിലെ ആദ്യ പന്തിൽ സൈറാജ് പാട്ടിലിനെ മടക്കിയ ആസിഫ്, മൂന്നാം പന്തിൽ സൂര്യകുമാർ യാദവിനെയും നാലാം പന്തിൽ ശാർദ്ദൂൽ ഥാക്കൂറിനെയും പറത്താക്കി. 32 റൺസായിരുന്നു സൂര്യകുമാർ നേടിയത്. ഇതോടെ നാല് വിക്കറ്റിന് 148 റൺസെന്ന നിലയിൽ നിന്നും ഏഴ് വിക്കറ്റിന് 149 റൺസെന്ന നിലയിലേക്ക് മുംബൈ തകർന്നടിഞ്ഞു.
അവസാന ഓവറിൽ വീണ്ടും രണ്ട് വിക്കറ്റുകളുമായി ആസിഫ് കേരളത്തിന് വിജയം സമ്മാനിച്ചു. ഹാർദ്ദിക് തമോറെയെയും ഷംസ് മുലാനിയെയുമാണ് ആസിഫ് പുറത്താക്കിയത്. 3.4 ഓവറിൽ 24 റൺസ് മാത്രം വിട്ടുകൊടുത്തായിരുന്നു ആസിഫ് അഞ്ച് വിക്കറ്റ് നേടിയത്. രണ്ട് വിക്കറ്റ് വീഴ്ത്തിയ വിഘ്നേഷ് പൂത്തൂരും കേരള ബൗളിങ് നിരയിൽ തിളങ്ങി.
Read More; പിങ്ക് പാന്തേഴ്സിന്റെ ലാഭം നൂറ് ഇരട്ടി; 2.5 കോടിയിൽ നിന്ന് 105 കോടി; പണം വാരി അഭിഷേക് ബച്ചൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us