ഐപിഎൽ 13-ാം സീസണിൽ നാല് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ മലയാളികൾ ഏറെ സന്തോഷത്തിലാണ്. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിലെ മലയാളി താരം ദേവ്‌ദത്ത് പടിക്കലും രാജസ്ഥാൻ റോയൽസ് താരം സഞ്ജു സാംസണും ആദ്യ മത്സരത്തിൽ തന്നെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അതിൽ സഞ്ജു സാംസൺ നടത്തിയ മിന്നൽപ്രകടനം പ്രത്യേകം ഓർക്കണം.

മഹേന്ദ്ര സിങ് ധോണി രാജ്യാന്തര ക്രിക്കറ്റിൽ നിന്നു പടിയിറങ്ങിയ സാഹചര്യത്തിൽ ഇന്ത്യയ്‌ക്ക് വിശ്വസിക്കാൻ കൊള്ളാവുന്ന ഒരു വിക്കറ്റ് കീപ്പർ ബാറ്റ്‌സ്‌മാൻ അനിവാര്യമാണ്. ഈ സ്ഥാനത്തേക്ക് എന്തുകൊണ്ടും യോഗ്യൻ താൻ തന്നെയാണെന്ന് വ്യക്തമാക്കുന്നതായിരുന്നു രാജസ്ഥാൻ റോയൽസിനു വേണ്ടിയുള്ള സഞ്ജുവിന്റെ പ്രകടനം.

ഇന്നലെ ചെന്നെെ സൂപ്പർ കിങ്‌സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനുവേണ്ടി സഞ്ജു ആദ്യം ബാറ്റ് കൊണ്ട് അവിസ്‌മരണമീയ പ്രകടനം നടത്തി. മൂന്നാമനായി ക്രീസിലെത്തിയ സഞ്ജു അനായാസം ചെന്നൈ ബോളർമാരെ നേരിട്ടു. നിരന്തരം സിക്‌സറുകൾ പായിച്ച സഞ്ജു അതിവേഗം അർധസെഞ്ചുറി തികയ്ക്കുകയും ചെയ്തു. 19 പന്തിലായിരുന്നു താരം അർധശതകം കടന്നത്.

Sanju Samson, സഞ്ജു സാംസൺ, Rajasthan, Rajasthan Royals, RR, Chennai Super Kings, CSK, Fastest fifty, IPL news, IE Malayalam, ഐഇ മലയാളം

സഞ്ജു സാംസൺ ബാറ്റിങ്ങിനിടെ

32 പന്തുകളിൽ നിന്ന് 74 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്. ഇതിൽ ഒൻപത് സിക്‌സറുകളും ഒരു ഫോറും ഉൾപ്പെടുന്നു. ഐപിഎൽ ഈ സീസണിലെ അതിവേഗ അർധ സെഞ്ചുറിയാണ് സഞ്ജു സ്വന്തമാക്കിയത്. സാവധാനം തുടങ്ങിയ സഞ്ജുവിന്റെ ഇന്നിങ്‌സ് അതിവേഗം ഗിയർ മാറ്റി. പിന്നീട് വിക്കറ്റിനു പിന്നിൽ നിന്ന് ചെന്നെെ നായകൻ ധോണി പോലും ആശ്ചചര്യപ്പെട്ടു. ധോണിയെ വിക്കറ്റിനു പിന്നിൽ സാക്ഷി നിർത്തിയാണ് സഞ്ജു മാസ്‌മരിക പ്രകടനം നടത്തിയത്.

Read Also: ഷാർജയിലെ സിക്സർ മഴ; ഐപിഎല്ലിൽ റെക്കോർഡ് തിരുത്തി രാജസ്ഥാൻ-ചെന്നൈ പോരാട്ടം

ഇംഗ്ലീഷ് താരം സാം കറാനെ അടുത്തടുത്ത പന്തുകളിൽ ഫോറും സിക്‌സും പായിച്ച സഞ്ജു പിന്നാലെയെത്തിയ ദീപക് ചാഹറിനെയും ജഡേജയെയും ബൗണ്ടറി പായിച്ചു. എന്നാൽ സഞ്ജുവിന്റെ ബാറ്റിന്റെ ചൂട് നന്നായി അറിഞ്ഞത് ഇന്ത്യയുടെ ലോകകപ്പ് ഹീറോ പിയൂഷ് ചൗളയായിരുന്നു. ചൗള എറിഞ്ഞ എട്ടാം ഏവറിൽ മൂന്ന് സിക്‌സറുകളാണ് സഞ്ജു പായിച്ചത്.

ബാറ്റിങ്ങിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല സഞ്ജുവിന്റെ പ്രകടനം. രാജസ്ഥാൻ റോയൽസിനു വേണ്ടി വിക്കറ്റിനു പിന്നിലും സഞ്ജു ഞെട്ടിച്ചു. വിക്കറ്റിനു പിന്നിൽ നിന്ന് രണ്ട് ക്യാച്, രണ്ട് സ്റ്റംപിങ് ! പുറത്തായത് ഫാഫ് ഡുപ്ലസി, സാം കറാൻ, കേദാർ ജാദവ്, റുതുരാജ് ഗെയ്‌ക്‌വാഡ് എന്നിവരെ. ധോണിക്ക് പകരക്കാരനെ തിരയുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്‌ടേഴ്‌സിനു മുന്നിൽ സഞ്ജു നടത്തിയ പ്രകടനം വരുംദിവസങ്ങളിലും ചർച്ചയാകും. ബിസിസിഐ അധ്യക്ഷൻ ഗാംഗുലിയും സഞ്ജുവിന്റെ ഇന്നിങ്‌സ് ആസ്വദിച്ച് ഗ്യാലറിയിലുണ്ടായിരുന്നു.

പറന്ന്..,പറന്ന്.., വിക്കറ്റിനു പിന്നിൽ സഞ്ജു

ഇന്നലെ മത്സരശേഷം പ്രഖ്യാപിച്ച അഞ്ച് അവാർഡുകളിൽ നാലെണ്ണവും സഞ്ജുവാണ് സ്വന്തമാക്കിയത്. ഐപിഎല്ലിനു മുന്നോടിയായി വലിയ തോതിൽ പരിശീലനം നടത്തിയെന്നും ഡയറ്റ് അടക്കമുള്ള കാര്യങ്ങളിൽ അതീവ ശ്രദ്ധാലുവായിരുന്നെന്നും സഞ്ജു മത്സരശേഷം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook