ആദ്യം ഒഴിവാക്കിയെങ്കിലും അപ്രതീക്ഷിതമായി ഇന്ത്യൻ ടീമിലേക്ക് സഞ്ജുവിന് ലഭിച്ച ക്ഷണം വലിയ പ്രതീക്ഷകളാണ് മലയാളി ക്രിക്കറ്റ് ആരാധകർക്ക് നൽകുന്നത്. വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യ ഇറങ്ങുമ്പോൾ ഗ്രൗണ്ടിൽ സഞ്ജുവും ഉണ്ടാകണമെന്നാണ് പ്രതീക്ഷിക്കുന്നത്. മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ക്യാമ്പിലെത്തിയിരിക്കുകയാണ് താരം. ഹൈദരാബാദിൽ നിന്നുള്ള ചിത്രങ്ങൾ സഞ്ജു തന്നെയാണ് ഇൻസ്റ്റഗ്രമിൽ പങ്കുവച്ചിരിക്കുന്നത്. മൈതാനത്ത് പരിശീലനത്തിനെത്തുന്ന ചിത്രവും ബസിലിരിക്കുന്ന ഒരു ചിത്രവുമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.

View this post on Instagram

A post shared by Sanju Samson (@imsanjusamson) on

ഡിസംബർ ആറ് മുതലാണ് വെസ്റ്റ് ഇൻഡിസിന്റെ ഇന്ത്യൻ പരമ്പര ആരംഭിക്കുന്നത്. ഹൈദരാബാദിലാണ് ആദ്യ ടി20 മത്സരം.

2015ന് ശേഷം ബംഗ്ലാദേശിനെതിരായി ഈ മാസം നടന്ന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയിരുന്നെങ്കിലും ഒരുതവണ പോലും പാഡണിയാൻ അവസരം ലഭിച്ചില്ല. ഇതിന് പിന്നാലെ വിൻഡീസ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽനിന്ന് സഞ്ജുവിനെ ഒഴിവാക്കിയതും വലിയ വിവാദമായിരുന്നു. എന്നാൽ ശിഖർ ധവാന്റെ പരുക്ക് ഒരിക്കൽ കൂടി സഞ്ജുവിന് മുന്നിൽ ഇന്ത്യൻ ടീമിലേക്കുള്ള വാതിൽ തുറന്നിടുകയാണ്.

ആഭ്യന്തര ക്രിക്കറ്റിലെ മിന്നും ഫോമാണ് ഇത്തവണയും സഞ്ജുവിന് അവസരമൊരുക്കിയത്. വിജയ് ഹസാരെ ട്രോഫിയിലെ ഇരട്ട സെഞ്ചുറിയിലൂടെ ഇത്രനാള്‍ തന്നെ കേള്‍ക്കാതിരുന്ന സെലക്ടര്‍മാരുടെ ചെവി തുറക്കുന്നൊരു വെടിക്കെട്ടാണ് സഞ്ജു നടത്തിയത്. ഗോവയ്‌ക്കെതിരായ മത്സരത്തില്‍ പത്ത് സിക്‌സും 21 ഫോറുമടക്കം 212 റണ്‍സാണ് സഞ്ജു നേടിയത്. ഇതോടെ വിജയ് ഹസാരെ ട്രോഫിയിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറെന്ന റെക്കോര്‍ഡും സഞ്ജു തന്റേതാക്കി മാറ്റിയിരുന്നു.

Also Read: IND vs WI: മടങ്ങി വരവിനൊരുങ്ങി സഞ്ജു; കരീബിയൻ പടയെ കീഴ്‌പ്പെടുത്താൻ ഇന്ത്യ

ലിസ്റ്റ് എ ക്രിക്കറ്റില്‍ ഒരു വിക്കറ്റ് കീപ്പര്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് സഞ്ജുവിന്റേത്. പാക്കിസ്ഥാന്റെ ആബിദ് അലിയുടെ 209 റണ്‍സിന്റെ റെക്കോര്‍ഡാണ് സഞ്ജു മറികടന്നത്. ഇസ്ലാമാബാദിനായി പാക്കിസ്ഥാന്‍ നാഷണല്‍ വണ്‍ ഡേയില്‍ പെഷാവറിനെതിരെയായിരുന്നു ആബിദിന്റെ നേട്ടം. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ചുറി നേടുന്ന ആറാമത്തെ ഇന്ത്യന്‍ താരമാണ് സഞ്ജു. നേരത്തെ ഈ നേട്ടം സ്വന്തമാക്കിയത് സച്ചിനും സെവാഗും രോഹിത് ശര്‍മയും കരണ്‍വീര്‍ കൗശലും ശിഖര്‍ ധവാനുമാണ്. ആഭ്യന്തര ക്രിക്കറ്റില്‍ ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണു സഞ്ജു. ഇതിന് തൊട്ടുമുമ്പ് കാര്യവട്ടത്ത് നടന്ന ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരെ നടന്ന മത്സരത്തിലും സഞ്ജു മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. 48 പന്തുകളില്‍ നിന്നും 91 റണ്‍സുമായി സഞ്ജു കാര്യവട്ടത്ത് നിറഞ്ഞാടി.

മൂന്ന് മത്സരങ്ങളടങ്ങുന്നതാണ് വെസ്റ്റ് ഇൻഡീസിന്റെ ഇന്ത്യൻ പര്യടനത്തിലെ ടി20 പരമ്പര. ഇതിൽ രണ്ടാം മത്സരം നടക്കുന്നത് കേരളത്തിലാണ്. തിരുവനന്തപുരം ഗ്രീൻഫീൾഡ് സ്റ്റേഡിയത്തിലേക്ക് ഒരു വർഷത്തിന് ശേഷം വീണ്ടും മറ്റൊരു രാജ്യാന്തര മത്സരം മടങ്ങിയെത്തുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook