ഇന്ത്യയുടെ ദേശീയ ക്രിക്കറ്റ് ടീമിൽ സ്ഥിര സാനിധ്യമാകാൻ കാത്തിരിക്കുന്ന താരമാണ് സഞ്ജു സാംസൺ. ക്രിക്കറ്റ് ഇതിഹാസങ്ങളുൾപ്പടെ പലരും മലയാളി താരത്തിന്റെ ബാറ്റിങ് പ്രതിഭയേയും കളി മികവിനെയും പ്രശംസിച്ചിട്ടുണ്ട്. എന്നാൽ മറ്റ് താരങ്ങൾക്ക് ലഭിച്ചത്ര അവസരം ഇന്ത്യൻ ടീമിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ സഞ്ജുവിന് ലഭിച്ചില്ല എന്ന വിമർശനവും ഉയരാറുണ്ട്.
എംഎസ് ധോണി രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുത്തപ്പോൾ സഞ്ജുവിന് അവസരം ലഭിക്കുമെന്ന് കരുതിയെങ്കിലും റിഷഭ് പന്തിനായിരുന്നു സെലക്ടർമാർ പരിഗണന നൽകിയത്. പന്ത് പരുക്കിന് പിടിയിലായതോടെ മുൻനിര ബാറ്റ്സ്മാൻ കൂടിയായ കെഎൽ രാഹുൽ ഒന്നാം നമ്പർ വിക്കറ്റ് കീപ്പറാവുകയായിരുന്നു. അതേസമയം സഞ്ജുവിനെ കളിപ്പിക്കാത്തതിൽ വലിയ അമർഷം ആരാധകർ പങ്കുവയ്ക്കുകയും ചെയ്തു. പലപ്പോഴും ക്രിക്കറ്റ് ആരാധകര്‍ സഞ്ജുവിന്റേയും പന്തിന്റേയും പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ ഏറ്റുമുട്ടി.
Also Read: ‘മുട്ടി മുട്ടി’ ഗവാസ്‌കർ; ഏകദിന ലോകകപ്പാണെന്ന് മറന്നു, 45 വർഷം പിന്നിട്ട ഇന്നിങ്‌സ്
എന്നാൽ തനിക്ക് അങ്ങനെ ഒരു മത്സരം ഉള്ളതായി തോന്നിയിട്ടില്ലെന്നാണ് സഞ്ജു പറയുന്നത്. പന്തിനൊപ്പം കളിക്കാൻ താൻ ആഗ്രഹിക്കുന്നതായും സഞ്ജു വ്യക്തമാക്കി.
“ടീമിലെ കോമ്പിനേഷനെ അടിസ്ഥാനമാക്കിയാണ് ഇതെല്ലാമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. മറ്റ് താരങ്ങളെ നോക്കിയല്ല ക്രിക്കറ്റ് കളിക്കേണ്ടത്. എല്ലവരും എന്റെയും പന്തിന്റെയും തമ്മിലുള്ള മത്സരത്തെക്കുറിച്ച് പറയുമ്പോൾ ഞാനും പന്തും ഒന്നിച്ച് മത്സരിക്കുന്നതിനെക്കുറിച്ചാണ് ഞാൻ ചിന്തിക്കുന്നത്.” സഞ്ജു പറഞ്ഞു.
Also Read: സച്ചിനെ 91 ൽ പുറത്താക്കിയതിനു പിന്നാലെ വധഭീഷണി; വെളിപ്പെടുത്തലുമായി ഇംഗ്ലണ്ട് മുൻ പേസർ
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒരു ടീമിനായി ഇരുവരും ഒന്നിച്ചിറങ്ങിയിരുന്നു. 2016, 2017 സീസണുകളിൽ ഡൽഹിയുടെ മിന്നും താരങ്ങളായിരുന്ന ഇരുവരും പല മത്സരങ്ങളിലും ഡൽഹിയെ വിജയത്തിലുമെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. അന്ന് പന്തായിരുന്നു വിക്കറ്റ് കീപ്പറെങ്കിലും ബാറ്റിങ്ങിലും ഫീൽഡിങ്ങിലും സഞ്ജു മിന്നി. ഒരു മത്സരത്തിൽ ഇരുവരും ചേർന്ന് 63 പന്തിൽ 143 റൺസിന്റെ കൂട്ടുകെട്ടും തീർത്തിരുന്നു.