ഇന്ത്യൻ ക്രിക്കറ്റ് ഏറെ പ്രതീക്ഷയർപ്പിക്കുന്ന താരങ്ങളിലൊരാളാണ് സഞ്ജു സാംസൺ. വിക്കറ്റിന് മുന്നിലും പിന്നിലും ഒരുപോലെ തിളങ്ങാൻ സാധിക്കുന്ന താരം വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്റെ റോളിൽ ഇതിനോടകം തന്നെ തന്റെ മികവ് തെളിയിച്ചു കഴിഞ്ഞു. രാജ്യാന്തര വേദികളിൽ അധികം അവസരം ലഭിച്ചിട്ടില്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റിലെയും ഐപിഎല്ലിലെയും മിന്നും പ്രകടനത്തിലൂടെ സെലക്ടർമാരുടെ റഡാറിൽ തന്നെ നിലയുറപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. എംഎസ് ധോണി പാഡഴിക്കുന്നതോടെ റിഷഭ് പന്തിനൊപ്പം തന്നെ സീനിയർ ടീമിലേക്ക് പരിഗണിക്കപ്പെടുന്ന താരമാണ് സഞ്ജു.

Also Read: കോവിഡ്-19: ശ്രീലങ്കയ്ക്ക് പുറമെ ഇന്ത്യയുടെ സിംബാബ്‌വെ പര്യടനവും ഉപേക്ഷിച്ചു

അടുത്തിടെ ഒരു അഭിമുഖത്തിൽ എംഎസ് ധോണിയും ആദം ഗിൽക്രിസ്റ്റും എങ്ങനെയാണ് തന്നിലെ വിക്കറ്റ് കീപ്പറെ സ്വാധീനിച്ചതെന്ന് മനസ് തുറന്നിരിക്കുകയാണ്. ഇക്കാലത്ത് വിക്കറ്റ് കീപ്പർമാർ മികച്ച ബാറ്റ്സ്മാന്മാർ കൂടിയായിരിക്കണമെന്നാണ് സഞ്ജു പറയുന്നത്. നേരത്തെ അങ്ങനെയല്ലായിരുന്നെന്നും 90കളിൽ ഗിൽക്രിസ്റ്റ് ഇന്നിങ്സ് ഓപ്പൺ ചെയ്യാൻ തുടങ്ങിയതോടെയാണ് കാര്യങ്ങൾ മാറിയതെന്നും സഞ്ജു പറഞ്ഞു.

Also Read: ഐപിഎൽ നടത്താനുള്ള എല്ലാ സാധ്യതകളും പരിശോധിക്കും: സൗരവ് ഗാംഗുലി

“ഇന്ന് വിക്കറ്റ് കീപ്പർമാർ മുൻനിര ബാറ്റ്സ്മാന്മാർ കൂടിയാണ്. ലോകത്ത് ആരെയെടുത്താലും വിക്കറ്റ് കീപ്പർമാരെല്ലാം മികച്ച ബാറ്റ്സ്മാന്മാർ തന്നെയാണ്. ഇന്നിങ്സ് ഓപ്പൺ ചെയ്തുകൊണ്ട് ആദം ഗിൽക്രിസ്റ്റാണ് ഈ പട്ടികയ്ക്ക് തുടക്കമിട്ടത്. മധ്യനിരയിൽ എംഎസ് ധോണിയും സമാന പ്രകടനമാണ് പുറത്തെടുത്തത്,” സഞ്ജു പറഞ്ഞു.

ധോണിയുടെ ശാന്തതയും പ്രയാസമേറിയ സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ഫോക്കസും തന്നെ സ്വാധീനിച്ചിട്ടുണ്ടെന്നും പലപ്പോഴും താൻ ബാറ്റ് ചെയ്യുമ്പോഴും ആ ശാന്തത കൊണ്ടുവരാനും ശ്രമിക്കാറുണ്ടെന്ന് സഞ്ജു കൂട്ടിച്ചേർത്തു. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഐസിസിയുടെ പരിഷ്കാരങ്ങൾ വിക്കറ്റ് കീപ്പിങ്ങിൽ വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം അഭിപ്പ്രായപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook