തിരുവനന്തപുരം: ഇന്ത്യൻ ദേശീയ ടീമിലേക്ക് വീണ്ടും ക്ഷണം ലഭിച്ചതിൽ സന്തോഷം പങ്കുവച്ച് മലയാളി താരം സഞ്ജു സാംസൺ. നാല് വർഷത്തെ ഇടവേളക്കു ശേഷം വീണ്ടും ഇന്ത്യൻ ടീമിൽ തിരിച്ചെത്തുമ്പോൾ തികഞ്ഞ ആത്മവിശ്വാസത്തിലാണ് താരം. കിട്ടുന്ന അവസരങ്ങൾ ചെറുതായാലും വലുതായാലും പരമാവധി ഉപയോഗിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് സഞ്ജു ഇന്ത്യൻ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.
“ഞാൻ ഭാവിയെ പറ്റി ഇപ്പോൾ കൂടുതൽ ചിന്തിക്കുന്നില്ല. കിട്ടുന്ന അവസരങ്ങൾ ചെറുതായാലും വലുതായാലും പരമാവധി ഉപയോഗിക്കുക എന്നതാണ് ലക്ഷ്യം. എപ്പോഴും വലിയ സ്കോറുകൾ നേടാനാവുമെന്നു ചിന്തിക്കുന്നത് വിഡ്ഢിത്തമാണ്. ഓരോ കളിയും വ്യത്യസ്തമാണ്, കളിയുടെ ഗതിയും, സമ്മർദ്ദവും എല്ലാം വലിയ ഘടകങ്ങളാണ്. അതുകൊണ്ടു തന്നെ കിട്ടുന്ന അവസരം ടീമിന് വേണ്ടി പരമാവധി ഉപയോഗപ്പെടുത്തുക എന്നതിലാണ് കാര്യം ” സഞ്ജു പറഞ്ഞു.
Also Read: ‘തിരുമ്പി വന്തിട്ടേന്‍ ഡാ…’; നാല് വര്‍ഷത്തിന് ശേഷം സഞ്ജുവിന് രണ്ടാമൂഴം
2015 ജൂലൈയ്ക്ക് ശേഷം ഇതാദ്യമായാണ് സഞ്ജു ഇന്ത്യന്‍ ടീമിലെത്തുന്നത്. ആഭ്യന്തര ക്രിക്കറ്റിലെ സഞ്ജുവിന്റെ പ്രകടനം ക്രിക്കറ്റ് ലോകത്ത് ശ്രദ്ധ നേടിയിരുന്നു. വിജയ് ഹസാരെ ട്രോഫിയിലെ ഇരട്ട സെഞ്ചുറിയാണ് രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള വാതിൽ വീണ്ടും സഞ്ജുവിന് മുന്നിൽ തുറന്നത്. ഗോവയ്‌ക്കെതിരായ മത്സരത്തില്‍ പത്ത് സിക്‌സും 21 ഫോറുമടക്കം 212 റണ്‍സാണ് സഞ്ജു നേടിയത്. ഇതോടെ വിജയ് ഹസാരെ ട്രോഫിയിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറെന്ന റെക്കോര്‍ഡും സഞ്ജു തന്റേതാക്കി മാറ്റിയിരുന്നു.
ലിസ്റ്റ് എ ക്രിക്കറ്റില്‍ ഒരു വിക്കറ്റ് കീപ്പര്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് സഞ്ജു നേടിയത്. പാക്കിസ്ഥാന്റെ അബിദ് അലിയുടെ 209 റണ്‍സിന്റെ റെക്കോര്‍ഡാണ് സഞ്ജു മറികടന്നത്. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ചുറി നേടുന്ന ആറാമത്തെ ഇന്ത്യന്‍ താരമാണ് സഞ്ജു.നേരത്തെ ഈ നേട്ടം സ്വന്തമാക്കിയത് സച്ചിനും സെവാഗും രോഹിത് ശര്‍മയും കരണ്‍വീര്‍ കൗശലും ശിഖര്‍ ധവാനുമാണ്. ആഭ്യന്തര ക്രിക്കറ്റില്‍ ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണു സഞ്ജു.
Also Read: സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍; ബംഗ്ലാദേശിനെതിരായ പരമ്പരകള്‍ക്കുള്ള ടീം പ്രഖ്യാപിച്ചു
ഇതുവരെ കളിച്ച ശൈലി തുടരുമെന്നും സഞ്ജു പറഞ്ഞു. തന്റെ പ്രകടനങ്ങളുടെ മികവ് തന്നെയാണ് ടീമിലേക്ക് തിരഞ്ഞെടുത്തതെന്ന് പൂർണ വിശ്വാസമുണ്ട്. അതുകൊണ്ടു തന്നെ കളി ശൈലിയിലോ കളിയോടുള്ള കാഴ്ചപാടിലോ മാറ്റം വരുത്തേണ്ടതില്ല എന്ന് തന്നെയാണ് തോന്നുന്നതെന്നും സഞ്ജു പറഞ്ഞു.
ആരാധകരുടെ ദീര്‍ഘനാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് സഞ്ജു ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയെങ്കിലും സഞ്ജുവിന് കളിക്കാന്‍ സാധിക്കുമോ എന്നത് കണ്ടറിയേണ്ട ഒന്നാണ്. പ്രത്യേകിച്ച് നാല് അഞ്ച് സ്ഥാനങ്ങളിലേക്ക് നോട്ടമിട്ട് സഞ്ജുവിന് പുറമെ ശ്രേയസും ഋഷഭ് പന്തും മനീഷ് പാണ്ഡെയും ടീമിലെത്തുമ്പോള്‍. എന്തായാലും താരവും ആരാധകരും പ്രതീക്ഷയിൽ തന്നെയാണ്, നീല കുപ്പായത്തിൽ വീണ്ടും മലയാളി താരം കളിക്കുമെന്ന പ്രതീക്ഷയിൽ.