വിവാഹശേഷമുളള ആദ്യ ഓണം ഭാര്യ ചാരുലതയ്ക്കൊപ്പം ആഘോഷിച്ച് ക്രിക്കറ്റ് താരം സഞ്ജു സാംസൺ. എല്ലാവർക്കും ഓണദിനാശംസകൾ നേർന്നുകൊണ്ടാണ് ഭാര്യയ്ക്കൊപ്പമുളള ചിത്രങ്ങൾ സഞ്ജു ഇൻസ്റ്റഗ്രാമിൽ പങ്കുച്ചത്. കേരളീയ വേഷത്തിലായിരുന്നു ഇരുവരും. സ്വന്തം വീട്ടിൽ നിങ്ങളുടെ ഇഷ്ട തോഴിക്കൊപ്പം ഓണം ആഘോഷിക്കുകയെന്നത് സന്തോഷകരമാണെന്നാണ് സഞ്ജു ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
ഓണാഘോഷ ചിത്രങ്ങൾ സഞ്ജുവിന്റെ ഭാര്യ ചാരുലതയും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.
ഉത്രാട ദിനത്തിലും എല്ലാവർക്കും ഉത്രാട ദിനാശംസകൾ നേർന്നുകൊണ്ട് സഞ്ജു ഭാര്യയ്ക്കൊപ്പമുളള ചിത്രങ്ങൾ പങ്കുവച്ചിരുന്നു. കേരളീയ വേഷം അണിഞ്ഞുളള തങ്ങളുടെ ചിത്രങ്ങൾ സഞ്ജു തന്റെ ഇൻസ്റ്റഗ്രാം പേജിലാണ് പങ്കുവച്ചത്.
കഴിഞ്ഞ ഡിസംബർ 22 നായിരുന്നു സഞ്ജുവും ചാരുലതയും വിവാഹിതരായത്. കോവളത്തെ ഒരു സ്വകാര്യ ഹോട്ടലില്‍ വച്ച് സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.
അഞ്ചു വർഷം രഹസ്യമാക്കി വച്ചിരുന്ന പ്രണയം. സോഷ്യൽ മീഡിയയിലെ രസകരമായൊരു പോസ്റ്റിലൂടെയാണ് സഞ്ജു തന്റെ പ്രണയം പുറംലോകത്തെ അറിയിച്ചത്.
Read Also: ആ പന്ത് പൊട്ടിയോ നോക്കട…; ബൗൺസർ തലയിൽ കൊണ്ടതിന് ശേഷം ധവാൻ സഞ്ജുവിനോട് പറഞ്ഞത്
”2013 ഓഗസ്റ്റ് 22-ാം തീയതി രാത്രി 11.11ന് ഞാനവൾക്ക് ആദ്യമായി ‘ഹായ്’ എന്ന് മെസേജ് അയച്ചു. അന്നു മുതൽ 5 വർഷമായി അവൾക്കൊപ്പമുളള ഒരു ചിത്രം പോസ്റ്റ് ചെയ്യാൻ ഞാൻ കാത്തിരിക്കുകയായിരുന്നു. വളരെ സ്പെഷ്യൽ ആയ ഒരു പെൺകുട്ടിയുമായി പ്രണയത്തിലാണെന്ന് ഇന്ന് ഞാൻ ലോകത്തോട് വിളിച്ചു പറയുകയാണ്. ഞങ്ങൾ ഇരുവരും ഒരുമിച്ച് സമയം ചെലവഴിച്ചു, പക്ഷേ ഞങ്ങൾക്കൊരിക്കലും പൊതുജനമധ്യത്തിൽ ഒരുമിച്ച് നടക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഇന്നു മുതൽ ഞങ്ങൾക്ക് അതിന് കഴിയും. ഞങ്ങളുടെ ബന്ധം അംഗീകരിച്ച മാതാപിതാക്കളോട് ഞാൻ നന്ദി പറയുന്നു. ചാരുവിനൊപ്പമുളള ഓരോ നിമിഷവും ഞാൻ സന്തോഷവാനാണ്. ചാരുവിനെപ്പോലെ വളരെ സ്പെഷ്യൽ ആയ ഒരു പെൺകുട്ടിയെ കിട്ടിയത് അനുഗ്രഹമാണ്”’, ഇതായിരുന്നു സഞ്ജുവിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്.