സ്വപ്‌നതുല്യമായിട്ടാണ് സഞ്ജു ഈ ഐപിഎല്‍ സീസണ്‍ തുടങ്ങിയത്. രാജസ്ഥാന്‍ റോയല്‍സ് നാല് സീസണുകള്‍ പൂര്‍ത്തിയാക്കുമ്പോള്‍ രണ്ടിലും മാന്‍ ഓഫ് ദ മാച്ചും സഞ്ജു തന്നെയായിരുന്നു. മലയാളി താരത്തിന്റെ പ്രകടനത്തെ അഭിനന്ദിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്സും വരെ രംഗത്തെത്തിയിരുന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ 42 പന്തില്‍ നിന്നും 95 റൺസ് നേടിയ സഞ്ജുവിന്റെ പ്രകടനമായിരുന്നു രാജസ്ഥാന് വിജയം സമ്മാനിച്ചത്.

വിരാട് കോഹ്‌ലിയുടേയും എബി ഡിവില്ലിയേഴ്‌സിന്റേയും അഭിനന്ദനം ലഭിച്ചതിന്റെ സന്തോഷത്തിലാണ് സഞ്ജു. വിരാട് ഭായിയേയും ഡിവില്ലിയേഴ്‌സിനേയും പോലുള്ള ലോകത്തെ ഏറ്റവും മികച്ച താരങ്ങള്‍ അഭിനന്ദിക്കുന്നത് പറഞ്ഞറിയിക്കാനാവാത്ത വികാരമാണെന്നും എല്ലാത്തിനും നന്ദി പറയുന്നത് ഐപിഎല്ലിനോടാണെന്നും സഞ്ജു പറയുന്നു. ഐപിഎല്ലില്ലായിരുന്നുവെങ്കില്‍ തനിക്ക് ലോകോത്തര താരങ്ങള്‍ക്കൊപ്പം കളിക്കാന്‍ സാധിക്കില്ലായിരുന്നുവെന്നും താരം പറയുന്നു.

അതേസമയം, ഇത് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന അവസരമാണെന്നും താന്‍ അനുഗ്രഹീതനാണെന്നും സഞ്ജു പറയുന്നു. ദൈവം നല്‍കിയ കഴിവ് കൂടുതല്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കുമെന്നും ശരിയായ പാതയിലാണുള്ളതെന്നത് സന്തോഷം നല്‍കുന്നതാണെന്നും സഞ്ജു പറഞ്ഞു.

അതേസമയം, ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങി വരവിനെ കുറിച്ച് താന്‍ ചിന്തിക്കാറില്ലെന്നും എല്ലാം സ്വാഭാവികമായി സംഭവിക്കുന്നതാണെന്നും താരം അഭിപ്രായപ്പെട്ടു. 2015 ല്‍ ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കുമ്പോള്‍ അന്തിമ ഇലവനിലുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും താരം വ്യക്തമാക്കി. സെലക്ഷനെ കുറിച്ച് താന്‍ ചിന്തിക്കാറില്ലെന്നും അവസരം എപ്പോഴും ഉണ്ടെന്നും എല്ലാം സ്വാഭാവികമായി സംഭവിക്കുമെന്നുമാണ് സഞ്ജുവിന്റെ അഭിപ്രായം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ