തിരുവനന്തപുരം: ഇന്ത്യന്‍ ടീമിലേക്കുള്ള വിളി ഏതു നിമിഷവും വരുമെന്ന പ്രതീക്ഷയിലാണെന്ന് സഞ്ജു സാംസണ്‍. കാര്യവട്ടത്ത് ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരായ മത്സരത്തിലെ പ്രകടനമാണ് സഞ്ജുവിന് ആത്മവിശ്വാസം നല്‍കുന്നത്.
കരിയറില്‍ താന്‍ എവിടെ എത്തി നില്‍ക്കുന്നുവെന്നത് ബോധ്യപ്പെടുന്നതാണ് മുന്‍ താരങ്ങളായ ഗൗതം ഗംഭീര്‍, ഹര്‍ഭജന്‍ സിങ് തുടങ്ങിയവരുടെ അഭിപ്രായ പ്രകടനങ്ങൾ. ഇവരുടെ പിന്തുണ ആത്മവിശ്വാസം പകരുന്നതാണെന്നും സഞ്ജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
Read More: ചാരുവിനൊപ്പമുളള ഓണാഘോഷ ചിത്രങ്ങൾ പങ്കുവച്ച് സഞ്ജു സാംസൺ
വിജയ് ഹസാര ടൂർണമെന്റിന് ഒരുങ്ങുകയാണ് കേരള ടീം. നേരത്തെയുള്ള ടീമല്ല ഇപ്പോഴത്തേത്. റോബിന്‍ ഉത്തപ്പയുടെ വരവോടെ ടീം കൂടുതല്‍ ശക്തരായി. ഉത്തപ്പയുടെ നായകത്വം ടീമിന് ഗുണകരമാകും. ചെറിയ ടീമെന്ന രീതിയിലല്ല കേരളത്തെ ഇന്ന് മറ്റ് ടീമുകള്‍ കാണുന്നത്.
കാര്യവട്ടത്തെ ആരാധക പിന്തുണയേയും സഞ്ജു എടുത്തു പറഞ്ഞു. നാട്ടില്‍ കളിക്കുമ്പോള്‍ ലഭിക്കുന്ന പിന്തുണ മികച്ചതാണ്. അവരെ നിരാശപ്പെടുത്തരുതെന്നായിരുന്നു ആഗ്രഹം. ശിഖര്‍ ധവാനൊപ്പം കളിക്കുമ്പോള്‍ പോലും തന്റെ പേരായിരുന്നു ഗ്യാലറിയില്‍ നിന്ന് ഉയര്‍ന്നു കേട്ടതെന്നും സഞ്ജു പറഞ്ഞു.