ശ്രീലങ്കയ്ക്കെതിരെ സ്വന്തം മണ്ണിൽ നടന്ന ടി20 പരമ്പര തൂത്തുവാരിയതിന് പിന്നാലെ കിവീസിനെ ന്യൂസിലൻഡിൽ നേരിടാനൊരുങ്ങുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. ഹാർദിക് പാണ്ഡ്യയും രോഹിത് ശർമയുമുൾപ്പടെ പല മുതിർന്ന താരങ്ങളും മടങ്ങിയെത്തുമ്പോൾ യുവതാരങ്ങൾ പുറത്താകും. ഞായറാഴ്ചയാണ് ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുന്നത്.

തുടർച്ചയായ രണ്ട് ഹോം പരമ്പരകൾക്ക് ശേഷമാണ് ഇന്ത്യ 2020ലെ തങ്ങളുടെ ആദ്യ എവേ പരമ്പരയ്ക്ക് ഇറങ്ങുന്നത്. മൂന്ന് ഫോർമാറ്റുകളിലും ഇന്ത്യയും കിവീസും ന്യൂസിലൻഡ് മണ്ണിൽ ഏറ്റുമുട്ടുന്നുണ്ട്. അഞ്ച് ടി20 പരമ്പരകളും മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളും അടങ്ങുന്നതാണ് ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനം.

ഏറെ നാളായി പരുക്കിന്റെ പിടിയിലുള്ള ഹാർദിക് പാണ്ഡ്യയുടെ തിരിച്ചുവരവായിരിക്കും ടീം തെരഞ്ഞെടുപ്പിലെ നിർണായക ഘടകം. കഴിഞ്ഞ സെപ്റ്റംബറിലാണ് ഹാർദിക് പാണ്ഡ്യ അവസാനമായി ഇന്ത്യയ്ക്കുവേണ്ടി ഒരു ടി20 മത്സരം കളിക്കുന്നത്. പരുക്ക് ഭേദമായതോടെ ന്യൂസിലൻഡ് എ ടീമിനെതിരായ മത്സരങ്ങൾക്കുള്ള ഇന്ത്യൻ എ ടീമിൽ പാണ്ഡ്യയെയും ഉൾപ്പെടുത്തിയിരുന്നു. വൈകാതെ തന്നെ താരം സീനിയർ ടീമിലേക്ക് മടങ്ങി വരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ഓപ്പണർ രോഹിത് ശർമയും മടങ്ങിയെത്തുന്നതോടെ സഞ്ജുവിന്റെ നില പരുങ്ങലിലാകും. ഇന്ത്യയുടെ മൂന്ന് ഓപ്പണർമാരും മിന്നും ഫോമിലാണ്. പരുക്കിൽ നിന്ന് മുക്തനായി മടങ്ങിയെത്തിയ ശിഖർ ധവാനും തകർത്തടിക്കാൻ തുടങ്ങിയതോടെ ഇന്ത്യൻ ഇന്നിങ്സ് ഓപ്പൺ ചെയ്യാൻ ആരെയിറക്കുമെന്ന് ആശങ്ക ഉടലെടുത്തിട്ടുണ്ട്. രാഹുലും രോഹിതും ധവാനും സ്ഥാനമുറപ്പിക്കുന്നതോടെ സഞ്ജുവിന് ഇനിയും കാത്തിരിക്കേണ്ടി വരും. ശ്രീലങ്കയ്ക്കെതിരായി ടി20 ടീമിൽ മടങ്ങിയെത്തിയ സഞ്ജു ആദ്യ പന്തിൽ സിക്സർ പായിച്ചെങ്കിലും അടുത്ത പന്തിൽ പുറത്തായത് ആരാധകരെ നിരാശപ്പെടുത്തിയിരുന്നു.

ബാറ്റിങ് ഓർഡറിൽ കോഹ്‌ലി, ശ്രേയസ് അയ്യർ, എന്നിവരാണ് മധ്യനിരയിലെത്തുന്നത്. വിക്കറ്റ് കീപ്പറുടെ റോളിൽ റിഷഭ് പന്തുമെത്തും. മനീഷ് പാണ്ഡെയ്യ്ക്ക ഒരിക്കൽ കൂടി അവസരം നൽകുമ്പോൾ ഓൾറൗണ്ടർമാരായി മുതിർന്ന താരം രവീന്ദ്ര ജഡേജയ്ക്കൊപ്പം ഹാർദിക് പാണ്ഡ്യ എത്തുന്നതോടെ ശിവം ദുബെയ്ക്ക് സ്ഥാനം നഷ്ടമായേക്കും. അതേസമയം ലോകകപ്പ് കൂടി മുന്നിൽ കണ്ട് വാഷിങ്ടൺ സുന്ദറിനെ നിലനിർത്തി ജഡേജയെ ഒഴിവാക്കാനുള്ള സാധ്യതയും തള്ളികളയാനാകില്ല.

ബോളർമാരിൽ ഷമി മടങ്ങിയെത്തുമ്പോൾ ആര് പുറത്തേക്ക് എന്നതാണ് പ്രധാന ചോദ്യം. മുതിർന്ന താരങ്ങളുടെ അഭാവത്തിൽ ടീമിലെത്തിയ നവ്‌ദീപ് സൈനിയും ഷാർദുൽ ഠാക്കൂറും തങ്ങളുടെ മികവ് തെളിയിച്ചു കഴിഞ്ഞു. ശ്രീലങ്കയ്ക്കെതിരെ അവസാന മത്സരത്തിലെ താരമായി ഷാർദുൽ ഠാക്കൂറിനെ തെരഞ്ഞെടുത്തപ്പോൾ പരമ്പരയിലെ താരമായി മാറിയത് സൈനിയായിരുന്നു. ജസ്പ്രീത് ബുംറയ്ക്കും മുഹമ്മദ് ഷമിയ്ക്കുമൊപ്പം സൈനിയെ തന്നെയാകും സെലക്ടർമാർ തെരഞ്ഞെടുക്കുക. സ്‌പിന്നർമാരായി യുസ്‌വേന്ദ്ര ചാഹലും കുൽദീപ് യാദവും തുടരും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook