കോവിഡ് സൃഷ്ടിച്ച ഇടവേളയ്ക്ക് ശേഷം ആഭ്യന്തര ക്രിക്കറ്റും ഇന്ത്യയിൽ പുനഃരാരംഭിച്ചിരിക്കുകയാണ്. സയ്യിദ് മുഷ്തഖ് അലി ട്രോഫിയിൽ ഇന്നലെ നടന്ന കേരള – പുതുച്ചേരി മത്സരം മുൻ ഇന്ത്യൻ താരം ശ്രീശാന്തിന്റെ മടങ്ങി വരവുകൊണ്ട് ഏറെ ശ്രദ്ധേയമായിരുന്നു. നീണ്ട ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ശ്രീശാന്ത് പന്തെറിയുന്നത്. പുതുച്ചേരി ഓപ്പണർ ഫാബിദ് അഹമ്മദിന്റെ കുറ്റി തെറിപ്പിച്ച് താരം മടങ്ങിവരവ് ഗംഭീരമാക്കുകയും ചെയ്തു. അതേസമയം, കേരള നായകൻ കൂടിയായ സഞ്ജുവിന്റെ തകർപ്പൻ പ്രകടനത്തിനും മത്സരം സാക്ഷിയായി. താരത്തിന്റെ ബാറ്റിങ് മാത്രമല്ല, ക്രീസിലെ സംസാരവും ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

മത്സരത്തിൽ ബാറ്റ് ചെയ്യുന്നതിനിടെയാണ് സ്ട്രൈക്ക് എൻഡിൽ നിന്ന് താരത്തിന്റെ ഡയലോഗ്. “ഞാനൊന്നു കൊടുക്കട്ടെ, ജാഡ കാണിക്കുന്നത് കണ്ടില്ലേ…” നോൺ സ്ട്രൈക്ക് എൻഡിലുണ്ടായിരുന്ന സച്ചിൻ ബേബിയോടായിരുന്നു സഞ്ജുവിന്റെ ചോദ്യം. തൊട്ടുപിന്നാലെ അടുത്ത പന്ത് സഞ്ജു ബൗണ്ടറിയും കടത്തി. സ്റ്റംമ്പ് മൈക്കിൽ താരത്തിന്റെ വാക്കുകൾ കൃത്യമായി പതിയുകയായിരുന്നു. ഇത് ഇപ്പോൾ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.

Also Read: ഏഴ് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം ശ്രീശാന്ത് എത്തി; ആദ്യ കളിയിൽ കുറ്റി തെറിപ്പിച്ച് പ്രഹരം, വീഡിയോ

മത്സരത്തിൽ കേരളം ആറു വിക്കറ്റിന്റെ തകർപ്പൻ ജയം സ്വന്തമാക്കുകയും ചെയ്തു. പുതുച്ചേരി ഉയർത്തിയ 139 റൺസ് വിജയലക്ഷ്യം പത്ത് പന്ത് ബാക്കി നിൽക്കെയാണ് കേരളം മറികടന്നത്. 32 റൺസുമായി കേരളത്തിന്റെ ടോപ്പ് സ്കോററായതും നായകൻ സഞ്ജു തന്നെ. 30 റൺസ് നേടിയ മുഹമ്മദ് അസറൂദീനും നായകന് മികച്ച പിന്തുണ നൽകി.

Also Read: പരുക്ക്, ചതി, വംശിയാധിക്ഷേപം; ഇന്ത്യയുടേത് വിജയത്തിന്റെ വിലയുള്ള സമനില

സയദ് മുഷ്‌താഖ് അലി ട്രോഫി പോരാട്ടത്തിലെ ആദ്യ മത്സരത്തിൽ തന്നെ കേരളത്തിനായി ശ്രീശാന്ത് വിക്കറ്റ് സ്വന്തമാക്കി. പുതുച്ചേരി ഓപ്പണർ ഫാബിദ് അഹമ്മദിനെ ശ്രീശാന്ത് ബൗള്‍ഡ് ആക്കുകയായിരുന്നു. ശ്രീശാന്ത് നാല് ഓവറിൽ 29 റൺസ് വഴങ്ങി ഒരു വിക്കറ്റാണ് മത്സരത്തിൽ നേടിയത്. തന്റെ പതിവ് ശെെലിയിലുള്ള ആഹ്ളാദപ്രകടനം വിക്കറ്റ് നേടിയ ശേഷം ശ്രീശാന്ത് ആവർത്തിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook