അഞ്ചു വർഷം രഹസ്യമാക്കി വച്ചിരുന്ന പ്രണയമാണ് സഞ്ജു സാംസൺ ഇന്ന് വെളിപ്പെടുത്തിയത്. സോഷ്യൽ മീഡിയയിലെ രസകരമായൊരു പോസ്റ്റിലൂടെയാണ് സഞ്ജു തന്റെ പ്രണയം പുറംലോകത്തെ അറിയിച്ചത്. തിരുവനന്തപുരം ഗൗരീശപട്ടം സ്വദേശിനിയായ ചാരുലതയാണ് സഞ്ജുവിന്റെ മനം കവർന്ന സുന്ദരി.

Read: ഇനി ‘സഞ്ജുവിന്റെ ചാരത്ത്’ ചാരു; പ്രണയം വെളിപ്പെടുത്തി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍

ചാരുലതയ്ക്ക് ആദ്യമായി താനൊരു മെസേജ് അയച്ച ദിവസവും സമയവും പറഞ്ഞുകൊണ്ടാണ് സഞ്ജുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. ”2013 ഓഗസ്റ്റ് 22-ാം തീയതി രാത്രി 11.11ന് ഞാനവൾക്ക് ആദ്യമായി ‘ഹായ്’ എന്ന് മെസേജ് അയച്ചു. അന്നു മുതൽ 5 വർഷമായി അവൾക്കൊപ്പമുളള ഒരു ചിത്രം പോസ്റ്റ് ചെയ്യാൻ ഞാൻ കാത്തിരിക്കുകയായിരുന്നു. വളരെ സ്പെഷ്യൽ ആയ ഒരു പെൺകുട്ടിയുമായി പ്രണയത്തിലാണെന്ന് ഇന്ന് ഞാൻ ലോകത്തോട് വിളിച്ചു പറയുകയാണ്. ഞങ്ങൾ ഇരുവരും ഒരുമിച്ച് സമയം ചെലവഴിച്ചു, പക്ഷേ ഞങ്ങൾക്കൊരിക്കലും പൊതുജനമധ്യത്തിൽ ഒരുമിച്ച് നടക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഇന്നു മുതൽ ഞങ്ങൾക്ക് അതിന് കഴിയും. ഞങ്ങളുടെ ബന്ധം അംഗീകരിച്ച മാതാപിതാക്കളോട് ഞാൻ നന്ദി പറയുന്നു. ചാരുവിനൊപ്പമുളള ഓരോ നിമിഷവും ഞാൻ സന്തോഷവാനാണ്. ചാരുവിനെപ്പോലെ വളരെ സ്പെഷ്യൽ ആയ ഒരു പെൺകുട്ടിയെ കിട്ടിയത് അനുഗ്രഹമാണ്”’, ഇതായിരുന്നു സഞ്ജുവിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്.

മാർ ഇവാനിയോസ് കോളേജിൽ പഠിക്കുന്ന സമയത്താണ് ചാരുലതയുമായി പ്രണയത്തിലാവുന്നതെന്ന് സഞ്ജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചാരുവിന് അപ്പോൾ എന്നെക്കുറിച്ച് അറിയില്ലായിരുന്നു. പിന്നീടാണ് ഞാൻ ക്രിക്കറ്റ് കളിക്കുമെന്നൊക്കെ മനസ്സിലായത്. പ്രണയം തുറന്നു പറയാൻ വളരെ കഷ്ടപ്പെട്ടിട്ടുണ്ട്. അഞ്ചു വർഷം പ്രണയം ഒളിപ്പിച്ചുവയ്ക്കാൻ രണ്ടുപേരും വളരെ ബുദ്ധിമുട്ടിയെന്നും സഞ്ജു പറഞ്ഞു. അതേസമയം, തന്റെ കോച്ചും ഇന്ത്യ എ ടീം പരിശീലകനുമായ രാഹുൽ ദ്രാവിഡിന് പ്രണയത്തെക്കുറിച്ച് അറിയാമായിരുന്നുവെന്നും സഞ്ജു വ്യക്തമാക്കി.

ശ്രീകാര്യം ലയോള കോളേജിൽ പിജി വിദ്യാർത്ഥിയാണ് ചാരുലത. ക്രിക്കറ്റ് ഇഷ്ടമാണെങ്കിലും തന്റെ ഫാനൊന്നുമല്ല ചാരുലതയെന്നും സഞ്ജു പറഞ്ഞു. ഈ വർഷം വിവാഹം ഉണ്ടാകുമെന്നും സഞ്ജു വ്യക്തമാക്കി. ഓസ്‌ട്രേലിയ എ, ദക്ഷിണാഫ്രിക്ക എ ടീമുകള്‍ ഉള്‍പ്പെട്ട ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ എ ടീമില്‍ ഇടംനേടിയതിന്റെ സന്തോഷത്തിനിടെയാണ് തന്റെ വിവാഹക്കാര്യവും സഞ്ജു വെളിപ്പെടുത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook