ക്യാപ്റ്റൻ സഞ്ജു വി സാംസൺ മുന്നിൽ നിന്ന് നയിച്ചപ്പോൾ ശ്രീലങ്കയ്ക്ക് എതിരായ മത്സരത്തിൽ ബോർഡ് പ്രസിഡന്റ്സ് ഇലവൻ സന്നാഹ മത്സരത്തിൽ സമനില പിടിച്ചു. ഇന്ത്യയ്ക്ക് എതിരായ പരമ്പരയ്ക്ക് എത്തിയ ലങ്കയ്ക്ക് എതിരെ കൊൽക്കത്തയിലാണ് ബോർഡ് ഇലവൻ സനാഹ മത്സരം കളിച്ചത്.

ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 411 നെതിരെ ബാറ്റ് വീശിയ ബോർഡ് ഇലവൻ 75 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 287 റൺസ് എടുത്തു. ഇതോടെ ദ്വിദിന മത്സരം സമനിലയിൽ പിരിയുകയായിരുന്നു. തുടക്കത്തിലേ വിക്കറ്റുകൾ നഷ്ടപ്പെട്ട് തോൽവിയിലേക്ക് നീങ്ങിയ ബോർഡ് ഇലവനെ സമനിലയിലേക്ക് എത്തിച്ചത് ക്യാപ്റ്റനായ സഞ്ജു വി സാംസണിന്റെ പ്രകടനമാണ്.

രണ്ട് വിക്കറ്റ് തുടക്കത്തിലേ നഷ്ടപ്പെട്ട് സമ്മർദ്ദത്തിലായ ബോർഡ് ഇലവനെ തകർച്ചയിൽ നിന്ന് കരകയറ്റിയത് നായകന്റെ ഉത്തരവാദിത്തം ഉൾക്കൊണ്ട് ബാറ്റ് വീശിയ സഞ്ജുവാണ്. 143 പന്ത് നേരിട്ട സഞ്ജു 128 റൺസ് നേടി. 19 ഫോറും ഒരു സിക്സും സഞ്ജുവിന്റെ ഇന്നിംഗ്സിന് മിഴിവേകി. 63 പന്തിലാണ് സഞ്ചു അർദ്ധസെഞ്ച്വറി പൂർത്തിയാക്കിയത്.

ശ്രീലങ്കയുടെ ബൗളിംഗിന് മുന്നിൽ ബോർഡ് ഇലവൻ ടീം പതറിയപ്പോഴാണ് നായകൻ ക്രീസിലെത്തിയത്. ഈ സമയത്ത് ജഗ്‌ജീവൻ സിംഗ് തീർത്തും പ്രതിരോധത്തിലേക്ക് ഒതുങ്ങിയാണ് ബാറ്റ് വീശിയത്. റൺ കണ്ടെത്താനും, റൺറേറ്റ് ഉയർത്താനും ശ്രമിച്ച സഞ്ജു ഒരു ഘട്ടത്തിൽ 200 കടക്കില്ലെന്ന് തോന്നിച്ച ബോർഡ് ഇലവൻ സ്കോർ 250 കടത്തി.

ചായയ്ക്ക് ശേഷം കളി പുനരാരംഭിച്ചപ്പോൾ സിക്സർ പറത്തിയാണ് സഞ്ജു തന്റെ സെഞ്ച്വറി പൂർത്തിയാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ