scorecardresearch

Sanju Samson: ഇത് രാജസ്ഥാനൊപ്പം സഞ്ജുവിന്റെ അവസാന സീസൺ? സാധ്യതകൾ

Sanju Samson Rajasthan Royals IPL 2025: 2025 ഐപിഎൽ സീസണോടെ സഞ്ജു സാംസണും രാജസ്ഥാൻ റോയൽസും പിരിഞ്ഞേക്കും എന്ന വിലയിരുത്തലുകളാണ് ശക്തമാവുന്നത്.

Sanju Samson Rajasthan Royals IPL 2025: 2025 ഐപിഎൽ സീസണോടെ സഞ്ജു സാംസണും രാജസ്ഥാൻ റോയൽസും പിരിഞ്ഞേക്കും എന്ന വിലയിരുത്തലുകളാണ് ശക്തമാവുന്നത്.

author-image
Sports Desk
New Update
Sanju Samson, Dhoni

Sanju Samson Rajasthan Royals IPL 2025: 2009ൽ ആണ് സഞ്ജു സാംസണിന്റെ പേര് ഐപിഎല്ലിലേക്ക് ആദ്യമായി വരുന്നത്. കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന്റെ പ്ലേയർ പൂളിൽ സഞ്ജുവിന്റെ പേര് ഉൾപ്പെടുകയായിരുന്നു. മൂന്ന് വർഷത്തിന് ശേഷം സഞ്ജുവിനെ കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് താര ലേലത്തിലൂടെ സ്വന്തമാക്കി. എന്നാൽ അരങ്ങേറ്റം കുറിക്കാനായില്ല. 2013ൽ രാജസ്ഥാൻ റോയൽസിൽ. പഞ്ചാബിനെതിരെ കളിച്ച് അരങ്ങേറ്റം. ഒരു സീസൺ കൊൽക്കത്തയ്ക്കും രണ്ട് സീസൺ ഡൽഹിക്കും ഒപ്പം. 14 വർഷം നീണ്ട സഞ്ജുവിന്റെ ഐപിഎൽ കരിയറിൽ 11 വർഷവും രാജസ്ഥാനൊപ്പം. എന്നാൽ ആ യാത്ര ഈ സീസണോടെ അവസാനിക്കുമോ? 

Advertisment

2021ലാണ് സഞ്ജു രാജസ്ഥാന്റെ ക്യാപ്റ്റനാവുന്നത്. 2022ൽ ഫൈനലിലേക്ക് സഞ്ജു രാജസ്ഥാനെ നയിച്ചു. 2023ൽ രാജസ്ഥാൻ റോയൽസിനെ സഞ്ജു അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്യിച്ചു. തൊട്ടടുത്ത സീസണിൽ ആദ്യ ഒൻപത് മത്സരങ്ങളിൽ എട്ടിലും സഞ്ജു ടീമിനെ ജയിപ്പിച്ചു കയറ്റി. ഒപ്പം റൺവേട്ടയും സഞ്ജുവിൽ നിന്ന് വന്നു. 16 മത്സരങ്ങളി നിന്ന് 531 റൺസ് ആണ് മലയാളി താരം സ്കോർ ചെയ്തത്. പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത രാജസ്ഥാൻ ക്വാളിഫയർ രണ്ടിലേക്ക് എത്തിയെങ്കിലും തോൽവി നേരിട്ടു. 

രാജസ്ഥാൻ റോയൽസിനായി ഏറ്റവും കൂടുതൽ റൺസ് സ്കോർ ചെയ്ത താരമാണ് സഞ്ജു. എന്നാൽ 2025 ഐപിഎൽ സീസണോടെ സഞ്ജുവും രാജസ്ഥാൻ റോയൽസും പിരിഞ്ഞേക്കും എന്ന വിലയിരുത്തലുകളാണ് ശക്തം. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 മത്സരത്തിൽ കൈവിരലിന് പരുക്കേറ്റതിനെ തുടർന്ന് ബാറ്ററായാണ് സഞ്ജു ആദ്യ മൂന്ന് മത്സരങ്ങൾ കളിച്ചത്. പിന്നാലെ ഫിറ്റ്നസ് വീണ്ടെടുത്ത് റിയാൻ പരാഗിന്റെ കൈകളിൽ നിന്ന് ക്യാപ്റ്റൻ സ്ഥാനം വീണ്ടെടുത്തെങ്കിലും ടീമിനെ തുടർ ജയങ്ങളിലേക്ക് എത്തിക്കാനായില്ല. 

ഡൽഹിക്കെതിരായ മത്സരത്തോടെ മറ നീങ്ങിയ ഭിന്നത

ഇതിന് പിന്നാലെയാണ് ഏറെ നാടകീയ രംഗങ്ങൾ നിറഞ്ഞ ഡൽഹി ക്യാപിറ്റൽസിന് എതിരായ രാജസ്ഥാന്റെ മത്സരത്തിൽ വാരിയെല്ലിന്റെ ഭാഗത്തെ വേദനയെ തുടർന്ന് സഞ്ജു ബാറ്റിങ് പൂർത്തിയാക്കാതെ ഡഗൗട്ടിലേക്ക് മടങ്ങിയത്. അതേ മത്സരത്തിൽ സൂപ്പർ ഓവറിന് മുൻപ് ടീം അംഗങ്ങളോട് സംസാരിക്കുമ്പോൾ സഞ്ജു പങ്കെടുക്കാതെ മാറി നിൽക്കുന്നത് ഏറെ ചർച്ചയായി. 

Advertisment

ഡൽഹിക്കെതിരായ മത്സരത്തിന് ശേഷം പിന്നെ സഞ്ജു കളിക്കാനിറങ്ങിയിട്ടില്ല. ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ലെന്നാണ് രാഹുൽ ദ്രാവിഡ് ഉൾപ്പെടെയുള്ളവർ പ്രതികരിച്ചത്. എന്നാൽ ദ്രാവിഡും സഞ്ജുവും തമ്മിൽ ഇപ്പോഴും ഭിന്നത നിലനിൽക്കുന്നതായുള്ള അഭ്യൂഹങ്ങളാണ് ശക്തം. ഈ സാഹചര്യത്തിൽ മറ്റൊരു സീസൺ കൂടി സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിനൊപ്പം തുടരുമോ എന്ന ചോദ്യം ശക്തമാണ്. തുടർ തോൽവികളിൽ രാഹുൽ ദ്രാവിഡിന് നേർക്ക് ആരാധകരിൽ നിന്നുള്ള വിമർശനവും ശക്തമാണ്. ഈ സാഹചര്യത്തിൽ രാജസ്ഥാൻ കൈവിടുക സഞ്ജുവിനേയോ അതോ ദ്രാവിഡിനേയോ?

ഋതുരാജിന് പകരം സഞ്ജു സാംസണിനെ ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റനായി കൊണ്ടുവരണം എന്ന ആവശ്യം ചെന്നൈ ആരാധകർ ഈ സീസണിൽ ഉന്നയിച്ചിരുന്നു. അത്തരത്തിലൊരു നീക്കം സംഭവിക്കുമോ എന്നത് ആകാംക്ഷയുണർത്തുന്ന ചോദ്യമാണ്. 2023ൽ ചെന്നൈ സൂപ്പർ കിങ്സ് സഞ്ജുവിന് മുൻപിൽ ക്യാപ്റ്റൻസി ഓഫർ വെച്ചെങ്കിലും ഇത് സഞ്ജു നിഷേധിച്ചു എന്ന റിപ്പോർട്ടുകളും അന്ന് വന്നിരുന്നു. എന്നാൽ പിന്നീട് ഇത് വ്യാജ വാർത്തകളാണെന്ന് തെളിഞ്ഞു. എന്നാൽ രാജസ്ഥാൻ റോയൽസ് വിട്ടാൻ സഞ്ജു എത്താൻ സാധ്യതയുള്ള ഫ്രാഞ്ചൈസികളിൽ മുൻപിൽ ചെന്നൈയുണ്ട്.

ഈ സീസണിൽ ഏഴ് മത്സരങ്ങൾ മാത്രമാണ് സഞ്ജു കളിച്ചത്. നേടിയത് 224 റൺസ്. 66 ആണ് ഉയർന്ന സ്കോർ. ഇനി ചെന്നൈ സൂപ്പർ കിങ്സിന് എതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം. തിങ്കളാഴ്ചയാണ് ഇത്. പിന്നാലെ മെയ് 16ന് പഞ്ചാബിന് എതിരെയാണ് രാജസ്ഥാന്റെ സീസണിലെ അവസാന മത്സരം. ഈ രണ്ട് മത്സരങ്ങളുടെ സമയമാവുമ്പോഴേക്കും സഞ്ജുവിന് ഫിറ്റ്നസ് വീണ്ടെടുക്കനായേക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ. എന്നാൽ ഫിറ്റ്നസ് അല്ല യഥാർഥ പ്രശ്നം എങ്കിൽ സഞ്ജു അവസാന രണ്ട് മത്സരങ്ങളും കളിക്കാനുള്ള സാധ്യത വിരളമാണ്. 

Read More

Sanju Samson Rahul Dravid Rajasthan Royals IPL 2025

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: