പൂനെ: മാസങ്ങളും വർഷങ്ങളും നീണ്ട കാത്തിരിപ്പിനൊടുവിൽ സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ. ശ്രീലങ്കയ്ക്കെതിരായ മൂന്നാം ടി20 മത്സരത്തിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്റെ റോളിൽ മലയാളി താരം കളിക്കും. മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങ്ങിനയച്ചിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിൽ നിന്നും മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ പൂനെയിൽ ശ്രീലങ്കയ്ക്കെതിരെ ഇറങ്ങുന്നത്.

യുവ വിക്കറ്റ് കീപ്പർ റിഷഭ് പന്തിനെയും ഓൾറൗണ്ടർ ശിവം ദുബെയ്ക്കുമൊപ്പം കഴിഞ്ഞ മത്സരത്തിൽ നിറംമങ്ങിയ പ്രകടനം പുറത്തെടുത്ത കുൽദീപ് യാദവിനെയും മൂന്നാം മത്സരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പകരം പകരക്കാരിൽ പ്രധാനികളായിരുന്ന സഞ്ജുവും മനീഷ് പാണ്ഡെയും ടീമിലെത്തി. കുൽദീപിന്റെ അഭാവത്തിൽ യുസ്‌വേന്ദ്ര ചാഹലിനാണ് സ്‌പിൻ ചുമതല.

Also Read: ധോണി പുറത്തേക്ക്; നിര്‍ണായക മുന്നറിയിപ്പുമായി ഇന്ത്യന്‍ പരിശീലകന്‍

ബാറ്റിങ് ഓർഡറിൽ നായകൻ വിരാട് കോഹ്‌ലി പരീക്ഷണം തുടർന്നാൽ സഞ്ജുവിനെ മൂന്നാം നമ്പരിൽ പ്രതീക്ഷിക്കാം. ഇല്ലെങ്കിൽ ശ്രേയസിന് പിറകിൽ അഞ്ചാം നമ്പറിലാകും സഞ്ജു ബാറ്റേന്തുക.

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സഞ്ജു വീണ്ടും ഇന്ത്യൻ കുപ്പായത്തിൽ കളിക്കാനിറങ്ങുന്നത്. 2015ൽ സിംബാബ്‌വെയ്ക്കെതിരെ അരങ്ങേറ്റ മത്സരം കളിച്ച താരം പിന്നീട് പലതവണ ടീമിലെത്തിയെങ്കിലും പ്ലെയിങ് ഇലവനിൽ ഇടം കണ്ടെത്തിയിരുന്നില്ല.

Also Read: ധോണിയും ധവാനുമില്ല; ടി20 ലോകകപ്പിനുള്ള സാധ്യത ടീമിനെ പ്രഖ്യാപിച്ച് ലക്ഷ്മൺ

19-ാം വയസിലാണ് സഞ്ജു ആദ്യമായി ഇന്ത്യൻ ടീമിലെത്തുന്നത്. അതും ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ. അഞ്ചു ഏകദിനവും ഒരു ടി20 മത്സരവുമടങ്ങിയ പരമ്പരയിൽ ബെഞ്ചിൽ തന്നെയായിരുന്നു സഞ്ജുവിന്റെ സ്ഥാനം. ഒരു മത്സരത്തിൽ പകരക്കാരനായി ഫീൽഡിലെത്തി.

പിന്നീട് സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ച സിംബാബ്‌വെ പര്യടനത്തിലാണ് സഞ്ജുവിന് വീണ്ടും ഇന്ത്യൻ ടീമിലേക്ക് ക്ഷണം ലഭിച്ചത്. എന്നാൽ മൂന്ന് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ താരം കളിച്ചത് ഒരു മത്സരത്തിൽ മാത്രമാണ്. അന്ന് 19 റൺസെടുക്കാൻ സാഞ്ജുവിന് കഴിഞ്ഞു. പിന്നെ നീണ്ട ഇടവേളയായിരുന്നു.

Also Read: പോൺ ലോകത്തും ക്യാപ്റ്റൻ ‘കൂളാണ്’; മിയാ ഖലിഫയെ പരാജയപ്പെടുത്തി എം.എസ്.ധോണി

എന്നാൽ ഇന്ത്യൻ പ്രീമിയർ ലീഗിലും ആഭ്യന്തര ക്രിക്കറ്റിലും മിന്നും പ്രകടനവുമായി താരം തിളങ്ങി. ഇന്ത്യൻ ടീമിന്റെ പടിവാതിൽക്കൽ വരെ എത്തി സഞ്ജു മടങ്ങി. അങ്ങനെയാണ് നാലു വർഷത്തിനപ്പുറം വീണ്ടും ഇന്ത്യൻ ടീമിൽനിന്നൊരു വിളി താരത്തെ തേടിയെത്തിയത്.

വിജയ് ഹസാരെ ട്രോഫിയിലെ ഇരട്ട സെഞ്ചുറിയിലൂടെ ഇത്രനാള്‍ തന്നെ കേള്‍ക്കാതിരുന്ന സെലക്ടര്‍മാരുടെ ചെവി തുറക്കുന്നൊരു വെടിക്കെട്ടാണ് സഞ്ജു നടത്തിയത്. അപ്പോള്‍ പിന്നെ അവര്‍ക്ക് കേള്‍ക്കാതിരിക്കാനാകില്ലല്ലോ. ഗോവയ്‌ക്കെതിരായ മത്സരത്തില്‍ പത്ത് സിക്‌സും 21 ഫോറുമടക്കം 212 റണ്‍സാണ് സഞ്ജു നേടിയത്. ഇതോടെ വിജയ് ഹസാരെ ട്രോഫിയിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറെന്ന റെക്കോര്‍ഡും സഞ്ജു തന്റേതാക്കി മാറ്റിയിരുന്നു.

Also Read: ഇന്ത്യൻ ടീമിൽ സ്ഥിരസാന്നിധ്യമാകാൻ അഞ്ച് പേസർമാർ; പട്ടികയിൽ രണ്ട് മലയാളികളും

ലിസ്റ്റ് എ ക്രിക്കറ്റില്‍ ഒരു വിക്കറ്റ് കീപ്പര്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് സഞ്ജു നേടിയത്. പാക്കിസ്ഥാന്റെ അബിദ് അലിയുടെ 209 റണ്‍സിന്റെ റെക്കോര്‍ഡാണ് സഞ്ജു മറികടന്നത്. ഇസ്ലാമാബാദിനായി പാക്കിസ്ഥാന്‍ നാഷണല്‍ വണ്‍ ഡേയില്‍ പെഷാവറിനെതിരെയായിരുന്നു അബിദിന്റെ നേട്ടം. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ചുറി നേടുന്ന ആറാമത്തെ ഇന്ത്യന്‍ താരമാണ് സഞ്ജു.നേരത്തെ ഈ നേട്ടം സ്വന്തമാക്കിയത് സച്ചിനും സെവാഗും രോഹിത് ശര്‍മയും കരണ്‍വീര്‍ കൗശലും ശിഖര്‍ ധവാനുമാണ്. ആഭ്യന്തര ക്രിക്കറ്റില്‍ ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണു സഞ്ജു.

എന്നാൽ ഈ നേട്ടങ്ങളെല്ലാം ടീം തിരഞ്ഞെടുപ്പിൽ മാത്രം അവസാനിച്ചു. അന്തിമ ഇലവൻ പിന്നീടും സഞ്ജുവിൽനിന്ന് ഏറെ അകലെയായിരുന്നു. കാര്യവട്ടത്ത് സഞ്ജു കളിക്കുമെന്ന് ഏവരും പ്രതീക്ഷിച്ചെങ്കിലും പകരക്കാരൻ ഫീൽഡറാക്കി ആരാധകരെ ടീം മാനേജ്മെന്റ് തൃപ്തിപ്പെടുത്തിയെന്നു പറയാം.

ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ രോഹിത് ശർമയ്ക്ക് വിശ്രമം അനുവദിച്ചതോടെയാണ് സഞ്ജു ടീമിലെത്തുന്നത്. എന്നാൽ ആദ്യ രണ്ട് മത്സരങ്ങളിലും സഞ്ജു പുറത്തിരുന്നു. മൂന്നാം മത്സരത്തിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്റെ റോളിൽ തന്നെ താരമെത്തുമ്പോൾ പ്രതീക്ഷകളും വാനോളമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook