ന്യൂഡൽഹി: പരുക്കേറ്റ ശിഖർ ധവാന് പകരം സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ. ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിലാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. മറ്റൊരു യുവതാരം പൃഥ്വി ഷാ ഏകദിന ടീമിലുമിടം കണ്ടെത്തി.

ഓസ്ട്രേലിയക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ ഫീൾഡ് ചെയ്യുന്നതിനിടയിൽ പരുക്കേറ്റ ശിഖർ ധവാൻ ബാറ്റിങ്ങിനെത്തിയിരുന്നില്ല. ഇപ്പോൾ ന്യൂസിലൻഡ് പര്യടനത്തിൽ നിന്നും താരത്തെ ഒഴിവാക്കിയിരിക്കുകയാണ്. തിങ്ക്ലാഴ്ച ഓക്‌ലൻഡിലേക്ക് പറന്ന ഇന്ത്യൻ ടീമിനൊപ്പം ധവാനുണ്ടായിരുന്നില്ല.

നിലവിൽ ഇന്ത്യ എ ടീമിനൊപ്പം ന്യൂസിലൻഡിലുള്ള സഞ്ജു ഇന്ത്യൻ സീനിയർ ടീമിനൊപ്പം ചേരും. അഞ്ച് ടി20 മത്സരങ്ങളടങ്ങുന്ന പരമ്പരയാണ് കിവികൾക്കെതിരെ ഇന്ത്യ കളിക്കുന്നത്. ജനുവരി 24നാണ് ആദ്യ മത്സരം. നിലവിൽ 16 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ നിന്നുമാണ് ശിഖർ ധവാനെ ഒഴിവാക്കി സഞ്ജുവിനെ ഉൾപ്പെടുത്തിയിരിക്കുന്നത്.

മടങ്ങി വരവിൽ മൂന്ന് പരമ്പരകൾക്ക് ശേഷമാണ് സഞ്ജുവിന് പ്ലെയിങ് ഇലവനിൽ അവസരം ലഭിച്ചത്. നേരിട്ട ആദ്യ പന്ത് തന്നെ സിക്സർ പായിച്ച് താരം ആരാധകരെ ഞെട്ടിച്ചെങ്കിലും അടുത്ത പന്തിൽ പുറത്തായി. നിലവിൽ ഇന്ത്യ എ ടീമിനൊപ്പം ന്യൂസിലൻഡിലുള്ള താരത്തിന് ഒരു മത്സരം പോലും കളിക്കാൻ അവസരം ലഭിച്ചതുമില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook