വെല്ലിങ്ടണ്‍: ഇന്ത്യയ്‌ക്കെതിരായ നാലാം ടി20 യിലും ന്യൂസിസൻഡിന് തോൽവി. വിജയിക്കുമെന്ന് ഉറപ്പായ മത്സരത്തിലാണ് ന്യൂസിലൻഡ് അവസാന നിമിഷം കവാത്ത് മറന്നത്. നിശ്ചിത 20 ഓവർ മത്സരം ടെെ ആയതോടെ വിജയികളെ നിശ്ചയിക്കാൻ സൂപ്പർ ഓവർ വേണ്ടിവന്നു. തുടർച്ചയായി രണ്ടാം തവണയാണ് ന്യൂസിലൻഡ് സൂപ്പർ ഓവറിൽ ഇന്ത്യയോട് തോൽക്കുന്നത്. മൂന്നാം ടി20 യിലും ഇന്ത്യ വിജയിച്ചത് സൂപ്പർ ഓവറിലാണ്. ഇതോടെ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പര 4-0 എന്ന നിലയിലായി. ഒരു മത്സരത്തിൽ പോലും കിവീസിനു ജയിക്കാൻ സാധിച്ചില്ല.

നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സാണ് ഇന്ത്യ നേടിയത്. ഇത് പിന്തുടർന്ന ന്യൂസിലൻഡിന് 20 ഓവറിൽ നേടാനായത് ഏഴ് വിക്കറ്റ് നഷ്‌ടത്തിൽ 165 റൺസ്! ഇതോടെ മത്സരം സൂപ്പർ ഓവറിലേക്ക്. സൂപ്പർ ഓവറിൽ ഒരു വിക്കറ്റ് നഷ്‌ടത്തിൽ 13 റൺസാണ് ന്യുസിലൻഡ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അഞ്ച് പന്തുകളിൽ ഒരു വിക്കറ്റ് നഷ്‌ടത്തിൽ ലക്ഷ്യംകണ്ടു. സൂപ്പർ ഓവറിൽ ഇന്ത്യയ്‌ക്കു വേണ്ടി ബാറ്റിങ്ങിനിറങ്ങിയത് കോഹ്‌ലിയും രാഹുലുമാണ്. ആദ്യ പന്തിൽ സിക്‌സും രണ്ടാം പന്തിൽ ഫോറും നേടി രാഹുൽ ഇന്ത്യയെ ജയത്തിലേക്ക് അടുപ്പിച്ചു. പിന്നെ എല്ലാം ചടങ്ങു മാത്രം.

വിജയം ഉറപ്പിച്ച കളിയാണ് ന്യൂസിലൻഡ് അവസാന നിമിഷം കളഞ്ഞുകുളിച്ചത്. അവസാന ഓവറിൽ ന്യൂസിലൻഡിനു ജയിക്കാൻ വേണ്ടിയിരുന്നത് വെറും ഏഴ് റൺസ് മാത്രമായിരുന്നു. ഏഴ് വിക്കറ്റുകളും ബാക്കി. എന്നാൽ, 20-ാം ഓവറിൽ കിവീസിന് നാല് വിക്കറ്റുകൾ നഷ്ടപ്പെട്ടു. നേടാനായത് വെറും ആറ് റൺസ് മാത്രം! ശർദുൽ താക്കൂറാണ് ഇന്ത്യയ്‌ക്കുവേണ്ടി അവസാന ഓവർ എറിഞ്ഞത്.

36 പന്തിൽ അർധ സെഞ്ച്വറി നേടിയ മനീഷ് പാണ്ഡെ, ലോകേഷ് രാഹുല്‍ (26 പന്തിൽ 39) എന്നിവർ മാത്രമാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്. ടോസ് നേടിയ ന്യൂസിലാൻഡ് ഇന്ത്യയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ഓപ്പണറായി ഇറങ്ങിയ സഞ്ജു സാംസണ്‍ തകര്‍പ്പന്‍ സിക്‌സടിച്ചതിനു പിന്നാലെ പുറത്തായി. അഞ്ചു പന്തില്‍ ഒരു സിക്‌സ് ഉള്‍പ്പെടെ എട്ടു റണ്‍സാണു സഞ്ജുവിന്റെ സംഭാവന.രോഹിത് ശര്‍മയ്ക്കു പകരം ടീമിലെത്തിയ സഞ്ജുവിനെ സ്‌കോട്ട് കുഗ്‌ലെയ്‌ന്റെ പന്തിലാണു പുറത്തായത്. മിച്ചല്‍ സാന്റ്‌നര്‍ക്കാണു ക്യാച്ച്.

സഞ്ജുവിനു പിന്നാലെ ക്യാപ്റ്റൻ വിരാട് കോഹ്‌ലി (ഒൻപത് പന്തിൽ 11), ശ്രേയസ് അയ്യര്‍ ( ഏഴു പന്തിൽ ഒന്ന്), ലോകേഷ് രാഹുല്‍ (26 പന്തിൽ 39), ശിവം ദുബെ (ഒൻപതിൽ 12), വാഷിങ്ടൺ സുന്ദർ (0), ശാർദൂൽ താക്കൂർ (15ൽ 20), യൂസ്‌വേന്ദ്ര ചാഹൽ (രണ്ടു പന്തിൽ ഒരു റൺസ്), നവ്ദീപ് സെെനി (ഒൻപത് പന്തിൽ 11) എന്നിവരും മടങ്ങി. ന്യൂസിലൻഡിനു വേണ്ടി ഇഷ് സോധി മൂന്ന് വിക്കറ്റും ഹാമിഷ് ബെന്നറ്റ് രണ്ട് വിക്കറ്റും നേടി.

ന്യൂസിലൻഡിനുവേണ്ടി കോളിൻ മൻറോ 64 റൺസും ടിം സെയ്‌ഫറത്ത് 57 റൺസും നേടി. ഇന്ത്യയ്‌ക്കുവേണ്ടി ശർദുൽ താക്കൂർ രണ്ട് വിക്കറ്റ് നേടി.

Read More: അവന്റെ കൈ വെട്ടിക്കളയണം; ജെഎൻയു വിദ്യാർഥി ഷർജീലിനെതിരെ ശിവസേന

രോഹിത് ശർമ, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേഡ എന്നിവർക്ക് ഇന്ത്യ വിശ്രമം അനുവദിച്ചാണ് ഇന്ത്യ ഇന്നു കളത്തിലിറങ്ങിയത്. സ​ഞ്ജു​വി​നെ കൂ​ടാ​തെ പേ​സ​ർ ന​വ​ദീ​പ് സെ​യ്നി​യും ഓ​ൾ​റൗ​ണ്ട​ർ വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​റും ടീ​മി​ലെ​ത്തി. ടി20 ടീമിന്റെ ഭാഗമായശേഷം അവസാന 11 കളിയില്‍ ഒരെണ്ണത്തില്‍ മാത്രമാണ് സഞ്ജുവിന് കളിക്കാന്‍ അവസരം കിട്ടിയത്.

ന്യൂസിലന്‍ഡിനെതിരായ മൂന്നാം മത്സരത്തില്‍ പകരക്കാരനായി കളത്തിലെത്തിയ സഞ്ജു ഗംഭീരമൊരു ക്യാച്ചും നേടിയിരുന്നു. മൂന്നാം ടി20യില്‍ സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയ മത്സരത്തിലാണ് ഇന്ത്യ ജയവും പരമ്പരയും നേടിയത്. പരമ്പര നേടിയെങ്കിലും 5-0ത്തിന് തൂത്തുവാരലാകും കോലിയുടേയും സംഘത്തിന്റേയും ലക്ഷ്യം.

കി​വീ​സ് നി​ര​യി​ൽ പ​രുക്കേ​റ്റ നാ​യ​ക​ൻ കെ​യ്ൻ വി​ല്യം​സ​ണ്‍ ഇ​ന്ന് ക​ളി​ച്ചില്ല. ടിം ​സൗ​ത്തി​യാ​ണ് ടീ​മി​നെ നയിച്ചത്. ആദ്യ മത്സരത്തിൽ ആറു വിക്കറ്റിനും രണ്ടാം മത്സരത്തിൽ ഏഴു വിക്കറ്റിനുമാണ് ഇന്ത്യ വിജയിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook