ജയ്പൂര്‍: രാജസ്ഥാന്‍ റോയല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഏറ്റുമുട്ടുമ്പോള്‍ മലയാളികളുടെ ആവേശത്തിന് അതിരുണ്ടാകില്ല. കാരണം തങ്ങളുടെ രണ്ട് പ്രിയ താരങ്ങളാണ് നേര്‍ക്കു നേര്‍ വരുന്നത് എന്നതു തന്നെ. രാജസ്ഥാന്റെ ബാറ്റിംഗ് കരുത്തായ സഞ്ജു സാംസണും ഹൈദരാബാദിന്റെ ബൗളിംഗ് കരുത്തായ ബേസില്‍ തമ്പിയും.

കാത്തിരിപ്പിനൊടുവില്‍ സഞ്ജുവും തമ്പിയും നേര്‍ക്കുനേരെയെത്തി. മലയാളികളുടെ ചങ്കിടിപ്പ് കൂടിയപ്പോള്‍ ആദ്യ പന്തില്‍ തന്നെ തമ്പിയെ ബൗണ്ടറി പായിച്ചാണ് സഞ്ജു സ്വാഗതം ചെയ്തത്. പിന്നാലെ ഗ്യാലറി കടത്തി തമ്പിയെ സഞ്ജു വെല്ലുവിളിച്ചു. വീണ്ടുമൊരു ഫോറു കൂടി നേടി തമ്പിയെ ശരിയ്ക്കും പഞ്ഞിക്കിട്ടു സഞ്ജു. നാട്ടുകാരെന്ന സ്‌നേഹം മൈതാനത്തിന് പുറത്തെന്ന് വ്യക്തമാക്കുകയായിരുന്നു സഞ്ജു.

അതേസമയം, 30 പന്തില്‍ നിന്നും 40 റണ്‍സുമായാണ് സഞ്ജു പുറത്തായത്. ഓപ്പണര്‍ രഹാനെയുമൊത്ത് മികച്ച പാര്‍ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്തവെയായിരുന്നു സഞ്ജുവിനെ രാജസ്ഥാന് നഷ്ടപ്പെടുന്നത്. സിദ്ധാര്‍ത്ഥ് കോളാണ് സഞ്ജുവിനെ പുറത്താക്കിയത്.

നേരത്തെ ഹൈദരാബാദ് എഴ് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുത്തിരുന്നു. 63 റണ്‍സെടുത്ത നായകന്‍ കെയിന്‍ വില്യംസണാണ് ഹൈദരാബാദിന്റെ ടോപ്പ് സ്‌കോറര്‍. ഓപ്പണര്‍ ഹെയ്ല്‍സും മികച്ച പിന്തുണ നല്‍കി. ഹെയില്‍സ് 45 റണ്‍സെടുത്തു. നാല് ഓവറില്‍ 26 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ജോഫ്രാ ആര്‍ച്ചറാണ് ഹൈദരാബാദിനെ വരിഞ്ഞ് മുറുക്കിയത്.കൃഷ്ണപ്പ ഗൗതം രണ്ട് വിക്കറ്റും നേടി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ