ന്യൂഡൽഹി: ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. വിശ്രമത്തിന് ശേഷം രോഹിത് ശർമ മടങ്ങിയെത്തിയപ്പോൾ മലയാളി താരം സഞ്ജു സാംസൺ ടീമിൽ നിന്നും ഒഴിവാക്കപ്പെട്ടു. ഇന്ത്യയുടെ കഴിഞ്ഞ മൂന്ന് പരമ്പരകളിലും സ്ക്വാഡിൽ ഉൾപ്പെട്ടിരുന്നെങ്കിലും ഒരു മത്സരത്തിൽ മാത്രമാണ് സഞ്ജു ഇന്ത്യൻ കുപ്പായത്തിലിറങ്ങിയത്. മുഹമ്മദ് ഷമിയാണ് ടീമിലേക്ക് തിരിച്ചെത്തിയ മറ്റൊരു താരം ഷമിക്കും ബിസിസിഐ ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ വിശ്രമം അനുവദിച്ചിരുന്നു.

ഏറ്റവും കരുത്തുറ്റ ഓപ്പണിങ് നിരയാണ് ഇപ്പോൾ ഇന്ത്യൻ ടീമിലുള്ളത്. പരുക്കിൽ നിന്ന് മുക്തനായി മടങ്ങിയെത്തിയ ശിഖർ ധവാനും ഫോമിലേക്ക് ഉയർന്നതോടെ രോഹിത്, രാഹുൽ, ധവാൻ എന്നിവരിൽ ആരൊക്കെ ഓപ്പണർമാരാകുമെന്ന് കണ്ടറിയണം. മൂന്നാം നമ്പറിൽ രാഹുലെത്തിയാലും അത്ഭുതമില്ല. മൂന്നാം നമ്പറിൽ കഴിഞ്ഞ കുറേ മത്സരങ്ങളായി കോഹ്‌ലി പരീക്ഷണം തുടരുകയാണ്. നാലാം നമ്പറിൽ കോഹ്‌ലി എത്തിയേക്കാം.

മധ്യനിരയിൽ ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ എന്നിവരെ പരിഗണിക്കുമ്പോൾ വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് തന്നെയെത്തും. വാഷിങ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ, ശിവം ദുബെ എന്നിവരാണ് ടീമിലെ ഓൾറൗണ്ടർമാർ. ഹാർദിക് പാണ്ഡ്യ മടങ്ങിയെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.

മുഹമ്മദ് ഷമി കൂടി എത്തിയതോടെ ബോളിങ്ങിൽ ഇന്ത്യൻ കരുത്ത് കൂടി. മുതിർന്ന താരം ജസ്പ്രീത് ബുംറയ്ക്കൊപ്പം കഴിഞ്ഞ മത്സരങ്ങളിൽ തിളങ്ങിയ നവ്‌ദീപ് സൈനി, ഷാർദുൽ ഠാക്കൂർ എന്നിവരെ ടീമിൽ നിലനിർത്തി. കുൽദീപ് യാദവും യുസ്‌വേന്ദ്ര ചാഹലുമാണ് സ്‌പിൻ കൂട്ടുകെട്ട്.

ഇന്ത്യൻ ടി20 സ്ക്വാഡ്: വിരാട് കോഹ്‌ലി, രോഹിത് ശർമ, കെ.എൽ.രാഹുൽ, ശിഖർ ധവാൻ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, റിഷഭ് പന്ത്, ശിവം ദുബെ, കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചഹൽ, വാഷിങ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, നവ്ദീപ് സൈനി, രവീന്ദ്ര ജഡേജ, ഷാർദുൽ ഠാക്കൂർ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook