പകരക്കാരിൽ പ്രധാനി; നീലക്കുപ്പായത്തിൽ സഞ്ജുവിന്റെ കാത്തിരിപ്പ് നീളുമ്പോൾ

ഇന്ത്യൻ ടീമിലെ പകരക്കാരുടെ പട്ടികയിൽ പ്രധാനിയായിക്കൊണ്ടിരിക്കുകയാണ് സഞ്ജു

sanju samson, സഞ്ജു സാംസൺ, Indian team, sanju samson, ഇന്ത്യൻ ടീം, സഞ്ജു സാംസൺ, india vs west indies, ഇന്ത്യ - വെസ്റ്റ് ഇൻഡീസ്, ie malayalam, ഐഇ മലയാളം

ഇന്ത്യൻ സീനിയർ ടീമിൽ സഞ്ജു സാംസൺ എന്ന മലയാളി താരം ഇതിനോടകം സാനിധ്യമറിയിച്ചത് നാലു പരമ്പരകളിലും 15 മത്സരങ്ങളിലുമാണ്. എന്നാൽ പ്ലേയിങ് ഇലവനിൽ കളിക്കാനായത് ഒരു തവണ മാത്രം. നീലകുപ്പായത്തിൽ താരത്തിന്റെ ഒരു മിന്നും പ്രകടനത്തിനായുള്ള കാത്തിരിപ്പ് വിൻഡീസിന്റെ ഇന്ത്യൻ പര്യടനത്തിനപ്പുറവും നീണ്ടു പോവുകയാണ്. 2020ൽ ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പ് മുന്നിൽ കണ്ടുകൊണ്ടാണ് ടീമിനെയൊരുക്കുന്നതെന്ന് പറയുമ്പോഴും സഞ്ജുവിന് മാത്രം അവസരം ലഭിക്കാതെ പോകുന്നതിൽ ആരാധകർ അസ്വസ്ഥരാണ്.

ഇന്ത്യൻ ടീമിലെ പകരക്കാരുടെ പട്ടികയിൽ പ്രധാനിയായിക്കൊണ്ടിരിക്കുകയാണ് സഞ്ജു. ഇതുപോലെ ടീം ഓരോ പര്യടനത്തിനും കൊണ്ടുപോയി ബെഞ്ചിലിരുത്തുന്ന മറ്റൊരു താരമുണ്ട്, മനീഷ് പാണ്ഡെ. വാട്ടർ ബോയിയുടെയും പകരം ഫീൽഡറുടെയും റോളിലാണ് പലപ്പോഴും മനീഷ് പാണ്ഡെയെ കണ്ടിട്ടുള്ളത്. സമാനമായ അവസ്ഥയാണ് ഇപ്പോൾ സഞ്ജുവിനും. ബംഗ്ലാദേശിനെതിരായ പരമ്പരയിലെ അവസാന മത്സരത്തിൽ മാത്രമാണ് കഴിഞ്ഞ രണ്ടു പരമ്പരകളിൽ മനീഷിന് അവസരം ലഭിച്ചത്. സഞ്ജുവിന് അതുമുണ്ടായില്ല.

2015 ലായിരുന്നു സഞ്ജു ഇന്ത്യയ്ക്കായി ആദ്യമായും അവസാനമായും കളിച്ചത്. സിംബാവെയ്‌ക്കെതിരെയായിരുന്നു അത്. 19-ാം വയസിലാണ് സഞ്ജു ആദ്യമായി ഇന്ത്യൻ ടീമിലെത്തുന്നത്. അതും ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ. അഞ്ചു ഏകദിനവും ഒരു ടി20 മത്സരവുമടങ്ങിയ പരമ്പരയിൽ ബെഞ്ചിൽ തന്നെയായിരുന്നു സഞ്ജുവിന്റെ സ്ഥാനം. ഒരു മത്സരത്തിൽ പകരക്കാരനായി ഫീൽഡിലെത്തി.

പിന്നീട് സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ച സിംബാബ്‌വെ പര്യടനത്തിലാണ് സഞ്ജുവിന് വീണ്ടും ഇന്ത്യൻ ടീമിലേക്ക് ക്ഷണം ലഭിച്ചത്. എന്നാൽ മൂന്ന് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ താരം കളിച്ചത് ഒരു മത്സരത്തിൽ മാത്രമാണ്. അന്ന് 19 റൺസെടുക്കാൻ സാഞ്ജുവിന് കഴിഞ്ഞു. പിന്നെ നീണ്ട ഇടവേളയായിരുന്നു.

എന്നാൽ ഇന്ത്യൻ പ്രീമിയർ ലീഗിലും ആഭ്യന്തര ക്രിക്കറ്റിലും മിന്നും പ്രകടനവുമായി താരം തിളങ്ങി. ഇന്ത്യൻ ടീമിന്റെ പടിവാതിൽക്കൽ വരെ എത്തി സഞ്ജു മടങ്ങി. അങ്ങനെയാണ് നാലു വർഷത്തിനപ്പുറം വീണ്ടും ഇന്ത്യൻ ടീമിൽനിന്നൊരു വിളി താരത്തെ തേടിയെത്തിയത്.

വിജയ് ഹസാരെ ട്രോഫിയിലെ ഇരട്ട സെഞ്ചുറിയിലൂടെ ഇത്രനാള്‍ തന്നെ കേള്‍ക്കാതിരുന്ന സെലക്ടര്‍മാരുടെ ചെവി തുറക്കുന്നൊരു വെടിക്കെട്ടാണ് സഞ്ജു നടത്തിയത്. അപ്പോള്‍ പിന്നെ അവര്‍ക്ക് കേള്‍ക്കാതിരിക്കാനാകില്ലല്ലോ. ഗോവയ്‌ക്കെതിരായ മത്സരത്തില്‍ പത്ത് സിക്‌സും 21 ഫോറുമടക്കം 212 റണ്‍സാണ് സഞ്ജു നേടിയത്. ഇതോടെ വിജയ് ഹസാരെ ട്രോഫിയിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറെന്ന റെക്കോര്‍ഡും സഞ്ജു തന്റേതാക്കി മാറ്റിയിരുന്നു.

ലിസ്റ്റ് എ ക്രിക്കറ്റില്‍ ഒരു വിക്കറ്റ് കീപ്പര്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് സഞ്ജു നേടിയത്. പാക്കിസ്ഥാന്റെ അബിദ് അലിയുടെ 209 റണ്‍സിന്റെ റെക്കോര്‍ഡാണ് സഞ്ജു മറികടന്നത്. ഇസ്ലാമാബാദിനായി പാക്കിസ്ഥാന്‍ നാഷണല്‍ വണ്‍ ഡേയില്‍ പെഷാവറിനെതിരെയായിരുന്നു അബിദിന്റെ നേട്ടം. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ചുറി നേടുന്ന ആറാമത്തെ ഇന്ത്യന്‍ താരമാണ് സഞ്ജു.നേരത്തെ ഈ നേട്ടം സ്വന്തമാക്കിയത് സച്ചിനും സെവാഗും രോഹിത് ശര്‍മയും കരണ്‍വീര്‍ കൗശലും ശിഖര്‍ ധവാനുമാണ്. ആഭ്യന്തര ക്രിക്കറ്റില്‍ ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണു സഞ്ജു.

എന്നാൽ ഈ നേട്ടങ്ങളെല്ലാം ടീം തിരഞ്ഞെടുപ്പിൽ മാത്രം അവസാനിച്ചു. അന്തിമ ഇലവൻ പിന്നീടും സഞ്ജുവിൽനിന്ന് ഏറെ അകലെയായിരുന്നു. കാര്യവട്ടത്ത് സഞ്ജു കളിക്കുമെന്ന് ഏവരും പ്രതീക്ഷിച്ചെങ്കിലും പകരക്കാരൻ ഫീൽഡറാക്കി ആരാധകരെ ടീം മാനേജ്മെന്റ് തൃപ്തിപ്പെടുത്തിയെന്നു പറയാം.

നിലവിലെ സാഹചര്യത്തിൽ സഞ്ജുവിന്റെ കാത്തിരിപ്പ് ഇനിയും നീളാനാണ് സാധ്യത. വിക്കറ്റ് കീപ്പറുടെ റോളിൽ റിഷഭ് പന്ത് അല്ലാതെ മറ്റൊരു താരത്തെ ഇന്ത്യ പരിഗണിക്കുന്നില്ലയെന്നാണ് പരിശീലകനും നായകനും നൽകുന്ന സൂചന. നാലാം നമ്പരിൽ ശ്രേയസ് എത്തിയതോടെ അക്കാര്യത്തിലും തീരുമാനമായി.

ടി20യിൽ കോഹ്‌ലി നാലാം നമ്പരിലേക്ക് മാറി മൂന്നാം നമ്പരിൽ പകരം താരത്തെ എത്തിക്കാനുള്ള പരീക്ഷണങ്ങളാണ് ഇപ്പോൾ ടീമിൽ നടക്കുന്നത്. അങ്ങനെയെങ്കിൽ നിലവിലുള്ള പന്തിനോ ശ്രേയസിനോ സ്ഥാനക്കയറ്റം കിട്ടാനെ സാധ്യതയുള്ളൂ. ഓൾറൗണ്ടർമാരെ മാറ്റി ഒരു ബാറ്റ്സ്മാനെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്താൻ സാധ്യതയില്ല.

Web Title: Sanju samson continues to be in bench of indian cricket team

Next Story
നീയില്ലാത്ത ജീവിതം സങ്കൽപ്പിക്കാനാവില്ല; റിത്വികയോട് രോഹിത് ശർമrohit sharma, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com