ഏകദിന പരമ്പരയിൽ അവസാന മത്സരത്തിലെ ജയവുമായി തിരികെയെത്തിയ ഇന്ത്യ ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിൽ കരുത്ത് കാണിക്കാമെന്ന പ്രതീക്ഷയിലാണ്. ബാറ്റിങ്ങിലും ബോളിങ്ങിലും മികവ് കാണിച്ച ഇന്ത്യൻ ടീം പ്രതീക്ഷകൾ സജീവമാക്കുന്നു. അവസാന മത്സരത്തിൽ പ്ലെയിങ് ഇലവൻ അഴിച്ചു പണിത നായകൻ കോഹ്‌ലി ടി20 പരമ്പരയിൽ അത്തരമൊരു സാഹസത്തിന് തയ്യാറാകുമോയെന്ന് കാത്തിരുന്നു തന്നെ കാണണം. നാളെയാണ് ഓസ്ട്രേലിയൻ പര്യടനത്തിലെ ഇന്ത്യയുടെ ആദ്യ ടി20 മത്സരം.

ഈ വർഷം ആദ്യം നടന്ന ന്യൂസിലൻഡിനെതിരായ ആദ്യ പരമ്പരയിൽ തന്നെ ഏകദിനത്തേക്കാളും ടി20ക്കാണ് ഈ വർഷം ടീം പ്രാധാന്യം നൽകുന്നതെന്ന് നായകൻ കോഹ്‌ലി വ്യക്തമാക്കിയിരുന്നു. വരാനിരിക്കുന്ന ടി20 ലോകകപ്പ് മുന്നിൽ കണ്ടായിരുന്നു കോഹ്‌ലി ഇത്തരത്തിലൊരു പ്രസ്താവന നടത്തിയതും. അങ്ങനെയാണെങ്കിൽ ഓസ്ട്രേലിയൻ പര്യടനത്തിൽ കോഹ്‌ലി പരീക്ഷണങ്ങൾ തുടരുക തന്നെ ചെയ്യും. ഇത് പ്ലെയിങ് ഇലവനിൽ സഞ്ജുവിന്റെ സാധ്യതകൾ വർധിപ്പിക്കുന്നു.

ശിഖർ ധവാനും കെ.എൽ രാഹുലുമായിരിക്കും ഇന്ത്യൻ ഇന്നിങ്സ് ഓപ്പൺ ചെയ്യുക. ഐപിഎല്ലിൽ മിന്നും ഫോമിൽ കളിച്ച താരങ്ങൾ മികച്ച അടിത്തറയൊരുക്കുമെന്ന് തന്നെ കരുതാം. മൂന്നാം നമ്പരിൽ നായകൻ കോഹ്‌ലി എത്തുമ്പോൾ മധ്യനിരയിൽ ശ്രേയസ് അയ്യർ കളിക്കുമെന്ന് ഉറപ്പാണ്. മനീഷ് പാണ്ഡെ ടീമിനൊപ്പമുണ്ടെങ്കിലും സഞ്ജുവിന് അവസരമൊരുങ്ങാനാണ് സാധ്യത.

ഓൾറൗണ്ടർമാരായി ഹാർദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയുമെത്തും. ഏകദിനത്തിൽ ബാറ്റ്സ്മാന്മാരുടെ റോളിൽ നന്നായി കളിച്ച താരങ്ങൾ ബോളിങ്ങിലും താളം കണ്ടെത്തേണ്ടതുണ്ട്. ജഡേജയ്ക്ക് പകരം വാഷിങ്ടൺ സുന്ദറിന് അവസരം നൽകുമോയെന്ന് കാത്തിരുന്ന് തന്നെ കാണണം. ഏകദിനത്തിൽ തിളങ്ങാനായില്ലെങ്കിലും യുസ്‌വേന്ദ്ര ചാഹൽ തന്നെയായിരിക്കും ടീമിലെ സ്‌പിൻ ഓപ്ഷൻ.

പേസർമാരായി മുതിർന്ന താരങ്ങളായി ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും ടീമിനൊപ്പമുണ്ടെങ്കിലും മികച്ച ഫോമിൽ കളിക്കുന്ന രണ്ട് താരങ്ങളെയും റോട്ടേറ്റ് ചെയ്യാനാണ് സാധ്യത. യുവതാരം നടരാജൻ, ദീപക് ചാഹർ എന്നിവർക്ക് കൂടുതൽ അവസരം നൽകിയേക്കും.

Read Here: കൈ കൊണ്ട് ബെയ്‌ൽ തട്ടിയിട്ടു, ഒന്നും അറിയാത്ത പോലെ നടന്നു; അന്ന് ജസ്റ്റിൻ ലാംഗർ ചെയ്‌തത്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook