തിരുവനന്തപുരം: ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് സഞ്ജു സാംസണിന് ഇന്ത്യൻ ടീമിലേക്ക് ബംഗ്ലാദേശിനെതിരായ പരമ്പരയിലൂടെ ക്ഷണം ലഭിക്കുന്നത്. നായകൻ വിരാട് കോഹ്‌ലി ഉൾപ്പടെ മുതിർന്ന പലതാരങ്ങൾക്കും വിശ്രമം അനുവദിച്ച പരമ്പരയിൽ ഉറപ്പായും സഞ്ജു കളിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ. എന്നാൽ ആ പ്രതീക്ഷകളെയെല്ലാം അസ്ഥാനത്താക്കി മൂന്ന് മത്സരങ്ങളിലും താരം പുറത്ത് തന്നെയിരുന്നു.

ഇതിനെതിരെ വലിയ പ്രതിഷേധമാണ് ആരാധകരുടെയും മുൻ താരങ്ങളുടെയും ഭാഗത്ത് നിന്നുണ്ടായത്. പിന്നാലെ വിൻഡീസിനെതിരായ പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപനത്തിൽ സഞ്ജുവിനെ പാടെ തഴഞ്ഞു. ഇതോടെ പ്രതിഷേധം ശക്തമായി. ശിഖർ ധവാൻ പരുക്കേറ്റ് പുറത്തായതോടെയാണ് സഞ്ജുവിന് വീണ്ടും ടീമിലേക്ക് ക്ഷണം ലഭിച്ചത്. എന്നാൽ വിൻഡീസിനെതിരായി ഹൈദരാബാദിൽ നടന്ന മത്സരത്തിലും പ്ലെയിങ് ഇലവനിൽ താരത്തെ കാണാൻ സാധിച്ചില്ല.

Also Read: കോഹ്‌ലിയെ കളിയാക്കാൻ നിൽക്കേണ്ട, കളി കാര്യമാകും; വിൻഡീസിന് മുന്നറിയിപ്പുമായി അമിതാഭ് ബച്ചൻ

പല മുതിർന്ന താരങ്ങൾക്കും ടീമിലേക്ക് മടങ്ങിവരവ് ഒരുക്കിയ പരമ്പരയാണ് വിൻഡീസിന്റെ ഇന്ത്യൻ പര്യടനം. വിശ്രമത്തിലായിരുന്ന വിരാട് കോഹ്‌ലി, പരുക്കിന്റെ പിടിയിലായിരുന്ന മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ എന്നീ താരങ്ങളും ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്ലെയിങ് ഇലവനിൽ ഇടംപിടിക്കുക സഞ്ജുവിന് അത്ര എളുപ്പമുള്ള കാര്യമല്ല.

ബാറ്റിങ് ഓർഡറിൽ ആശങ്കയില്ലെന്ന് നായകൻ വിരാട് കോഹ്‌ലി നേരത്തെ വ്യക്തമാക്കി കഴിഞ്ഞു. ശിഖർ ധവാന്റെ അഭാവത്തിൽ രോഹിത് ശർമയ്ക്കൊപ്പം കഴിഞ്ഞ മത്സരം ഓപ്പൺ ചെയ്ത രാഹുൽ വെടിക്കെട്ട് ബാറ്റിങ്ങുമായി ഇന്ത്യൻ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. മൂന്നാം നമ്പരിൽ വിരാട് കോഹ്‌ലിയും നാലാം നമ്പരിലോ ഫിനിഷറുടെ റോളിലോ ശ്രേയസ് അയ്യരുമെത്തും. വിക്കറ്റിന് പിന്നിൽ റിഷഭ് പന്തിന് കൂടുതൽ അവസരങ്ങൾ നൽകുമെന്ന് മാനേജ്മെന്റ് പറയുന്ന സാഹചര്യത്തിൽ ഇന്നും വിക്കറ്റ് കീപ്പറുടെ ഗ്ലൗസ് അണിയുക റിഷഭ് പന്താകും.

Also Read: ‘നിങ്ങളിതു കാണുക…’; തൂവാല ദണ്ഡ് ആക്കിമാറ്റി ദക്ഷിണാഫ്രിക്കൻ താരത്തിന്റെ വിക്കറ്റ് ആഘോഷം, വീഡിയോ

നാല് ബോളർമാരും രണ്ട് ഓൾറൗണ്ടർമാരുമാണ് കഴിഞ്ഞ മത്സരത്തിലിറങ്ങിയത്. ഇതിന് പകരം തിരുവനന്തപുരത്ത് ഒരു ഓൾറൗണ്ടറെ മാത്രം ഇറക്കാൻ ഇന്ത്യൻ നായകൻ തീരുമാനിച്ചാൽ മാത്രമേ സഞ്ജുവിന് ടീമിൽ ഇടം ലഭിക്കൂ. ശിവം ദുബെയും രവീന്ദ്ര ജഡേജയുമാണ് കഴിഞ്ഞ മത്സരത്തിൽ ഓൾറൗണ്ടർമാരുടെ റോളിൽ എത്തിയത്. ഇവരിൽ ജഡേജ മാത്രമാണ് ബോളിങ്ങിൽ തിളങ്ങിയതും. ഈ സാഹചര്യത്തിൽ അത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിയാൽ ദുബെ പുറത്തിരുന്നേക്കും. ജന്മനാട് എന്ന പരിഗണന ടീം തിരഞ്ഞെടുപ്പിനെ ഒരു തരത്തിലും സ്വാധീനിക്കുമെന്ന് പറയാനാകില്ല. അതുകൊണ്ട് തന്നെ മധ്യനിരയിലെ മാറ്റം മാത്രമാകും സഞ്ജുവിന് വഴിതുറക്കുക.

മത്സരത്തിന് മുന്നോടിയായി ഹൈദരാബാദിൽ നിന്ന് തിരിക്കുന്നതിന് മുമ്പ് സഞ്ജു ഇൻസ്റ്റഗ്രമിൽ പോസ്റ്റിട്ടിരുന്നു. ഞങ്ങൾ തിരുവനന്തപുരത്തേക്ക് വരുന്നു എന്ന അടിക്കുറിപ്പോടെ പരിശീലനം നടത്തുന്ന ചിത്രമാണ് താരം പങ്കുവച്ചത്. മൈതാനത്ത് ഫീൾഡിങ് പരിശീലനത്തിന്റെ ഭാഗമായി വായുവിൽ പറക്കുന്ന സഞ്ജുവിനെ ഇന്ന് കാര്യവട്ടത്തെ ഗ്രീൻഫീൾഡിൽ കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook