ലോകകപ്പ് തോൽവിക്കുള്ള പകരംവീട്ടൽ അല്ലായെന്ന് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി പറയുമ്പോഴും ഓക്‌ലൻഡിൽ ഇന്ന് വാശിയേറിയ പോരാട്ടത്തിനായിരിക്കും ക്രിക്കറ്റ് ലോകം സാക്ഷിയാകുന്നത്. പുതുവർഷത്തിൽ നാട്ടിൽ കളിച്ച രണ്ട് പരമ്പരകളും സ്വന്തമാക്കിയ ഇന്ത്യ ന്യൂസിലൻഡിനെതിരായ മത്സരവും ജയിച്ച് വിദേശ മണ്ണിലും ആധിപത്യം തുടരാമെന്ന പ്രതീക്ഷയിലാണ്.
ന്യൂസിലൻഡിലേക്ക് എത്തുമ്പോൾ പരുക്ക് തന്നെയാണ് ഇന്ത്യയെ വലയ്ക്കുന്ന പ്രധാന പ്രശ്നം. ശിഖർ ധവാൻ, ഭുവനേശ്വർ കുമാർ, ദീപക് ചാഹർ എന്നിവർ പരുക്കിന്റെ പിടിയിലാണ്, പരുക്കിൽ നിന്ന് മുക്തനായെങ്കിലും ടീമിലേക്ക് മടങ്ങിയെത്താൻ ഹാർദ്ദിക് പാണ്ഡ്യയ്ക്കും ആയിട്ടില്ല. ഈ സാഹചര്യത്തിൽ വരാനിരിക്കുന്ന ലോകകപ്പ് കൂടി മുന്നിൽ കണ്ട് സഞ്ജു സാംസൺ ഉൾപ്പടെ ഒരുപിടി താരങ്ങൾ ഇന്ത്യൻ ടീമിനൊപ്പമുണ്ട്.
Read More: സഞ്ജുവിനായി കോഹ്‌ലി വഴിമാറുമോ? ന്യൂസിലൻഡ് പര്യടനത്തിലെ സാധ്യതകളിങ്ങനെ
തുടർച്ചയായ നാലം പരമ്പരയിലാണ് സഞ്ജു ഇന്ത്യൻ ടീമിലെത്തുന്നത്. എന്നാൽ ഒരു മത്സരത്തിൽ മാത്രമാണ് താരത്തിന് പ്ലെയിങ് ഇലവനിൽ കളിക്കാനായതും. ഇന്നും താരത്തിന്റെ സ്ഥാനം ബെഞ്ചിലായിരിക്കാനാണ് കൂടുതൽ സാധ്യത. റിഷഭ് പന്ത് ടീമിലുണ്ടെങ്കിലും വിക്കറ്റിന് പിന്നിൽ കെ.എൽ രാഹുലായിരിക്കും ഗ്ലൗ അണിയുകയെന്ന് നായകൻ കോഹ്‌ലി പ്രഖ്യാപിച്ച് കഴിഞ്ഞു. അതുകൊണ്ട് തന്നെ വിക്കറ്റ് കീപ്പറുടെ റോളിൽ സഞ്ജുവിനെ ടീമിലേക്ക് പ്രതീക്ഷിക്കാൻ നിർവാഹമില്ല.
രോഹിത് ശർമ്മയ്ക്കൊപ്പം ഇന്ത്യൻ ഇന്നിങ്സ് ഓപ്പൺ ചെയ്യുന്നതും രാഹുൽ തന്നെ. മൂന്നാം നമ്പരിൽ നായകൻ കോഹ്‌ലിയുടെ പരീക്ഷണങ്ങൾ തുടർന്നാൽ സഞ്ജുവിനൊപ്പം തന്നെ പരിഗണന ശിവം ദുബെയ്ക്കും ലഭിക്കും. പേസിനെ തുണയ്ക്കുന്ന പിച്ചിൽ ദുബെയെ പോലൊരു ബോളിങ് ഓൾറൗണ്ടർ ഇന്ത്യയ്ക്ക് ബോണസാണെന്നും പറയാം.
നാലാം നമ്പറിൽ കോഹ്‌ലിയും അഞ്ചാം നമ്പറിൽ ശ്രേയസ് അയ്യരുമെത്തും. ആറാം നമ്പറിലാണ് മറ്റൊരു മത്സരം നടക്കുന്നത്. റിഷഭ് പന്ത്, സഞ്ജു സാംസൺ, മനീഷ് പാണ്ഡെ എന്നീ താരങ്ങളിൽ ഒരാളെ ആറാം നമ്പറിൽ പ്രതീക്ഷിക്കാം. എന്നാൽ ഇവിടെയും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത് പന്തിനും മനീഷ് പാണ്ഡെയ്ക്കുമാണ്.
പേസിനെ തുണയ്ക്കുന്ന പിച്ചിൽ മൂന്ന് ജസ്പ്രീത് ബുംറയുൾപ്പടെ മൂന്ന് പേസർമാരാകും ഇന്ത്യൻ ബോളിങ്ങിന് ചുക്കാൻ പിടിക്കുന്നത്. വിശ്രമത്തിന് ശേഷം മടങ്ങിയെത്തിയ മുഹമ്മദ് ഷമിക്കൊപ്പം നവ്ദീപ് സൈനിക്കാണ് നിലവിൽ സാധ്യത കൽപ്പിക്കുന്നത്. യുസ്‌വേന്ദ്ര ചാഹലോ, കുൽദീപ് യാദവോ ടീമിലെത്തും. വാഷിങ്ടൺ സുന്ദറും ടീമിലിടം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മറുവശത്ത് കെയ്ൻ വില്യംസൺ നയിക്കുന്ന ന്യൂസിലൻഡ് നിരയിൽ ബാറ്റിങ്ങിന് ചുക്കാൻ പിടിക്കുന്നത് മുതിർന്ന താരങ്ങളായ മാർട്ടിൻ ഗുപ്റ്റിലും റോസ് ടെയ്‌ലറുമാണ്. ടിം സൗത്തി, ഇഷ് സോധി, ഹമീഷ് ബെന്നറ്റ് എന്നിവരാണ് ബോളിങ് കരുത്ത്.
ആദ്യ പന്ത് മുതൽ ആധിപത്യം നേടാമെന്ന് ഇന്ത്യ പ്രതീക്ഷിക്കുമ്പോൾ അത് തടയുക തന്നെയാണ് ന്യൂസിലൻഡിന്റെ പ്രധാന ദൗത്യം. എന്നാൽ കഴിഞ്ഞ വർഷം നടന്ന പരമ്പരയിൽ ജയം ന്യൂസിലൻഡിനൊപ്പമായിരുന്നു. അന്ന് 2-1നാണ് ആതിഥേയർ ഇന്ത്യയെ കീഴ്പ്പെടുത്തിയത്. ഇത്തവണ അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പരയാണ് ഇന്ത്യ ന്യൂസിലൻഡിൽ കളിക്കുന്നത്.