തിരുവനന്തപുരം: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ ഇടം ലഭിച്ചിട്ടും ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ സാധിക്കാത്ത താരമാണ് സഞ്ജു സാംസണ്‍. ടി20 പരമ്പരയില്‍ ലഭിക്കാതെ പോയ പരിഗണനയ്ക്ക് രഞ്ജി ട്രോഫി ക്രിക്കറ്റിലൂടെ മറുപടി നല്‍കുകയാണ് കേരളതാരം സഞ്ജു. ബംഗാളിനെതിരായ രഞ്ജി മത്സരത്തില്‍ സെഞ്ചുറി നേടിയാണ് സഞ്ജു താരമായത്. ടീമിനു പുറത്തിരിക്കേണ്ട താരമല്ല താനെന്ന് ബംഗാളിനെതിരായ ഇന്നിങ്‌സിലൂടെ ഓര്‍മിപ്പിക്കുകയായിരുന്നു സഞ്ജു.
Read Also: മലയാളികളോട് ദേഷ്യപ്പെട്ട് കോഹ്‌ലി; വീഡിയോ ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ
തിരുവനന്തപുരത്ത് നടക്കുന്ന രഞ്ജി മത്സരത്തില്‍ ബംഗാളിനെതിരെ സഞ്ജു നേടിയത് 116 റണ്‍സാണ്. 182 പന്തുകളില്‍ നിന്ന് 16 ഫോറും ഒരു സിക്‌സറും അടങ്ങിയതാണ് ഇന്നിങ്‌സ്. സഞ്ജു നേടുന്ന പത്താം ഫസ്റ്റ് ക്ലാസ് സെഞ്ചുറിയാണിത്. 15 റണ്‍സിനിടെ രണ്ട് വിക്കറ്റ് നഷ്ടമായ കേരളത്തെ ഒരറ്റത്തുനിന്ന് സഞ്ജു കരകയറ്റി. റോബിന്‍ ഉത്തപ്പ കേരളത്തിനുവേണ്ടി 50 റണ്‍സ് നേടി.
ടോസ് ലഭിച്ച കേരളം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഏഴ് വിക്കറ്റിന് 237 റണ്‍സാണ് കേരളം ഇതുവരെ നേടിയിരിക്കുന്നത്. സഞ്ജു സാംസണ്‍, റോബിന്‍ ഉത്തപ്പ എന്നിവരല്ലാതെ മറ്റ് താരങ്ങളൊന്നും കേരളത്തിനായി മികച്ച പ്രകടനം കാഴ്ചവച്ചില്ല.
Read Also: എനിക്കു വയ്യ, ഈ മലയാളികളുടെ ഒരു കാര്യം; വൈറലായി എലിക്കുട്ടിയുടെ വീഡിയോ
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 മത്സരത്തില്‍ സഞ്ജുവിനെ കളത്തിലിറക്കാത്തതിനെ തുടര്‍ന്ന് ഇന്ത്യന്‍ ടീമിന് നിരവധി വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ സഞ്ജുവിനെ ഒരു കളിയില്‍ പോലും ഇന്ത്യന്‍ സെലക്ടേഴ്‌സ് പരിഗണിച്ചില്ല. മലയാളികള്‍ അടക്കമുള്ള സഞ്ജു ആരാധകര്‍ ഇതിനെതിരെ രംഗത്തുവന്നിരുന്നു.