ഐപിഎൽ 2021ലെ ആദ്യ സെഞ്ചുറി നേടി സഞ്ജു സാംസൺ. ഒപ്പം ഒരു ചരിത്ര നേട്ടം കൂടി സഞ്ജു സ്വന്തമാക്കി. ഐപിഎല്ലിൽ ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ച മത്സരത്തിൽ തന്നെ സെഞ്ച്വറി നേടിയ ആദ്യ കളിക്കാരനെന്ന റെക്കോഡാണ് സഞ്ചുസ്വന്തമാക്കിയത്. ഐപിഎല്ലിൽ സഞ്ജുവിന്റെ മൂന്നാം സെഞ്ചുറിയാണിത്.
Read More: IPL 2021 RR vs PBKS: സഞ്ജുവിന്റെ ചരിത്രനേട്ടം തുണയായില്ല, പഞ്ചാബിനോട് തോറ്റ് ആർ ആർ
ഐപിഎല്ലിലെ നാലാം മത്സരത്തിൽ 63 പന്തിൽ 119 റൺസാണ് സഞ്ജു നേടിയത്. എന്നാൽ സഞ്ജുവിന്റെ കരുത്തുറ്റ പ്രകടനമുണ്ടായിട്ടും എതിരാളികളായ പഞ്ചാബ് കിങ്സിനോട് രാജസ്ഥാൻ പരാജയപ്പെട്ടു. പഞ്ചാബ് കിങ്സിനെതിരെ 222 റൺസ് വിജയലക്ഷ്യം മറികടക്കാൻ ലക്ഷ്യമിട്ടിറങ്ങിയ രാജസ്ഥാൻ റോയൽസിന് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 217 റൺസ് മാത്രമാണ് നേടാനായത്.മത്സരത്തിൽ പ്ലേയർ ഓഫ് ദ മാച്ച് സഞ്ജുവാണ്.
This one went down to the wire! Sanju goes for the big shot over cover, but doesn’t get all of it. Taken. @PunjabKingsIPL win by 4 runs.#VIVOIPL #RRvPBKS pic.twitter.com/HklxqlAGY2
— IndianPremierLeague (@IPL) April 12, 2021
കേരളത്തിന്റെ സ്വന്തം സഞ്ജു സാംസണ് രാജസ്ഥാന് റോയല്സിന്റെ നായകനായി ഇറങ്ങുന്ന ആദ്യ മത്സരത്തിനായി ആവേശത്തോടെയാണ് ആരാധകർ കാത്തിരുന്നത്. പഞ്ചാബിനോട് പരാജയപ്പെട്ടെങ്കിലും സഞ്ജുവിന്റെ സെഞ്ചുറി നേട്ടം ടീമിന്റെ ആരാധകർക്ക് ആശ്വാസമായി.. പോയ സീസണുകളിലെല്ലാം ആക്രമണ ശൈലി സ്വീകരിച്ച താരത്തെ നായകനെന്ന ഭാരം ഇത്തവണ എത്രത്തോളം ബിധിക്കുമെന്ന് ആശങ്കകളുയർന്നിരുന്നു.
പഞ്ചാബിനെതിരായ മത്സരത്തിൽ സഞ്ജുവിന്റെ പ്രകടനം മാത്രമാണ് രാജസ്ഥാൻ ബാറ്റിങ് നിരയിൽ എടുത്തു പറയാനുണ്ടായിരുന്നത്. മറ്റാർക്കും 30 റൺസ് പോലും തികയ്ക്കാനായില്ല.
ഓപ്പണർ ബെൻസ്റ്റോക്ക്സ് റണ്ണൊന്നുമെടുക്കാതെ പുറത്തായി. പിറകെ 12 റൺസ് മാത്രം നേടി മനാൻ വോഹ്റയും പുറത്തായി. മൂന്നാമനായിറങ്ങിയ സഞ്ജുവിന്റെ സെഞ്ചുറി പ്രകടനത്തിലൂടെ സ്കോർ നൂറും ഇരുന്നൂറും കടക്കാൻ രാജസ്ഥാന് സാധിച്ചു.
ജോസ് ബട്ട്ലർ 25 റൺസും ശിവം ദുബെ 23 റൺസും റിയാൻ പരാഗ് 25 റൺസും രാജസ്ഥാന് വേണ്ടി നേടിയ രാഹുൽ തെവാട്ടിയയും ക്രിസ് മോറിസു രണ്ട് വീതം റൺസ് നേടി.
പഞ്ചാബിന് വേണ്ടി അർഷദീപ് സിങ് മൂന്നും മുഹമ്മദ് ഷമി രണ്ടും വിക്കറ്റെടുത്തു. ജേ റിച്ചാഡ്സണും റിലീ മെരിഡ്ത്തും ഓരോ വിക്കറ്റും വീഴ്ത്തി.
നായകൻ കെഎൽ രാഹുലിന്റെയും ദീപക് ഹൂഡയുടെയും തകർപ്പൻ പ്രകടനത്തിലാണ് പഞ്ചാബ് കിങ്സ് സ്കോർ 200 കടത്തിയത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 221 റൺസ് നേടി. ഓപ്പണിങ് ചെയ്ത രാഹുൽ 50 പന്തിൽ നിന്ന് ഏഴ് ഫോറും അഞ്ച് സിക്സറുമടക്കം 91 റൺസ് നേടി. രാഹുലിന് പുറമെ ദീപക് ഹൂഡയും അർദ്ധ സെഞ്ചുറി നേടി. 28 പന്തിൽ നിന്ന് ആറ് സിക്സും നാല് ഫോറും അടക്കം 64 റൺസാണ് ഹൂഡ നേടിയത്. ക്രിസ് ഗെയ്ൽ 28 പന്തിൽ നിന്ന് 40 റൺസ് നേടി. മായങ്ക് അഗർവാൾ 14 റൺസെടുചത്ത് പുറത്തായി.
രാജസ്ഥാന് വേണ്ടി ചേതൻ സാകരിയ മൂന്ന് വിക്കറ്റും ക്രിസ് മോറിസ് രണ്ട് വിക്കറ്റും വീഴ്ത്തി. റിയാൻ പരാഗ് ഒരു വിക്കറ്റെടുത്തു.
മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മുംബൈ വാംഖഡെ സ്റ്റേഡിയത്തിലായിരുന്നു മത്സരം.