ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടർച്ചയായ രണ്ടാം അർധസെഞ്ചുറിയുമായി രാജസ്ഥാൻ റോയൽസിന് വിജയമൊരുക്കിയാണ് മലയാളി താരം സഞ്ജു സാംസൺ വീണ്ടും ക്രിക്കറ്റ് ലോകത്ത് വാർത്തകളിൽ നിറയുന്നത്. വെടിക്കെട്ട് പ്രകടനത്തോടൊപ്പം അനാവശ്യ ഷോട്ടുകൾ ഒഴിവാക്കി കൃത്യമായി റൺറേറ്റ് ഉയർത്തി ടീമിനെ വിജയത്തിലെത്തിക്കാൻ സാധിക്കുന്ന ഉത്തരവാദിത്വപ്പെട്ട താരമായി സഞ്ജു മാറിയിരിക്കുന്നുവെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. 42 പന്തിൽ 85 റൺസാണ് താരം ഇന്നലെ പഞ്ചാബിനെതിരെ അടിച്ചെടുത്തത്. ഏഴ് സിക്സും നാല് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.

മറുപടി ബാറ്റിങ്ങിൽ തുടക്കത്തിൽ തന്നെ ഓപ്പണർ ജോസ് ബട്‌ലറെ നഷ്ടമായ രാജസ്ഥാൻ റോയൽസിനു വേണ്ടി ഒരിക്കൽ കൂടി സ്‌മിത്ത് – സഞ്ജു കൂട്ടുകെട്ട് വിജയ പാത തെളിയിച്ചു. ഇത്തവണ അക്രമിച്ച് കളിച്ചത് സ്മിത്തായിരുന്നു. ആദ്യം അർധസെഞ്ചുറി തികച്ചതും നായകൻ തന്നെ. 27 പന്തിൽ രണ്ട് സിക്സും ഏഴ് ഫോറും അടക്കം 50 റൺസെടുത്ത് സ്‌മിത്ത് അർധശതകത്തിന് പിന്നാലെ കൂടാരം കയറി. തകർപ്പനടികൾക്ക് നായകൻ നിയോഗിച്ച നാലാമൻ രാഹുൽ തെവതിയ തുടക്കത്തിൽ വൻ പരാജയമാകുന്നതായിരുന്നു കണ്ടത്. ഡോട്ട് ബോളുകൾ സൃഷ്ടിക്കുന്നതോടൊപ്പം റൺറേറ്റും കുത്തനെ താഴേക്ക് പതിക്കാൻ തെവതിയുടെ പ്രകടനം കാരണമായി. ഇത് സഞ്ജുവിന്റെ സമ്മർദ്ദം ഉയർത്തുന്നതുമായിരുന്നു.

എന്നാൽ പ്രതീക്ഷ കൈവിടാതെ ബാറ്റ് വീശിയ താരം അനായസം അർധസെഞ്ചുറി തികച്ച് മുന്നേറി. രാഹുൽ തെവതിയെ നിരശനാക്കാതെ കൂടുതൽ ആത്മവിശ്വാസം നൽകാനും സഞ്ജുവിന്റെ പ്രകടനം കാരണമായി. സഞ്ജു പുറത്തായതോടെ ഇനി തന്റെ ഉത്തരവാദിത്വമാണ് എന്ന തിരിച്ചറിവോടെ തെവതിയ ബാറ്റ് വീശാനും കാരണം അത് തന്നെ.

Also Read: IPL 2020: വിജയവഴിയിൽ തിരിച്ചെത്താൻ ബാംഗ്ലൂർ നിരയിൽ അനിവാര്യമായ മൂന്ന് മാറ്റങ്ങൾ

മത്സരത്തിന് പിന്നാലെ മലയാളി താരത്തിന് പ്രശംസയുമായി നിരവധി പ്രമുഖരാണ് എത്തിയത്. മുൻ ഇന്ത്യൻ താരങ്ങളായ യുവരാജ് സിങ്, ഗൗതം ഗംഭീർ എന്നിവരടക്കം ഒരുപാട് പേർ സഞ്ജുവിന്റെ പ്രകടനത്തെ പ്രംശസിച്ച് സമൂഹമാധ്യമങ്ങളിൽ തങ്ങളുടെ അഭിപ്രായങ്ങൾ പോസ്റ്റ് ചെയ്തു. ഇതിൽ എടുത്തു പറയേണ്ടത് ഗംഭീറിന്റെ തന്നെ ട്വീറ്റ് ആണ്.

Also Read: പറക്കും പുറാൻ; വിശ്വസിക്കാനാവാതെ സഞ്ജു, എഴുന്നേറ്റ് നിന്ന് കയ്യടിച്ച് ജോണ്ടി-വീഡിയോ

“സഞ്ജു സാംസൺ അടുത്ത ആരേലും ആകേണ്ട ആവശ്യമില്ല. അവൻ ഇന്ത്യൻ ക്രിക്കറ്റിന്റെ സഞ്ജു സാംസൺ ആയിരിക്കും.” ശശി തരൂർ എംപിയുടെ ട്വീറ്റിന് മറുപടിയായിട്ടായിരുന്നു ഗംഭീറിന്റെ അഭിപ്രായ പ്രകടനം. സഞ്ജു സാംസണിനെ ഒരു ദശാബ്ദകാലമായി അറിയാമെന്നും അവനു 14 വയസുള്ളപ്പോൾ നീ അടുത്ത ധോണിയാകുമെന്ന് അന്നേ പറഞ്ഞിരുന്നെന്നുമാണ് തരൂർ ട്വിറ്ററിൽ കുറിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook