മലയാളി താരം സഞ്ജു സാംസൺ ഒരിക്കൽ കൂടി തന്റെ ഫീൽഡിങ് മികവ് പുറത്തെടുത്തപ്പോൾ ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകരുടെ കണ്ണ് തള്ളി. സിക്‌സ് ആകുമെന്ന് കരുതിയ പന്താണ് സഞ്ജു വായുവിൽ പറന്ന് കെെപിടിയിലാക്കിയത്. നിയന്ത്രണം നഷ്ടപ്പെട്ട് താൻ ബൗണ്ടറി ലെെൻ കടക്കുമെന്ന് തോന്നിയപ്പോൾ വളരെ വേഗത്തിൽ കെെയിലുണ്ടായിരുന്ന പന്ത് സുരക്ഷിത സ്ഥാനത്തേക്ക് നീക്കാനും സഞ്ജുവിന് സാധിച്ചു.

ശർദുൽ താക്കൂറിന്റെ ഓവറിലായിരുന്നു സഞ്ജുവിന്റെ മികച്ച ഫീൽഡിങ് കാണികൾ കണ്ടത്. മത്സരത്തിന്റെ 14-ാം ഓവറിലെ രണ്ടാം പന്ത് മാക്‌സ്‌വെൽ കൂറ്റനടിയ്‌ക്ക് ശ്രമിച്ചു. നായകൻ കോഹ്‌ലി അടക്കമുള്ളവർ അത് സിക്‌സ് ആയിരിക്കുമെന്ന് ഉറപ്പിച്ചു. ബാറ്റ് ചെയ്യുകയായിരുന്ന മാക്‌സ്‌വെൽ അത് സിക്‌സ് ആണെന്ന് കരുതി ക്രീസിൽ തന്നെ നിന്നു. എന്നാൽ, അവിടെയാണ് സഞ്ജുവിന്റെ ഇടപെടൽ.

ബൗണ്ടറി ലൈനിനരികെ നിന്ന് സഞ്ജു ആ പന്ത് കൈപിടിയിലാക്കി. വായുവിൽ പറന്നാണ് സഞ്ജു അത് സ്വന്തമാക്കിയത്. എന്നാൽ, താൻ വീഴാനും ബൗണ്ടറിയാകാനും സാധ്യതയുണ്ടെന്ന് മനസിലായപ്പോൾ സഞ്ജു പന്ത് ഗ്രൗണ്ടിലേക്ക് എറിഞ്ഞു. ഓസീസിന് ആറ് റൺസ് ലഭിക്കേണ്ട സമയത്താണ് സഞ്ജുവിന്റെ സാഹസികമായ ഇടപെടൽ. രണ്ട് റൺസ് ഓടിയെടുക്കാനേ ഓസീസിന് ഈ സമയത്ത് കഴിഞ്ഞുള്ളൂ.

ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ കിങ്‌സ് ഇലവൻ പഞ്ചാബ് താരം നിക്കോളാസ് പൂറാൻ സമാന രീതിയിൽ നടത്തിയ ശ്രമത്തോടാണ് കമന്ററി ബോക്‌സിലുള്ളവർ സഞ്ജുവിന്റെ ഫീൽഡിങ് മികവിനെ വിശേഷിപ്പിച്ചത്. മാത്രമല്ല, തന്റെ ടീമിനുവേണ്ടി നാല് റൺസ് സംരക്ഷിക്കാൻ സഞ്ജുവിന് സാധിച്ചെന്നും കമന്റേറ്റർമാർ പറഞ്ഞു. ഐസിസിയും സഞ്ജുവിന്റെ പരിശ്രമത്തെ പ്രശംസിച്ചു.

ആദ്യ ടി 20 യിലും സഞ്ജുവിന്റെ മികച്ച ഫീൽഡിങ് പ്രശംസിക്കപ്പെട്ടിരുന്നു. കാൻബറെയിൽ നടന്ന ആദ്യ ടി 20 മത്സരത്തിൽ ഓസീസ് താരം സ്റ്റീവ് സ്‌മിത്തിനെ കിടിലൻ ക്യാച്ചിലൂടെയാണ് സഞ്ജു പുറത്താക്കിയത്.

ഓസീസിനെതിരായ മൂന്നാം ടി 20 യിലും കളിക്കാൻ അവസരം ലഭിച്ചത് സഞ്ജുവിന് കൂടുതൽ സാധ്യതകൾ തുറക്കപ്പെടുന്നു എന്നതിന്റെ സൂചനയാണ്. മികച്ച രീതിയിൽ ഫീൽഡ് ചെയ്യുന്ന സഞ്ജു ബാറ്റിങ്ങിൽ കൂടി സ്ഥിരത തെളിയിച്ചാൽ ടി 20 ലോകകപ്പ് ടീമിൽ അടക്കം ഇടം ലഭിക്കാൻ അവസരമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook