വിജയ് ഹസാരെ ട്രോഫിയില്‍ ഗോവയ്‌ക്കെതിരായ മത്സരത്തിലെ മിന്നും പ്രകടനത്തിലൂടെ ഇന്ത്യന്‍ ടീമിലേക്കുള്ള വാതിലില്‍ ശക്തമായി വീണ്ടും മുട്ടിയിരിക്കുകയാണ് സഞ്ജു സാംസണ്‍. ഇരട്ട സെഞ്ചുറിയിലൂടെ സഞ്ജു ഇന്നു പഴങ്കഥയാക്കിയതു നിരവധി റെക്കോര്‍ഡുകൾ.

പത്ത് സിക്‌സും 21 ഫോറുമടക്കം 212 റണ്‍സാണ് സഞ്ജു പുറത്താകാതെ നേടിയത്. ഇതോടെ വിജയ് ഹസാരെ ട്രോഫിയിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറെന്ന റെക്കോര്‍ഡ് ഇനി സഞ്ജുവിന് സ്വന്തം. ഉത്തരാഖണ്ഡിന്റെ കരണ്‍വീര്‍ കൗഷലിന്റെ 202 റണ്‍സിന്റെ റോക്കോര്‍ഡാണ് സഞ്ജു മറികടന്നത്. ടൂര്‍ണമെന്റിലെ രണ്ടാമത്തെ ഡബിള്‍ സെഞ്ചുറിയുമാണിത്.

ലിസ്റ്റ് എ ക്രിക്കറ്റില്‍ അഞ്ച് മത്സരങ്ങളില്‍നിന്നു സഞ്ജുവിന് ഇതുവരെ നേടാനായത് ഒരു അര്‍ധ സെഞ്ചുറി മാത്രമായിരുന്നു. ആദ്യ സെഞ്ചുറി തന്നെ ഇരട്ട സെഞ്ചുറിയാക്കി മാറ്റിയിരിക്കുകയാണ് മലയാളികളുടെ അഭിമാന താരം.

ലിസ്റ്റ് എ ക്രിക്കറ്റില്‍ ഒരു വിക്കറ്റ് കീപ്പര്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് സഞ്ജു നേടിയത്. പാക്കിസ്ഥാന്റെ അബിദ് അലിയുടെ 209 റണ്‍സിന്റെ റെക്കോര്‍ഡാണ് സഞ്ജു മറികടന്നത്. ഇസ്ലാമാബാദിനായി പാക്കിസ്ഥാന്‍ നാഷണല്‍ വണ്‍ ഡേയില്‍ പെഷാവറിനെതിരെയായിരുന്നു അബിദിന്റെ നേട്ടം.

Read More: സഞ്ജു ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലും ബാറ്റ് ചെയ്യും, എന്തുകൊണ്ട് ഇന്ത്യന്‍ ടീമിലേക്ക് വാതില്‍ തുറക്കുന്നില്ല

ലിസ്റ്റ് എ ക്രിക്കറ്റില്‍ ഡബിൾ സെഞ്ചുറി നേടുന്ന ആറാമത്തെ ഇന്ത്യന്‍ താരമാണ് സഞ്ജു.നേരത്തെ ഈ നേട്ടം സ്വന്തമാക്കിയത് സച്ചിനും സെവാഗും രോഹിത് ശര്‍മ്മയും കരണ്‍വീര്‍ കൗശലും ശിഖര്‍ ധവാനുമാണ്. ആഭ്യന്തര ക്രിക്കറ്റില്‍ ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണു സഞ്ജു.

125 പന്തുകളിലാണ് സഞ്ജു 200 കടന്നത്. അതിവേഗം ഇരട്ട സെഞ്ചുറി നേടുന്ന ഇന്ത്യന്‍ താരവും ലോകത്തെ രണ്ടാമത്തെ താരവുമായി മാറി ഇതോടെ സഞ്ജു. ഒന്നാമതുള്ളത് 120 പന്തുകളില്‍ നിന്നും ഓസീസ് താരം ട്രാവിസ് ഹീഡാണ്. മൂന്നാമതിറങ്ങി ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരവുമാണ് സഞ്ജു.

സഞ്ജുവിനൊപ്പം മികച്ച പ്രകടനമാണ് സച്ചിന്‍ ബേബിയും പുറത്തെടുത്തത്.സച്ചിന്‍ 135 പന്തില്‍നിന്നു 127 റണ്‍സ് നേടി. ഇരുവരും ചേര്‍ന്ന് 338 റണ്‍സ് നേടി. ലിസ്റ്റ് എ ക്രിക്കറ്റില്‍ മൂന്നാം വിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണിത്. 1994 ല്‍ വോര്‍സെറ്റ്ഷയറിനായി ടിം കര്‍ട്ടിസും ടോം മൂഡിയും ചേര്‍ന്നു നേടിയ 309 റെക്കോര്‍ഡാണ് ഇരുവരും ഇന്ന് മറികടന്നത്. 377 റണ്‍സുമായാണ് കേരളം ഇന്നിങ്‌സ് അവസാനിപ്പിച്ചത്.

ഇന്ത്യന്‍ താരങ്ങളുടെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടെന്ന നേട്ടമാണ് സഞ്ജുവും സച്ചിൻ ബേബിയും ചേര്‍ന്ന് അടിച്ചെടുത്തത്. സച്ചിന്‍ ടെന്‍ഡുല്‍ക്കറും രാഹുല്‍ ദ്രാവിഡും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ ന്യൂസിലന്‍ഡിനെതിരെ പടുത്തുയര്‍ത്തിയ 331 റണ്‍സായിരുന്നു ഇതിന് മുമ്പുണ്ടായിരുന്ന ഏറ്റവും വലിയ ഇന്ത്യന്‍ താരങ്ങളുടെ കൂട്ടുകെട്ട്. ഇതാണ് മലയാളി താരങ്ങള്‍ പൊളിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook