scorecardresearch

കാത്തിരിപ്പ് കാര്യവട്ടത്ത് അവസാനിക്കുമോ?; ഇന്ത്യൻ ടീമിലേക്ക് വീണ്ടും സഞ്ജു

2015ൽ സിംബാവെയ്ക്കെതിരെയായിരുന്നു സഞ്ജു ആദ്യമായും അവസാനമായും ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്

sanju samson,സഞ്ജു സാംസണ്‍, indian cricket team,ഇന്ത്യന്‍ ക്രിക്കറ്റ് ടീം, team india,ടീം ഇന്ത്യ, india vs bangladesh, sanju india, sanju in indian team, ie malayalam,

ആരാധകരുടെയും ക്രിക്കറ്റ് പ്രമുഖരുടെയും കാത്തിരിപ്പും പ്രതിഷേധവും വെറുതെയായില്ല. സഞ്ജു സാംസണിന് ഒരിക്കൽ കൂടി ഇന്ത്യൻ ടീമിലേക്ക് ക്ഷണം. 2015ന് ശേഷം ബംഗ്ലാദേശിനെതിരായി ഈ മാസം നടന്ന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയിരുന്നെങ്കിലും ഒരുതവണ പോലും പാഡണിയാൻ അവസരം ലഭിച്ചില്ല. ഇതിന് പിന്നാലെ വിൻഡീസ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽനിന്ന് സഞ്ജുവിനെ ഒഴിവാക്കിയതും വലിയ വിവാദമായിരുന്നു. എന്നാൽ ശിഖർ ധവാന്റെ പരുക്ക് ഒരിക്കൽ കൂടി സഞ്ജുവിന് മുന്നിൽ ഇന്ത്യൻ ടീമിലേക്കുള്ള വാതിൽ തുറന്നിടുകയാണ്.

2015ൽ സിംബാവെയ്ക്കെതിരെയായിരുന്നു സഞ്ജു ആദ്യമായും അവസാനമായും ഇന്ത്യയ്ക്കുവേണ്ടി കളിച്ചത്. പിന്നീട് നിരവധി തവണ താരത്തിന് അവസരം ലഭിക്കുമെന്ന് കരുതിയെങ്കിലും ടീം സെലക്ടർമാരുടെ അവസാന പട്ടികയിൽനിന്ന് പലപ്പോഴും സഞ്ജു തഴയപ്പെട്ടു. കഴിഞ്ഞ തവണ സെലക്ടർമാരുടെ പട്ടികയിൽ ഉൾപ്പെട്ടപ്പോൾ നായകന്റെ പ്ലേയിങ് ഇലവനിൽ താരത്തിന് ഇടമുണ്ടായില്ല. അടുത്ത പരമ്പരയിൽ വീണ്ടും താരത്തെ തിരികെ വിളിച്ചിരിക്കുകയാണ് ഇന്ത്യൻ ടീം.

Also Read: ഐസിസി ടെസ്റ്റ് റാങ്കിങ്ങ്: ഒന്നാം സ്ഥാനത്തേക്ക് വീണ്ടും അടുത്ത് വിരാട് കോഹ്‌ലി; ആദ്യ പത്തിലേക്ക് കുതിച്ച് മായങ്ക്

ആഭ്യന്തര ക്രിക്കറ്റിലെ മിന്നും ഫോമാണ് ഇത്തവണയും സഞ്ജുവിന് അവസരമൊരുക്കിയത്. വിജയ് ഹസാരെ ട്രോഫിയിലെ ഇരട്ട സെഞ്ചുറിയിലൂടെ ഇത്രനാള്‍ തന്നെ കേള്‍ക്കാതിരുന്ന സെലക്ടര്‍മാരുടെ ചെവി തുറക്കുന്നൊരു വെടിക്കെട്ടാണ് സഞ്ജു നടത്തിയത്.  ഗോവയ്‌ക്കെതിരായ മത്സരത്തില്‍ പത്ത് സിക്‌സും 21 ഫോറുമടക്കം 212 റണ്‍സാണ് സഞ്ജു നേടിയത്. ഇതോടെ വിജയ് ഹസാരെ ട്രോഫിയിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറെന്ന റെക്കോര്‍ഡും സഞ്ജു തന്റേതാക്കി മാറ്റിയിരുന്നു.

ലിസ്റ്റ് എ ക്രിക്കറ്റില്‍ ഒരു വിക്കറ്റ് കീപ്പര്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് സഞ്ജുവിന്റേത്. പാക്കിസ്ഥാന്റെ ആബിദ് അലിയുടെ 209 റണ്‍സിന്റെ റെക്കോര്‍ഡാണ് സഞ്ജു മറികടന്നത്. ഇസ്ലാമാബാദിനായി പാക്കിസ്ഥാന്‍ നാഷണല്‍ വണ്‍ ഡേയില്‍ പെഷാവറിനെതിരെയായിരുന്നു ആബിദിന്റെ നേട്ടം. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ചുറി നേടുന്ന ആറാമത്തെ ഇന്ത്യന്‍ താരമാണ് സഞ്ജു. നേരത്തെ ഈ നേട്ടം സ്വന്തമാക്കിയത് സച്ചിനും സെവാഗും രോഹിത് ശര്‍മയും കരണ്‍വീര്‍ കൗശലും ശിഖര്‍ ധവാനുമാണ്. ആഭ്യന്തര ക്രിക്കറ്റില്‍ ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണു സഞ്ജു. ഇതിന് തൊട്ടുമുമ്പ് കാര്യവട്ടത്ത് നടന്ന ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരെ നടന്ന മത്സരത്തിലും സഞ്ജു മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. 48 പന്തുകളില്‍ നിന്നും 91 റണ്‍സുമായി സഞ്ജു കാര്യവട്ടത്ത് നിറഞ്ഞാടി.

Also Read: തലയുയർത്തി നിൽക്കാൻ പഠിച്ചു, തുടങ്ങിവച്ചത് ദാദയും സംഘവും: വിരാട് കോഹ്‌ലി

ബംഗ്ലാദേശിനെതിരായ പരമ്പരയിൽ ഒരു മത്സരം പോലും കളിക്കാതെ ആഭ്യന്തര ക്രിക്കറ്റിൽ തിരികെയെത്തിയ സഞ്ജു വീണ്ടും ക്രീസിൽ തിളങ്ങി. അസമിനെതിരെ അർധസെഞ്ചുറി തികച്ചായിരുന്നു താരം ആഭ്യന്തര ക്രിക്കറ്റിൽ വീണ്ടും സജീവമായത്.

ഇത്തവണ നേരത്തെ പ്രഖ്യാപിച്ച ടീമിൽ പകരക്കാരനായാണ് സഞ്ജു എത്തുന്നത്. പരുക്കേറ്റ ശിഖർ ധവാനു പകരം താരം ഇന്ത്യൻ ടീമിലേക്ക് എത്തുമ്പോൾ ആരാധകർക്ക് അത്ര പ്രതീക്ഷയൊന്നുമില്ല, ഇതുവരെയുള്ള അനുഭവങ്ങളാണ് കാരണം. എന്നാൽ ഇത്തവണ സഞ്ജുവിന്റെ സാധ്യതകൾ കുറച്ചുകൂടെ സജീവമാണെന്ന് പറയാം. ഓപ്പണറായ ധവാൻ പുറത്തേക്കു പോകുമ്പോൾ ഓപ്പണറുടെ റോളിൽ കെ.എൽ.രാഹുലെത്തും. മൂന്നാം നമ്പറിൽ നായകൻ വിരാട് കോഹ്‌ലിയും നാലാം നമ്പറിൽ ശ്രേയസ് അയ്യരും എത്തുമ്പോൾ അഞ്ചാം നമ്പറിൽ മത്സരിക്കുക മനീഷ് പാണ്ഡെയും സഞ്ജുവുമായിരിക്കും. ബംഗ്ലാദേശിനെതിരായ അവസാന മത്സരത്തിൽ മനീഷ് പാണ്ഡെ കളിച്ചിരുന്നു.

2020ൽ ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പ് കൂടി മുന്നിൽ കണ്ടുകൊണ്ട് ടീമിനെ ഒരുക്കുന്നുവെന്ന് പറയുന്ന ഇന്ത്യയ്ക്ക് ഇനിയും സഞ്ജുവിന്റെ മുന്നിൽ വാതിലടയ്ക്കാനാവില്ല. മനീഷ് പാണ്ഡെയ്ക്കും സഞ്ജുവിനും ഇനി ഒരേപോലെ അവസരങ്ങൾ നൽകണം. അതുകൊണ്ട് കാര്യവട്ടത്തെങ്കിലും താരം കളിക്കുമെന്ന് പ്രതീക്ഷിക്കാം.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Sanju samson back to indian t20 squad against west indies