നിലവിലെ സാഹചര്യത്തിൽ കുട്ടി ക്രിക്കറ്റിൽ ഇന്ത്യയുടെ രണ്ടാം വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് പോലും എം.എസ്.ധോണിയെ പരിഗണിക്കുന്നില്ലെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ കുറച്ച് നാളുകളായി വലിയ വിമർശനമാണ് മുൻ ഇന്ത്യൻ നായകന്റെ പ്രകടനത്തിൽ ഉയർന്ന് വരുന്നത്. ലോകകപ്പിന് ശേഷം ക്രിക്കറ്റിൽ നിന്ന് തന്നെ വിരമിക്കും എന്ന തരത്തിൽ വാർത്തകളുണ്ടായിരുന്നെങ്കിലും ഇത് സംബന്ധിച്ച സ്ഥിരീകരണങ്ങൾ ഒന്നും ഔദ്യോഗികമായി ലഭിച്ചിരുന്നില്ല.
ലോകകപ്പിന് ശേഷം ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുത്ത ധോണി സൈനിക സേവനത്തിനും പോയിരുന്നു. രണ്ട് മാസത്തെ ഇടവേളയാണ് ധോണി ക്രിക്കറ്റിൽ നിന്നും എടുത്തിരിക്കുന്നത്. ഇതിനാൽ തന്നെ ഇന്ത്യയുടെ വിൻഡീസ് പര്യടനത്തിൽ ധോണിയെ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ മടങ്ങിയെത്തിയാലും ഇന്ത്യയുടെ ടി20 സ്ക്വാഡിൽ ധോണി ഉണ്ടാകില്ലയെന്നാണ് സൂചന. ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനത്തിൽ താരമുണ്ടാകില്ലായെന്ന് കഴിഞ്ഞ ദിവസം വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തിരുന്നു.
വരാനിരിക്കുന്ന ടി20 ലോകകപ്പ് കൂടി മുന്നിൽ കണ്ട് യുവതാരങ്ങൾക്ക് കൂടുതൽ അവസരം നൽകാനാണ് മാനേജ്മെന്റും സെലക്ടേഴ്സും ഒരുങ്ങുന്നത്. നേരത്തെ ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിൽ ധോണിക്ക് പകരം ഋഷഭ് പന്താണ് വിക്കറ്റിന് പിന്നിൽ ഗ്ലൗസണിഞ്ഞത്. ഈ സ്ഥിതി മുന്നോട്ട് കൊണ്ടുപോകാനായിരിക്കും ഇന്ത്യൻ ടീം ശ്രമിക്കുക.
ഓസ്ട്രേലിയയിൽ 2020ലാണ് ടി20 ലോകകപ്പ് നടക്കുന്നത്. സീനിയർ ടീമിൽ വിക്കറ്റ് കീപ്പറെന്ന നിലയിൽ സ്ഥാനം ഉറപ്പിച്ചെങ്കിലും ഋഷഭ് പന്തിന്റെ ബാറ്റിങ് വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കൂടുതൽ വിക്കറ്റ് കീപ്പർമാരെ പരീക്ഷിക്കാനും സെലക്ടർമാർക്ക് മേൽ സമ്മർദ്ദം ഉണ്ട്. ഗൗതം ഗംഭീർ ഉൾപ്പടെയുള്ള താരരങ്ങൾ ഈ ആവശ്യവുമായി രംഗത്തെത്തിയിരുന്നു.
അങ്ങനെയെങ്കിൽ മലയാളി താരം സഞ്ജു സാംസണിനെയും ഇഷാൻ കിഷനിനെയുമാണ് രണ്ടും മൂന്നും വിക്കറ്റ് കീപ്പർമാരായി പരിഗണിക്കുന്നത്. ഇന്ത്യ എ ടീമിന്റെ ഭാഗമാണ് നിലവിൽ ഇരുവരും. ദക്ഷിണാഫ്രിക്ക എ ടീമിന്റെ ഇന്ത്യൻ പര്യടനത്തിൽ ഇരുവർക്കും അവസരവും നൽകുന്നുണ്ട്. ഈ മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്താൽ ഇന്ത്യൻ സീനിയർ ടീമിലേക്ക് ഇരുവർക്കും അവസരം ലഭിച്ചേക്കും. ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ആദ്യ മൂന്ന് മത്സരങ്ങളിൽ ഇഷാൻ കിഷനും അവസാന രണ്ട് ഏകദിനങ്ങളിൽ സഞ്ജു സാംസണുമാണ് ഇന്ത്യ എയ്ക്ക് വേണ്ടി കീപ്പർ ഗ്ലൗണണിയുക.