ആരാധകർ കാത്തിരുന്ന മലയാളി ക്രിക്കറ്റ് താരം സഞ്ജു സാസണിന്റെ വിവാഹം നാളെ. തിരുവനന്തപുരം സ്വദേശിയായ ചാരുലതയാണ് വധു. നീണ്ട അഞ്ച് വർഷത്തെ പ്രണയത്തിനൊടുവിലാണ് സഞ്ജു തന്റെ പ്രിയസഖിയെ കൂടെ കൂട്ടുന്നത്. കൊച്ചിയിലാണ് വിവാഹ ചടങ്ങുകൾ.

മാർ ഇവനിയോസ് കോളേജിലെ സഹപാഠിയായ ചാരുവുമൊത്തുള്ള പ്രണയം കഴിഞ്ഞ സെപ്റ്റംബറിലാണ് സഞ്ജു വെളിപ്പെടുത്തിയത്. സോഷ്യൽ മീഡിയയിലെ രസകരമായൊരു പോസ്റ്റിലൂടെയാണ് സഞ്ജു തന്റെ പ്രണയം പുറംലോകത്തെ അറിയിച്ചത്. തിരുവനന്തപുരം ഗൗരീശപട്ടം സ്വദേശിനിയാണ് ചാരുലത.

ചാരുലതയ്ക്ക് ആദ്യമായി താനൊരു മെസേജ് അയച്ച ദിവസവും സമയവും പറഞ്ഞുകൊണ്ടാണ് സഞ്ജുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. ”2013 ഓഗസ്റ്റ് 22-ാം തീയതി രാത്രി 11.11ന് ഞാനവൾക്ക് ആദ്യമായി ‘ഹായ്’ എന്ന് മെസേജ് അയച്ചു. അന്നു മുതൽ 5 വർഷമായി അവൾക്കൊപ്പമുളള ഒരു ചിത്രം പോസ്റ്റ് ചെയ്യാൻ ഞാൻ കാത്തിരിക്കുകയായിരുന്നു. വളരെ സ്പെഷ്യൽ ആയ ഒരു പെൺകുട്ടിയുമായി പ്രണയത്തിലാണെന്ന് ഇന്ന് ഞാൻ ലോകത്തോട് വിളിച്ചു പറയുകയാണ്. ഞങ്ങൾ ഇരുവരും ഒരുമിച്ച് സമയം ചെലവഴിച്ചു, പക്ഷേ ഞങ്ങൾക്കൊരിക്കലും പൊതുജനമധ്യത്തിൽ ഒരുമിച്ച് നടക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഇന്നു മുതൽ ഞങ്ങൾക്ക് അതിന് കഴിയും. ഞങ്ങളുടെ ബന്ധം അംഗീകരിച്ച മാതാപിതാക്കളോട് ഞാൻ നന്ദി പറയുന്നു. ചാരുവിനൊപ്പമുളള ഓരോ നിമിഷവും ഞാൻ സന്തോഷവാനാണ്. ചാരുവിനെപ്പോലെ വളരെ സ്പെഷ്യൽ ആയ ഒരു പെൺകുട്ടിയെ കിട്ടിയത് അനുഗ്രഹമാണ്”’, ഇതായിരുന്നു സഞ്ജുവിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്.