ലോകകപ്പ് സെമിഫൈനലിൽ ന്യൂസിലൻഡിനോട് തോറ്റ് ഇന്ത്യ പുറത്തായപ്പോൾ ഏറ്റവും കൂടുതൽ ചർച്ചയായത് എം.എസ്.ധോണിയുടെ ബാറ്റിങ് പൊസിഷനെക്കുറിച്ചാണ്. ധോണിയെ സെമിഫൈനൽ മൽസരത്തിൽ ഏഴാമതായി ഇറക്കാനുളള തീരുമാനം ബാറ്റിങ് കോച്ച് സഞ്ജയ് ബംഗാറിന്റേതായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. പക്ഷേ ഈ ആരോപണം നിഷേധിച്ചുകൊണ്ട് ധോണിയുടെ ബാറ്റിങ് പൊസിഷൻ മാറ്റാനുളള തീരുമാനത്തിനു പിന്നിൽ താൻ മാത്രമായിരുന്നില്ലെന്ന് പറഞ്ഞിരിക്കുകയാണ് ബംഗാർ.

സെമിഫൈനലിൽ ഇന്ത്യയുടെ വിക്കറ്റുകൾ തുടരെ തുടരെയാണ് വീണത്. രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും പെട്ടെന്നു തന്നെ മടങ്ങി. ഇതിനുപിന്നാലെ ഇന്ത്യയുടെ പരിചയ സമ്പന്നനായ കളിക്കാരൻ ധോണി ഇറങ്ങുമെന്നാണ് ആരാധകർ കരുതിയത്. എന്നാൽ ദിനേശ് കാർത്തിക്കും റിഷഭ് പന്തും ഹാർദിക് പാണ്ഡ്യക്കും ശേഷം, 31-ാം ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യൻ സ്കോർ 92 ൽ നിൽക്കുമ്പോഴാണ് ധോണി ഇറങ്ങിയത്.

സെമിഫൈനലിലെ ഇന്ത്യയുടെ തോൽവിക്ക് കാരണം ധോണിയുടെ ബാറ്റിങ് പൊസിഷൻ മാറ്റിയതാണെന്നാണ് വിമർശനം ഉയർന്നത്. ധോണിയെ 7-ാമനായി ഇറക്കാനുളള തീരുമാനം സഞ്ജയ് ബംഗാറിന്റേത് മാത്രമായിരുന്നുവെന്നാണ് പിന്നാലെ റിപ്പോർട്ടുകൾ വന്നത്. ഈ റിപ്പോർട്ടുകൾക്ക് വ്യക്തത വരുത്തിയിരിക്കുകയാണ് സഞ്ജയ് ബംഗാർ.

Read Also: പട്ടാളക്യാമ്പിലും ആരാധകര്‍; സൈനിക ഉദ്യോഗസ്ഥന് ബാറ്റില്‍ ഓട്ടോഗ്രാഫ് നല്‍കി ധോണി

”ധോണിയെ വൈകി ഇറക്കിയതിന് കാരണക്കാരൻ ഞാനാണെന്നാണ് പലരും കരുതുന്നത്. എന്നെ വിശ്വസിക്കൂ, ഞങ്ങൾ ഇത്തരത്തിലുളള സാഹചര്യങ്ങളിൽ കൂടിയാലോച്ചശേഷമാണ് തീരുമാനമെടുക്കുക,” ബംഗാർ പറഞ്ഞു.

”ലോകകപ്പ് തുടങ്ങുമ്പോൾ തന്നെ ബാറ്റിങ് സംഘത്തിന് പ്രത്യേക ഉത്തരവാദിത്തങ്ങൾ നൽകിയിരുന്നു. മധ്യനിരയിൽ അതായത്, നമ്പർ 5, 6, 7 ൽ 30-40 ഓവർവരെ നിന്നു കളിക്കുന്ന സ്ഥിരതയാർന്ന താരങ്ങളെ ഇറക്കണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. സെമിഫൈനലിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ അഫ്ഗാനിസ്ഥാനെതിരായ മൽസരത്തിനുശേഷം ധോണിയുടെ ബാറ്റിങ് ഓർഡർ (അതുവരെ 5-ാമനായാണ് ധോണി ഇറങ്ങിയത്) അൽപം താഴ്‌ത്താൻ തീരുമാനിച്ചതായി വിരാട് കോഹ്‌ലി പറഞ്ഞു. 35 ഓവറിനുശേഷം ഡെത്ത് ഓവറുകളിൽ സ്കോർ കൂട്ടാൻ ധോണിക്ക് കഴിയുമെന്നതിനാലാണ് ഈ തീരുമാനമെന്നും കോഹ്‌ലി പറഞ്ഞിരുന്നു. അതിനാലാണ് സെമിയിൽ ധോണിയെ ആറാമനായി ഇറക്കാൻ തീരുമാനിച്ചത്.”

”വിക്കറ്റുകൾ വീഴാതിരിക്കാനും ഇന്നിങ്സ് പുനരുജ്ജീവിപ്പിക്കുന്നതിനുമായി ഞങ്ങൾ കൂടിയാലോചിച്ചശേഷം ദിനേശ് കാർത്തിക്കിന്റെ സ്ഥാനം ഉയർത്തി അഞ്ചാമനായി ഇറക്കി. ഫിനിഷിങ് ഭംഗിയാക്കാനായി വളരെ അനുഭവ പരിചയമുളള ഞങ്ങളുടെ കളിക്കാരനായ ധോണിയെ ഇറക്കിയില്ല. ഈ തീരുമാനം ടീമിന്റേതായിരുന്നുവെന്നാണ് രവി ശാസ്ത്രി പറഞ്ഞത്. എന്നിട്ടും ധോണിയെ ഏഴാമതായി ഇറക്കിയ തീരുമാനം എന്റേതായിരുന്നുവെന്നു മാത്രം കുറ്റപ്പെടുത്തുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല,” ബംഗാർ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook