വിന്‍ഡീസ് പര്യടനം കഴിഞ്ഞ് ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം ഇന്ത്യയിലെത്തുന്നതോടെ പുതിയ ബാറ്റിങ് പരിശീലകന്‍ ടീമിനൊപ്പം ചേരും. സഞ്ജയ് ബംഗാറിന് പകരക്കാരനായി എത്തുന്നത് വിക്രം റാത്തൗറാണ്. ബംഗാര്‍ അടക്കമുള്ള സപ്പോര്‍ട്ടിങ് സ്റ്റാഫിന് വിന്‍ഡീസ് പര്യടനം കഴിയുന്നത് വരെ പദവി നീട്ടി നല്‍കുകയായിരുന്നു.

അതേസമയം, മുഖ്യ പരിശീലകന്‍, ബോളിങ്-ഫീല്‍ഡീങ് പരിശീലകര്‍ എന്നിവരെ നിലനിര്‍ത്തി ബംഗാറിനെ സ്ഥാനത്തു നിന്നും മാറ്റിയത് അപ്രതീക്ഷിതമായിരുന്നു. തീരുമാനത്തില്‍ ബംഗാറും സന്തുഷ്ടനല്ല. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ബംഗാര്‍ തന്റെ അമര്‍ഷം സെലക്ടര്‍മാരെ അറിയിച്ചിട്ടുണ്ട്. കോച്ചിങ് സ്റ്റാഫിന്റെ അഭിമുഖം നടക്കുന്നതിനിടെ സെലക്ടര്‍ ദേവാങ് ഗാന്ധിയുടെ മുറിയിലേക്ക് കയറി ചെന്ന ബംഗാര്‍ തന്റെ പുറത്താക്കുന്നതിനെതിരെ കമ്മിറ്റിയ്ക്ക് മുന്നറിയിപ്പ് നല്‍കുകയായിരുന്നു.

”വൈകിട്ട് അദ്ദേഹം ദേവാങ്ങിന്റെ ഓഫീസിലെത്തി സെലക്ഷന്‍ കമ്മിറ്റിയോട് കയര്‍ത്തു. താരങ്ങള്‍ തനിക്കൊപ്പം നില്‍ക്കുമെന്നും തന്നെ മാറ്റാനുള്ള തീരുമാനം പരാജയപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പക്ഷെ അത് ശരിയല്ല. ടീമല്ല സ്റ്റാഫിനെ നിശ്ചയിക്കുന്നത്” എന്നാണ് പേര് വെളിപ്പെടുത്താനാവാത്ത ഒരാള്‍ പറഞ്ഞത്.

”എന്റ കീഴില്‍ ടീം മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കി. കോച്ചിങ് സ്റ്റാഫിനെ തീരുമാനിക്കേണ്ടത് ടീമാണ്. അല്ലാതെ സെലക്ടര്‍മാരല്ല. ടീമിന് പരിശീലനം നല്‍കാന്‍ ഞാന്‍ യോഗ്യനല്ലെങ്കില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് പരിഗണിക്കണം.” ബംഗാര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

അതേസമയം, സംഭവത്തില്‍ മുഖ്യ പരിശീലകനോ മുഖ്യ സെലക്ടറോ പരാതി നല്‍കിയാല്‍ ബംഗാറിനെ ബിസിസിഐ ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook