ഇറ്റലിയിൽവച്ചായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും അനുഷ്ക ശർമ്മയും വിവാഹിതരായത്. വളരെ രഹസ്യമായി നടന്ന വിവാഹത്തിൽ വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിരുഷ്ക ദമ്പതികൾ വിവാഹത്തിനായി ഇറ്റലിയെ തിരഞ്ഞെടുത്തതിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ടെന്നിസ് താരം സാനിയ മിർസ. പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സാനിയയുടെ വെളിപ്പെടുത്തൽ.

”കോഹ്‌ലിയും അനുഷ്കയും ക്രിക്കറ്റ്, സിനിമ എന്നിങ്ങനെ രണ്ടു മേഖലകളിലായി അറിയപ്പെടുന്ന വ്യക്തികളാണ്. രണ്ടു വൻതാരങ്ങൾ സ്വന്തം രാജ്യത്ത് വച്ച് വിവാഹിതരാകുമ്പോൾ അതിന് മാധ്യമശ്രദ്ധ വർധിക്കും. വിവാഹദിനത്തിൽ തങ്ങളെ മാധ്യമങ്ങൾ വിടാതെ പിന്തുടരുമെന്ന് കോഹ്‌ലിക്കും അനുഷ്കയ്ക്കും മനസ്സിലായിരുന്നു. അതിനാലാണ് അവർ ഇന്ത്യ വിട്ട് ഇറ്റലിയിലേക്ക് പോയത്. എന്നാൽ ചില സമയത്ത് അവർക്ക് മാധ്യമങ്ങളെ നേരിടേണ്ടിവരും.”.

”വിവാഹം ഏതെങ്കിലും തരത്തിൽ മാനസിക സമ്മർദ്ദം നൽകാറുണ്ട്. എന്റെ അനുജത്തി സെലിബ്രിറ്റി അല്ലാതിരുന്നിട്ടും അവളുടെ വിവാഹം സമ്മർദ്ദമുണ്ടാക്കി. അപ്പോൾപ്പിന്നെ കോഹ്‌ലിയുടെയും അനുഷ്കയുടെയും കാര്യം പറയേണ്ടതില്ലല്ലോ?. ദീർഘനാളായി അവർ പ്രണയത്തിലായിരുന്നു. വർഷങ്ങളായി പരസ്പരം സ്നേഹിക്കുന്ന രണ്ടുപേർ തമ്മിൽ വിവാഹം കഴിക്കുന്നത് നല്ലതാണ്”- സാനിയ പറഞ്ഞു.

ഡിസംബർ 21 ന് നടക്കുന്ന വിവാഹ സൽക്കാരത്തിൽ തനിക്ക് പങ്കെടുക്കാൻ കഴിയില്ലെന്നും സാനിയ വ്യക്തമാക്കി. ”കോഹ്‌ലിയെയും അനുഷ്കയെയും എനിക്ക് വ്യക്തിപരമായിട്ട് അറിയാം. അവർ രണ്ടുപേരും നമ്മെ അതിശയപ്പെടുത്തുന്ന വ്യക്തികളാണ്. വിവാഹ ജീവിതത്തിൽ അവർക്ക് എല്ലാവിധ ആശംസകളും നേരുന്നു. ഇരുവരുടെയും വിവാഹസൽക്കാരത്തിന് ഞാൻ ഉണ്ടായേക്കില്ല. ഡിസംബർ 21 ന് ഞാൻ ദുബായിലേക്ക് പോവുകയാണ്”.

ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് കോഹ്‌ലിയും അനുഷ്കയും വിവാഹിതരായത്. ഇറ്റലിയിലെ മിലാനിലെ ആഡംബര റിസോർട്ടിൽ വച്ച് പാരമ്പര്യ രീതിയിലായിരുന്നു കോഹ്‌ലി-അനുഷ്ക വിവാഹം നടന്നത്. ഈ മാസം 21ന് ഇരുവരും ഇന്ത്യയിലേക്ക് തിരിച്ചെത്തും. ബന്ധുക്കൾക്കായി അന്ന് ഒരു വിവാഹപാർട്ടി ഒരുക്കിയിട്ടുണ്ട്. ഡിസംബർ 26നാണ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കും ബോളിവുഡ് താരങ്ങൾക്കുമായുള്ള വിവാഹ സൽക്കാരം. തുടർന്ന് ഇരുവരും ദക്ഷിണാഫ്രിക്കയിലേക്ക് പോകും. ദക്ഷിണാഫ്രിക്കയിൽവച്ചായിരിക്കും ഇരുവരും ന്യൂ ഇയർ ആഘോഷിക്കുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ