ആരാധകരില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും നേരിട്ട വംശീയാധിക്ഷേപങ്ങളില്‍ മനം നൊന്ത് ജര്‍മ്മന്‍ മധ്യനിര താരം മൊസ്യൂട്ട് ഓസില്‍ വിരമിച്ചതില്‍ അമ്പരപ്പ് രേഖപ്പെടുത്തി ഇന്ത്യന്‍ ടെന്നീസ് താരം സാനിയാ മിര്‍സ. ഇന്നലെയായിരുന്നു തനിക്കെതിരെയുള്ള വംശീയ അധിക്ഷേപങ്ങളും ആക്രമണങ്ങളും അതിരു കടന്നെന്നും ഇനിയും താങ്ങാന്‍ കഴിയില്ലെന്നും പറഞ്ഞ് ഓസില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. യാതൊരു സാഹചര്യത്തിലും റേസിസത്തെ അംഗീകരിക്കാന്‍ കഴിയില്ലെന്നും താരം പറഞ്ഞിരുന്നു.

ഏറെ അഭിമാനത്തോടെയായിരുന്നു ജര്‍മ്മനിയുടെ ജഴ്‌സി അണിഞ്ഞിരുന്നതെന്നും എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ലെന്നും ഓസില്‍ പ്രസ്താവനയില്‍ പറഞ്ഞു. തന്റെ തുര്‍ക്കി വേരുകള്‍ തേടി പോയി അപമാനിക്കുകയാണെന്നും തന്നെ രാഷ്ട്രീയ അജണ്ടയ്ക്കുള്ള ഉപകരണമാക്കിയെന്നും ഓസില്‍ പറയുന്നു. കായിക ലോകത്തെ തന്നെ ഞെട്ടിക്കുന്നതായിരുന്നു ആഴ്‌സണലിന്റേയും ജര്‍മ്മനിയുടേയും അസിസ്റ്റ് കിംഗായ ഓസിലിന്റെ വിരമിക്കല്‍ പ്രഖ്യാപനം.

ഒരു അത്‌ലറ്റെന്ന നിലയില്‍ ഏറ്റവും വേദനിപ്പിക്കുന്ന വാര്‍ത്തയെന്നാണ് സാനിയ ഓസിലിന്റെ വിരമിക്കല്‍ പ്രഖ്യാപനത്തെ വിശേഷിപ്പിച്ചത്. അതിലുപരിയായി മനുഷ്യനെന്ന നിലയിലും വാര്‍ത്ത തന്നെ വേദനിപ്പിച്ചെന്നും സാനിയ പറയുന്നു. ട്വിറ്ററിലൂടെയായിരുന്നു സാനിയയുടെ പ്രതികരണം. അതേസമയം, ഓസിലിന്റെ തീരുമാനത്തെ പിന്തുണ സാനിയ യാതൊരു കാരണവശാലും റേസിസെ അംഗീകരിക്കാന്‍ കഴിയില്ലെന്നും പറഞ്ഞു.

തുര്‍ക്കി വംശജനായ ഓസില്‍ തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാനെ മാസങ്ങള്‍ക്ക് മുമ്പ് സന്ദര്‍ശിച്ചത് ജര്‍മനിയില്‍ വലിയ വിവാദമുണ്ടാക്കിയിരുന്നു. പിന്നാലെ ജര്‍മനി ലോകകപ്പില്‍ നിന്ന് ആദ്യ റൌണ്ടില്‍ പുറത്തായതോടെ കൂടുതല്‍ പഴി കേട്ടതും ഓസിലായിരുന്നു. ഇതോടെ, ഇരട്ട പൗരത്വമുള്ള താരങ്ങളെ ദേശീയ ടീമില്‍ ഉള്‍പ്പെടുത്തരുതെന്ന ആവശ്യം ജര്‍മനിയില്‍ ഉയര്‍ന്നു. ആരാധകര്‍ ഇരുതാരങ്ങളെയും കൂകിവിളിച്ചു. എന്നാല്‍, ഇതുവരെ മാപ്പു പറയാന്‍ കൂട്ടാക്കാതിരുന്ന ഓസില്‍, ഇന്നലെയാണ് വിശദീകരണം പുറത്തുവിട്ടത്. ഉര്‍ദുഗാനാടൊപ്പം ഫോട്ടോ എടുത്തത് രാഷ്ട്രീയ നിലപാടല്ലെന്ന് വിരമിക്കല്‍ പ്രസ്താവനയില്‍ ഓസില്‍ പറയുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ