മുംബൈ: ഐഎസ്എല്‍ കലാശപൂരത്തിന് കൊടിയേറാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. കരുത്തരായ ചെന്നൈയിന് എഫ്സിയോ അതോ സീസണിലെ പുതുമക്കാരായ ബെംഗളൂരു എഫ്സിയോ ആരായിരിക്കും കപ്പുയര്‍ത്തുക എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.
രണ്ട് ടീമും കരുത്തരാണ്. ആക്രമണത്തിലും പ്രതിരോധത്തിലുമെല്ലാം ആര് ജയിക്കുമെന്ന് കണ്ടു തന്നെ അറിയേണ്ടതാണ്. ഈ അവസരത്തില്‍ ആരായിരിക്കും ജയിക്കുക എന്ന് പ്രവചിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ നായകനായ സന്ദേശ് ജിങ്കന്. മുന്‍ ബെംഗളൂരു എഫ്സി താരവുമാണ് ജിങ്കന്.
ബ്ലാസ്റ്റേഴ്സ് നായകന്റെ പ്രവചനം ബെംഗളൂരുവിന് അനുകൂലമാണ്. രണ്ട് ടീമും കരുത്തരാണെങ്കിലും തനിക്ക് പ്രിയപ്പെട്ടതും കപ്പടിക്കാന്‍ സാധ്യതയുള്ളതും ബെംഗളൂരുവാണെന്ന് ജിങ്കന് പറയുന്നു. കൗണ്ടര്‍ അറ്റാക്കിങ്ങില്‍ ബെംഗളൂരു മിടുക്കരാണെന്നു പറയുന്ന ജിങ്കന് ബെംഗളൂരുവിന്റെ ഏറ്റവും വലിയ കരുത്തായി കാണുന്നത് ആരാധകരെയാണ്.
സ്വന്തം തട്ടകമായ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ തങ്ങളുടെ ടീമിനായി ആര്‍പ്പ് വിളിക്കുന്ന വെസ്റ്റ് ബ്ലോക്ക് ബ്ലൂസ് വലിയ ഊര്ജ്ജമായിരിക്കുമെന്ന് ജിങ്കന് പറയുന്നു. അതേസമയം ഇന്നത്തെ മൽസരത്തിന്റെ ഗതി നിർണയിക്കുക പ്രതിരോധമായിരിക്കുമെന്നും ജിങ്കന് പറയുന്നു.
ഇന്ത്യന്‍ ഫുട്ബോള്‍ ചരിത്രത്തില്‍ തന്നെ സമാനതകളില്ലാത്ത മുന്നേറ്റമാണ് കഴിഞ്ഞ കുറച്ച് വര്‍ഷമായി ബെംഗളൂരുവിന്റെ നീലപ്പട നടത്തുന്നത്. ഐ ലീഗിലും എഎഫ്സിയും പുറത്തെടുത്ത കരുത്തും മികവും ഐഎസ്എല്ലിലും ആവര്‍ത്തിച്ച ടീം കപ്പ് നേടിയാല്‍ അത് ഒട്ടും അപ്രതീക്ഷിതമാകില്ല. അതേസമയം, നഷ്ടപ്പെട്ട കിരീടം തിരിച്ചു പിടിക്കുക എന്നതായിരിക്കും ചെന്നൈയിന് ടീമിന്റെ ലക്ഷ്യം.