ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധനിര താരം സന്ദേശ് ജിങ്കാന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിനെതിരെ സൈബർ ആക്രമണം. ഇറാഖിൽ നിന്നുള്ള ഹാക്കർമാരാണ് ജിങ്കാന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തത്. ഫെയ്സ്ബുക്ക് പേജിന്റെ പ്രൊഫൈൽ ചിത്രം ഇവർ മാറ്റിയിട്ടുണ്ട്. ഇറാഖിന്റെ ദേശീയ പതാകയാണ് നിലവിൽ പ്രൊഫൈൽ ചിത്രം.

മഹ്മൂദ് ജുമാ, അഹ്മദ് അൽനാസർ എന്നിവരാണ് ജിങ്കാന്റെ അക്കൗണ്ട് ഹാക്ക് ചെയ്തതെന്ന് ഇവർ അവകാശപ്പെടുന്നു. താരത്തിന്റെ ജന്മദിനത്തിന് പിന്നാലെയാണ് ഹാക്കർമാർ ആക്രമണം നടത്തിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

ഐഎസ്എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്സ് പ്രതിരോധനിര താരമാണ് സന്ദേശ്. കഴിഞ്ഞ സീസണിൽ ടീമിന്റെ മുന്നേറ്റത്തിനു ചുക്കാൻ പിടിച്ച സികെ വിനീതിനെ മഞ്ഞപ്പടയ്ക്കൊപ്പം നിലനിർത്തിയതിനു പിന്നാലെയാണ് ജിങ്കാനെയും നിലനിർത്താൻ കേരളാ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് തീുമാനിച്ചിരുന്നു. ഇക്കാര്യം സന്ദേശ് ജിങ്കാൻ തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ സ്ഥിരീകരിച്ചിരുന്നു. കേരളത്തിലെ ഫുട്ബോൾ ആരാധകർ നൽകിയ സ്നേഹവും പിന്തുണയും ജീവിതത്തിന്റെ അവസാനം വരെ ഓർമിക്കുമെന്ന് വ്യക്തമാക്കിയ ജിങ്കാൻ, ഇത് അവസാനിക്കാതിരിക്കട്ടെയെന്നും അന്ന് ഫെയ്സ്ബുക്കിൽ കുറിച്ചു. ഈ അക്കൗണ്ട് ആണ് ഇപ്പോൾ ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നത്.

ഐ ലീഗിൽ ബെംഗളൂരു എഫ്സിക്കു വേണ്ടിയും കളിക്കുന്ന വിനീതും ജിങ്കാനും ഇത്തവണ ബെംഗളൂരു കൂടി ഐഎസ്എല്ലിലേക്കു വന്നതോടെ ഏതു ടീമിനു വേണ്ടി കളിക്കുമെന്നാണ് ആരാധകർ ഉറ്റുനോക്കിയിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ