കൊച്ചി: സന്ദേശ് ജിങ്കനും കേരളാ ബ്ലാസ്റ്റേഴ്സും പരസ്പരം വഴിപിരിഞ്ഞു. 2014ൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ചേർന്ന ചണ്ഡീഗഡ് സ്വദേശിയായ ജിംഗൻ ക്ലബിനൊപ്പമുള്ള 6 സീസണുകൾക്ക് ശേഷമാണ് വഴി പിരിഞ്ഞത്. 26കാരനായ ജിംഗൻ ഇതുവരെ 76 മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സ് ജഴ്‌സി അണിഞ്ഞിട്ടുണ്ട്. ബ്ലാസ്റ്റേഴ്സ് വളർത്തിയ സന്ദേഷ് ഒരു പുതിയ വെല്ലുവിളി പിന്തുടരാൻ ഒരുങ്ങുകയാണെന്ന് ക്ലബ്ബ് വാർത്താക്കുറിപ്പിൽ അഭിപ്രായപ്പെട്ടു. ജിങ്കന് ആദരവർപ്പിക്കുന്നതിനായി അദ്ദേഹത്തിന്റെ നമ്പർ 21 മറ്റാർക്കും നൽകില്ലെന്നും ക്ലബ്ബ് അധികൃതർ അറിയിച്ചു.

Sandesh Jhingan, സന്ദേശ് ജിങ്കൻ, Kerala Blasters, കേരള ബ്ലാസ്റ്റേഴ്സ്, ISL, ഐഎസ്എൽ, sports news, ie malayalam

ക്ലബിൽ എത്തിയത് മുതൽ ഒരു കളിക്കാരൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ കഴിവ് കണ്ടെത്തി ആദ്യം മുതലുള്ള ജിംഗന്റെ വളർച്ചയെ പിന്തുണച്ചതിൽ അഭിമാനിക്കുന്നുവെന്നും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി വ്യക്തമാക്കി. ആരാധകർ ‘ദി വാൾ’ എന്ന് സ്നേഹപൂർവ്വം വിളിക്കുന്ന സന്ദേഷ് എല്ലായ്പ്പോഴും മൈതാനത്തും പുറത്തും വളരെയധികം അഭിനിവേശവും ഉത്സാഹവും പ്രകടിപ്പിച്ചിട്ടുണ്ടെന്നും ക്ലബ്ബ് അധികൃതർ അഭിപ്രായപ്പെട്ടു.

Read More: സന്ദേശ് ജിങ്കൻ കേരളാ ബ്ലാസ്റ്റേഴ്സ് വിട്ടു: സ്ഥിരീകരണവുമായി ക്ലബ്ബ്

2014ൽ തന്റെ ഐഎസ്എൽ അരങ്ങേറ്റം മുതൽ ഐഎസ്എല്ലിന്റെയും എ.ഐ.എഫ്.എഫിന്റേയും എമേർജിങ് പ്ലയെർ പുരസ്‌കാരത്തിന് സന്ദേശ് അർഹനായിരുന്നു. രണ്ട് ഐ‌എസ്‌എൽ ഫൈനലുകളിൽ കളിച്ചിട്ടുള്ള സന്ദേശ് വിവിധ അവസരങ്ങളിൽ ദേശീയ ടീമിന്റെ നായകനുമായിരുന്നു. 2017 ഐഎസ്എൽ സീസണിൽ സന്ദേശ് കേരള ബ്ലാസ്റ്റേഴ്‌സിനെ നയിച്ചിട്ടുണ്ട്. എ.ഐ.എഫ്.എഫ് അർജുന അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട കളിക്കാരൻ കൂടിയാണ് ജിംഗനെന്നും ബ്ലാസ്റ്റേഴ്സ് അഭിപ്രായപ്പെട്ടു.

ആദ്യ ദിവസം മുതൽ തന്നെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് സന്ദേശ് ജിങ്കൻ പറഞ്ഞു.
“ഞങ്ങൾ പരസ്പരം വളരാൻ സഹായിച്ചെങ്കിലും ഒടുവിൽ വേർപിരിയാൻ തീരുമാനിച്ചിരിക്കുന്നു. ഞങ്ങൾ ഒരുമിച്ച് ചില മികച്ച ഓർമ്മകൾ സൃഷ്ടിച്ചിട്ടുണ്ട്. ക്ലബ് മുന്നോട്ട് പോകുന്നതിന് എല്ലാ ആശംസകളും നേരുന്നു. ക്ലബ്ബിന് പിന്നിൽ എപ്പോഴും നിലകൊള്ളുന്ന കേരളത്തിലെ ജനങ്ങളോട് ഒരു പ്രത്യേക പരാമർശം, നിങ്ങൾ എന്നോടും, കെബിഎഫ്സിയോടും കാണിച്ച എല്ലാ സ്നേഹത്തിനും എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഭാവിയിലും നിങ്ങൾ ക്ലബ്ബിനെ പിന്തുണയ്ക്കുന്നത് തുടരുമെന്ന് എനിക്ക് ഉറപ്പുണ്ട്. ക്ലബ്ബും ആരാധകരും എല്ലായ്പ്പോഴും എന്റെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം നിലനിർത്തും. നന്ദി! ”, സന്ദേഷ് ജിങ്കൻ പറയുന്നു.

Read More: ‘ഫൈനല്‍ വിസിലി’നൊടുവില്‍ വേണ്ടതൊരു യാത്ര; ലോക്ക്ഡൗൺ ജീവിതത്തെക്കുറിച്ച് വിനീത്

“ക്ലബ്ബിനോടും അതിന്റെ പിന്തുണക്കാരോടും സന്ദേശിനുള്ള പ്രതിബദ്ധത, വിശ്വസ്തത, അഭിനിവേശം എന്നിവയ്ക്ക് ഈ അവസരത്തിൽ നന്ദി അറിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഒരു പുതിയ വെല്ലുവിളി പിന്തുടരാനുള്ള സന്ദേഷിന്റെ ആഗ്രഹത്തെ കെബിഎഫ്സി മാനിക്കുന്നു, ഈ പുതിയ യാത്രയ്ക്ക് ഞങ്ങൾ എല്ലാവിധ ആശംസകളും നേരുന്നു. അദ്ദേഹം എല്ലായ്പ്പോഴും ഹൃദയത്തിൽ ഒരു ബ്ലാസ്റ്ററായി തുടരും. ക്ലബിന് അദ്ദേഹം നൽകിയ സംഭാവനകൾക്കുള്ള ആദരവ് എന്ന നിലയിൽ അദ്ദേഹത്തിന്റെ ജേഴ്സി നമ്പർ 21 ഇനി ടീമിൽ ഉണ്ടാകില്ല, അതും സ്ഥിരമായി വിരമിക്കും,”കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി ഉടമ നിഖിൽ ഭരദ്വാജ് പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook