കൊൽക്കത്ത: ഇന്ത്യൻ പ്രതിരോധ താരം സന്ദേശ് ജിങ്കാൻ ഐഎസ്എല്ലിൽ മടങ്ങിയെത്തി. തന്റെ പഴയ ക്ലബായ എടികെ മോഹൻ ബഗാനിലാണ് താരം കളിക്കുക. സന്ദേശ് ജിങ്കാനുമായി കരാർ ഒപ്പിട്ടതായി ക്ലബ് ഔദ്യോഗകമായി സ്ഥിരീകരിച്ചു. അഞ്ചാം നമ്പർ ജേഴ്സിയിലാകും ജിങ്കാൻ കളിക്കുക.
നേരത്തെ ക്രൊയേഷ്യൻ ക്ലബായ എച്ച് എന് കെ സിബിനിക്കുമായി കരാറിലെത്തിയ ജിങ്കാൻ മത്സരങ്ങൾക്കായി ക്രൊയേഷ്യയിലേക്ക് പോയിരുന്നു. എന്നാൽ പരുക്ക് മൂലം താരത്തിന് ഒരു മത്സരത്തിലും കളിക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന് ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് മടങ്ങിവരുകയായിരുന്നു. ടീമുമായുള്ള കരാർ അവനിപ്പിച്ചാണ് ജിങ്കാൻ എത്തിയത്.
ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി തുടർച്ചയായി ആറ് സീസണുകളിൽ കളിച്ച ശേഷമാണ് ജിങ്കാൻ എടികെ മോഹൻ ബഗാനിൽ എത്തിയത്. 2020ലാണ് താരം മോഹൻ ബഗാനുമായി ആദ്യം കരാർ ഒപ്പിട്ടത്. ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റനായിരുന്ന ജിങ്കാൻ ടീം റണ്ണറപ്പായ സീസണുകളിൽ ടീമിന് വേണ്ടി മികച്ച പ്രകടനം നടത്തിയ താരമാണ്. കേരളത്തിൽ ജിങ്കാന് നിരവധി ആരാധകരുണ്ട്.
Also Read: എടികെ മോഹൻ ബഗാനുമായി സമനില; മുംബൈയെ മറികടന്ന് ഒന്നാമതെത്തി ഹൈദരാബാദ്