ചെന്നൈ: കേരള ക്രിക്കറ്റ് ടീമിലെ മികച്ച പേസർമാരിലൊരാളായ സന്ദീപ് വാര്യർ ടീം വിടുന്നു. അയൽ സംസ്ഥാനമായ തമിഴ്നാടിനുവേണ്ടിയാകും താരം ഇനി കളിക്കുക. ഇത് സംബന്ധിച്ച് തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷനുമായി ധാരണയായതായി സന്ദീപ് ഇന്ത്യൻ എക്സപ്രസ് മലയാളത്തോട് പറഞ്ഞു. ഇക്കാര്യം വ്യക്തമാക്കി കേരള ക്രിക്കറ്റ് അസോസിയേഷനും സന്ദീപ് കത്തയച്ചിട്ടുണ്ട്. കേരളത്തിന്റെ എൻഒസി ലഭിക്കുന്ന മുറയ്ക്ക് താരം തമിഴ്നാട് ടീമിന്റെ ഭാഗമാകും.
കേരള ടീമുമായി യാതൊരു പ്രശ്നവുമില്ലെന്നും വ്യക്തിപരമായ ചില കാരണങ്ങളാലാണ് ഇത്തരത്തിലൊരു തീരുമാനമെന്നും സന്ദീപ് വ്യക്തമാക്കി. നിലവിൽ ചെന്നൈയിലാണ് താരം ജോലി ചെയ്യുന്നത്. മുൻ ഐസിസി ചെയർമാനും ബിസിസിഐ പ്രസിഡന്റുമായിരുന്ന എൻ.ശ്രീനിവാസന്റെ ഉടമസ്ഥയിലുള്ള ഇന്ത്യ സിമന്റ്സിൽ കഴിഞ്ഞ വർഷമാണ് താരം ജോലിക്ക് പ്രവേശിക്കുന്നത്. പരിശീലനം നടത്തുന്നതും എംആർഎഫ് ഫൗണ്ടേഷനിലാണ്. ഈ സാഹചര്യത്തിലാണ് മാറ്റത്തെക്കുറിച്ച് ചിന്തിച്ചതെന്ന് താരം വ്യക്തമാക്കി.
Also Read: മണിക്കൂറില്‍ 145 കിലോമീറ്റര്‍ വേഗതയില്‍ എറിയുന്ന ബൗളര്‍ കേരളത്തിനുണ്ട്: ടിനു യോഹന്നാന്
സന്ദീപിന്റെ ഭാര്യ ആരതി ചെന്നൈയിൽ തന്നെ മെഡിക്കൽ വിദ്യാർഥിനിയാണ്. അതോടൊപ്പം അവിടെ ലീഗിലും താരം കളിക്കുന്നുണ്ട്. “ക്രിക്കറ്റുമായി ബന്ധപ്പെട്ട എന്റെ എല്ലാ കാര്യങ്ങളും ചെന്നൈയിലാണ്. ജോലി, പരിശീലനം, ലീഗ് അങ്ങനെയെല്ലാം. അതിനാലാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിയത്,” സന്ദീപ് വാര്യർ പറഞ്ഞു.
കേരളവുമായി താരതമ്യം ചെയ്യുമ്പോൾ തമിഴ്നാട്ടിൽ പ്രത്യേകിച്ച് അവസരങ്ങളെക്കുറിച്ചൊന്നും താൻ ചിന്തിക്കുന്നില്ലെന്നും സന്ദീപ് വ്യക്തമാക്കി. കേരളം നല്ല ടീമാണ്. അവിടെ നിന്ന് ഉയർന്ന് വരാൻ നിരവധി താരങ്ങൾക്ക് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: ഇന്ത്യന്‍ ടീമിലേക്കുള്ള സാധ്യതകൾ സജീവമാക്കി സന്ദീപ് വാര്യർ; പ്രതീക്ഷയുടെ ഭാരമില്ലെന്ന് താരം
രഞ്ജി ട്രോഫി 2012-13 സീസണിൽ കേരള ടീമിൽ അരങ്ങേറ്റം കുറിച്ച സന്ദീപ് ആ വർഷം തന്നെ അഞ്ച് മത്സരങ്ങളിൽ നിന്ന് 24 വിക്കറ്റുകളുമായി തിളങ്ങി. കഴിഞ്ഞ 2018-19 സീസണിൽ 44 വിക്കറ്റുകളുമായി ഗ്രൂപ്പ് ഘട്ടത്തിൽ വിക്കറ്റ് വേട്ടക്കാരിൽ ഒന്നമനായ സന്ദീപ് ഐപിഎല്ലിലും ഇതിനോടകം തന്റെ സ്ഥാനമുറപ്പിച്ചു കഴിഞ്ഞ താരമാണ്. ഇന്ത്യ എ ടീമിന് വേണ്ടിയും കളിക്കാൻ താരത്തിന് അവസരം ലഭിച്ചിരുന്നു. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നിലനിർത്തിയ താരങ്ങളിലൊരാളാണ് സന്ദീപ് വാര്യർ. കഴിഞ്ഞ സീസണിൽ വിജയ ഹസാരെ ഏകദിന ടൂർണമെന്റിൽ കേരളത്തിനായി കൂടുതൽ വിക്കറ്റ് വീഴ്ത്തിയതും സന്ദീപ് തന്നെ.
അതേസമയം, രണ്ട് വർഷം മുമ്പ് നായകൻ സച്ചിൻ ബേബിക്കെതിരെ ടീമിനുള്ളിൽ പടയൊരുക്കം നടത്തിയതിന്റെ പേരിൽ കെസിഎ അച്ചടക്ക നടപടി സ്വീകരിച്ച താരമാണ് സന്ദീപ് വാര്യർ. സന്ദീപിനൊപ്പം അച്ചടക്ക നടപടി നേരിട്ട മുൻ ക്യാപ്റ്റൻ റെയ്ഫി വിൻസന്റ് ഗോമസ്, സ്പിന്നർ ഫാബിദ് ഫറൂഖ് എന്നിവർ പുതുച്ചേരിയിലേക്കും മാറിയിരുന്നു. എന്നാൽ സന്ദീപിന്റെ മാറ്റത്തിന് കാരണം തികച്ചും വ്യക്തിപരമായ കാരണങ്ങളാണെന്നാണ് താരം വ്യക്തമാക്കുന്നത്.