കൊളംബോ: ഇന്ത്യക്കെതിരായ ദയനീയ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം സെലക്ടര്‍മാര്‍ രാജി സന്നദ്ധത അറിയിച്ചു. മുന്‍ ക്രിക്കറ്റ് താരം സനത് ജയസൂര്യ അടക്കമുളളവരാണ് രാജിവെക്കുന്നത്. സെപ്തംബര്‍ 6ന് ഇന്ത്യയ്ക്കെതിരായ മത്സരം അവസാനിക്കുന്നതോടെയായിരിക്കും ഔദ്യോഗികമായി രാജിവെക്കുക.

3-0നാണ് ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ആതിഥേയര്‍ അടിയറവ് പറഞ്ഞത്. പിന്നാലെ അഞ്ച് മത്സരങ്ങളുളള ഏകദിന പരമ്പരയില്‍ മൂന്ന് കളികളും ശ്രീലങ്ക പരാജയപ്പെട്ടു. ബാക്കിയുളള രണ്ട് ഏകദിന മത്സരങ്ങള്‍ക്കും ഒരു ട്വന്റി 20 മത്സരത്തിനും ടീമിനെ ഇപ്പോള്‍ തന്നെ ജയസൂര്യ നയിക്കുന്ന സെലക്ഷന്‍ കമ്മറ്റി തെരഞ്ഞെടുത്തിട്ടുണ്ട്. ബംഗ്ലാദേശിനെതിരെയാണ് നേരത്തേ ശ്രീലങ്ക ദയനീയമായി സ്വന്തം മണ്ണില്‍ പരാജയപ്പെട്ടത്. അതിന് മുമ്പ് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലും ലങ്ക കാലിടറി വീണു.

ഇതിന് പിന്നാലെ പ്രതിഷേധവുമായി ആരാധകര്‍ രംഗത്തെത്തിയിരുന്നു. ശ്രീലങ്കയ്ക്കെതിരെ ആദ്യ ഏകദിനം ഇന്ത്യ ജയിച്ചപ്പോള്‍ ദാംബുളളയില്‍ വെച്ച് ടീമിന്റെ വാഹനം ആരാധകര്‍ തടഞ്ഞിരുന്നു. അന്ന് കൂക്കി വിളിച്ച ആരാധകര്‍ അരമണിക്കൂറാണ് ലങ്കന്‍ ടീമിനെ റോഡില്‍ തടഞ്ഞുവെച്ചത്.

കൂടാതെ മൂന്നാം ഏകദിനത്തിലും ആരാധകര്‍ ടീമിനെതിരെ രംഗത്ത് വന്നു. ടീമിന്റെ തുടരെത്തുടരെയുള്ള തോല്‍വിയില്‍ ക്ഷുഭിതരായ ലങ്കന്‍ ആരാധകര്‍ അരമണിക്കൂറോളമാണ് മത്സരം തടസ്സപ്പെടുത്തിയത്. പല്ലേക്കലെ സ്റ്റേഡിയത്തിലെ മൂന്നാം ഏകദിനം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് കാണികള്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടത്. ഇന്ത്യയുടെ പരമ്പര വിജയത്തിന് എട്ട് റണ്‍സ് മാത്രം ശേഷിക്കേ സ്ഥിതി നിയന്ത്രണാതീതമാകുകയായിരുന്നു.

തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ മുതല്‍ കാണികള്‍ കൂക്കുവിളിയും ആക്രോഷവും തുടങ്ങി. തുടര്‍ന്ന് കാണികള്‍ ബൗണ്ടറി ലൈനിനടുത്തേക്കെത്തി. കൂക്കുവിളിയും ആക്രോശവും കുപ്പിയേറിന് വഴി മാറി. ഗ്രൗണ്ട് സ്റ്റാഫ് ഓടി നടന്ന് കുപ്പികള്‍ പെറുക്കിയെങ്കിലും കാണികള്‍ കുപ്പിയേറ് തുടര്‍ന്നു. സ്വന്തം ആരാധകരുടെ ഏറ് സഹിക്കാന്‍ കഴിയാനാവാതെ വന്നതോടെ ലങ്കന്‍ താരങ്ങള്‍ കളി നിര്‍ത്തി മൈതാനമധ്യത്തിലേത്ത് നീങ്ങി. ഈ തക്കത്തിന് മുന്‍ ഇന്ത്യന്‍ നായകന്‍ ധോണി മൈതാനത്ത് ബാറ്റിങ് വേഷത്തില്‍ കിടന്നുറങ്ങിയതും വാര്‍ത്തയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ