ദുബായ്: മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്ററും ദേശീയ ടീം നായകനുമായിരുന്ന സനത് ജയസൂര്യക്കെതിരെ ഐ.സി.സിയുടെ അഴിമതി വിരുദ്ധ സമിതി കുറ്റംചുമത്തി. ജയസൂര്യ അഴിമതി വിരുദ്ധ നിയമത്തിലെ രണ്ട് നിയമങ്ങള്‍ തെറ്റിച്ചെന്നാണ് സമിതിയുടെ കണ്ടെത്തല്‍. ജയസൂര്യ കുറ്റക്കാരനാണെന്നും ഐ.സി.സി വ്യക്തമാക്കി.

താരം യാഥൊരു വിധത്തിലും സഹകരിക്കാത്തതിനാലാണ് ഐ.സി.സി ഇപ്പോള്‍ നടപടിയെടുത്തിരിക്കുന്നതെന്ന് അഴിമതി വിരുദ്ധ സമിതി ജനറല്‍ മാനേജര്‍ അലക്‌സ് മാര്‍ഷല്‍ വ്യക്തമാക്കി. ഒത്തുകളി അടക്കമുള്ള ആരോപണങ്ങള്‍ സംബന്ധിച്ച അന്വേഷണവുമായി ജയസൂര്യ സഹകരിക്കുന്നില്ലെന്നും അന്വേഷണം തടസപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ശ്രിലങ്കൻ ദേശീയ ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ആയിരിക്കുന്ന കാലയളവിൽ ഉയർന്ന ആരോപണത്തിലാണ് ഐ.സി.സി അന്വേഷണം ആരംഭിച്ചത്. എന്നാൽ അന്വേഷമവുമായി സഹകരിക്കാനോ പ്രതികരിക്കാനോ ജയസൂര്യ ഇതുവരെ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണം തടസ്സപ്പെടുത്തി, സഹകരിച്ചില്ല എന്നീ കുറ്റങ്ങൾ ചുമത്തിയിരിക്കുന്നത്.

ജയസൂര്യ ഉപയോഗിച്ചിരുന്ന ഫോണ്‍ കൈമാറാന്‍ ആവശ്യപ്പെട്ടിട്ടും അനുകൂല പ്രതികരണം ഉണ്ടായില്ലെന്നും ഐ.സി.സി കുറ്റപ്പെടുത്തുന്നു. 14 ദിവസത്തിനുള്ളില്‍ മറുപടി നല്‍കാന്‍ ഐ.സി.സി ജയസൂര്യയ്ക്ക് അന്ത്യശാസനം നല്‍കിയിട്ടുണ്ട്. ഈ മാസമാദ്യമാണ് ഐ.സി.സിയുടെ അഴിമതി വിരുദ്ധ സമിതി ജനറല്‍ മാനേജര്‍ അലക്‌സ് മാര്‍ഷല്‍ ശ്രീലങ്കന്‍ ക്രിക്കറ്റിലെ അഴിമതിയാരോപണങ്ങളില്‍ അന്വേഷണം പ്രഖ്യാപിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ