നിദാഹാസ് ട്രോഫിയില്‍ വെളളിയാഴ്ച നടന്ന സെമി ഫൈനലില്‍ ശ്രീലങ്കയ്ക്കെതിരെ ആവേശ പോരാട്ടത്തിനൊടുവിലാണ് ബംഗ്ലാദേശ് ജയിച്ചത്. വിജയത്തിന് പിന്നാലെ ബംഗ്ലാദേശ് താരങ്ങള്‍ മൈതാനത്ത് നൃത്തം ചെയ്താണ് തങ്ങളുടെ വിജയം ആഘോഷമാക്കിയത്. ഇതിന് പിന്നാലെ ബംഗ്ലാദേശിന്റെ ഡ്രെസിങ് റൂമിലെ ഗ്ലാസ് തകര്‍ന്ന നിലയില്‍ കണ്ടെത്തുകയും ചെയ്തു.

മൽസരത്തിലുടനീളം പ്രകോപനപരമായ രീതിയില്‍ പെരുമാറിയ ബംഗ്ലാ താരങ്ങള്‍ക്ക് നേരെ തന്നെയാണ് ഈ സംഭവത്തിലും സംശയം നീണ്ടത്. ഇതിനെ കുറിച്ച് നിരവധി പേര്‍ ബംഗ്ലാദേശ് താരങ്ങളെ വിമര്‍ശിക്കുകയും ചെയ്തു. രാജ്യാന്തര ക്രിക്കറ്റ് മൽസരങ്ങള്‍ക്ക് വേണ്ട പക്വത ഇല്ലാതെയാണ് താരങ്ങളുടെ പെരുമാറ്റമെന്ന് വിമര്‍ശനമുണ്ടായി. ശ്രീലങ്കന്‍ മുന്‍ താരം സനത് ജയസൂര്യയും താരങ്ങലെ വിമര്‍ശിച്ച് രംഗത്തെത്തി.

‘മൂന്നാം കിട ടീം’ എന്നാണ് ജയസൂര്യ ബംഗ്ലാദേശിനെ കുറിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ക്രിക്കറ്റ് അസോസിയേഷന്‍ അന്വേഷണം നടന്നു കൊണ്ടിരിക്കുന്നതിനിടെയാണ് ജയസൂര്യ മുന്‍വിധിയോടെ ട്വീറ്റ് ചെയ്തതെന്ന് ചിലര്‍ കുറ്റപ്പെടുത്തി. ഇതോടെ വിവാദമാകുമെന്ന് കണ്ട ജയസൂര്യ തന്റെ ട്വീറ്റ് പിന്‍വലിക്കുകയും ചെയ്തു. നാടകീയമായ മുഹൂര്‍ത്തങ്ങള്‍ക്കായിരുന്നു വെളളിയാഴ്ച നടന്ന മൽസരത്തില്‍ കാണികള്‍ സാക്ഷ്യം വഹിച്ചത്.

അക്ഷരാര്‍ത്ഥത്തില്‍ ത്രില്ലറായിരുന്ന മൽസരം ജയിച്ചതിന്റെ ആവേശത്തില്‍ ബംഗ്ലാദേശ് താരങ്ങള്‍ റൂമിന്റെ ഡോര്‍ തകര്‍ക്കുകയായിരുന്നു എന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് ഗ്രൗണ്ട് സ്റ്റാഫില്‍ നിന്നും സിസിടിവി ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കാറ്ററിങ് സ്റ്റാഫുകള്‍ ഡോര്‍ തകര്‍ത്ത താരങ്ങളുടെ പേര് മാച്ച് റഫറിയോട് വെളിപ്പെടുത്തിയെന്നും എന്നാല്‍ അത് മുഖവിലയ്ക്ക് എടുക്കാന്‍ സാധിക്കാത്തതിനാല്‍ സിസിടിവി ദൃശ്യങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, തകര്‍ന്ന ഡോറിന് നഷ്ടപരിഹാരം നല്‍കാമെന്ന് ബംഗ്ലാദേശ് ടീം മാനേജ്മെന്റ് അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്.

നാടകീയ സംഭവങ്ങളായിരുന്നു കളിക്കളത്തില്‍ അരങ്ങേറിയത്. അതിന്റെ ബാക്കി പത്രമെന്ന നിലയിലാണ് ഡോര്‍ തകര്‍ത്ത സംഭവത്തേയും കാണുന്നത്. അവസാന ഓവറില്‍ അഞ്ച് പന്തില്‍ നിന്നും 12 റണ്‍സായിരുന്നു ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ലങ്കന്‍ പേസര്‍ ഇസുറു ഉദാന എറിഞ്ഞ രണ്ട് പന്തുകള്‍ ഷോര്‍ട്ട് ബോളുകളായി. രണ്ടാം പന്തില്‍ ബംഗ്ലാ താരം മുസ്തഫിസൂര്‍ റഹ്മാന്‍ പുറത്താവുകയും ചെയ്തു. എന്നാല്‍ ബൗണ്‍സറായതിനാല്‍ ലെഗ് അമ്പയര്‍ നോ ബോൾ വിളിച്ചെന്ന് ബംഗ്ലാദേശ് താരങ്ങള്‍ വാദിക്കുകയായിരുന്നു.

ബംഗ്ലാദേശ് താരങ്ങളും ലങ്കന്‍ താരം കുസാല്‍ മെന്‍ഡിസും തമ്മില്‍ വാക്ക് തര്‍ക്കമായി. ഈ സമയം ബൗണ്ടറി ലൈനിന് അരികില്‍ നില്‍ക്കുകയായിരുന്ന ബംഗ്ലാദേശ് നായകന്‍ എല്ലാവരേയും ഞെട്ടിച്ച നീക്കം നടത്തുകയായിരുന്നു. കളിയവസാനിപ്പിച്ച് മടങ്ങി വരാന്‍ ഷാക്കിബ് ബാറ്റ്‌സ്മാന്മാരോട് ആവശ്യപ്പെട്ടു. മാച്ച് റഫറിയുമായി ഇതേ ചൊല്ലി ഷാക്കിബ് തര്‍ക്കിക്കുകയും ചെയ്തു.

കളി പുനരാരംഭിക്കുകയും ബംഗ്ലാദേശ് വിജയിക്കുകയും ചെയ്‌തെങ്കിലും സംഘര്‍ഷാന്തരീക്ഷത്തിന് അയവുവന്നില്ല. മൽസരശേഷം ബംഗ്ലാദേശ് താരങ്ങളും ലങ്കന്‍ താരങ്ങളും തമ്മില്‍ മൈതാനത്ത് വച്ച് കോര്‍ത്തു. കോബ്രാ ഡാന്‍സ് കളിച്ച് ലങ്കയെ പരിഹസിച്ചതാണ് കളിയ്ക്ക് ശേഷം അടിയ്ക്ക് കാരണമായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ