ലണ്ടൻ: റഷ്യ ആതിഥേയത്വം വഹിക്കുന്ന ഫുട്ബോൾ ലോകകപ്പിന് പന്തുരുളാൻ 84 ദിവസങ്ങൾ മാത്രമാണ് ഇനി​ അവശേഷിക്കുന്നത്. ലോകകപ്പ് ഉയർത്താമെന്ന പ്രതീക്ഷയിൽ ടീമുകൾ എല്ലാം കഠിന പരിശീലനത്തിലുമാണ്. അർജന്റീനയേയും ലയണൽ മെസിയേയും സംബന്ധിച്ച് നിർണായകമായ ലോകകപ്പ് ടൂർണമെന്റാണ് ഇത്തവണത്തേത്. കഴിഞ്ഞ തവണ ബ്രസീലിൽ കൈവിട്ട കിരീടം തിരികെപിടിക്കാനുളള വാശിയിലാണ് മെസിയും സംഘവും റഷ്യയിലേക്ക് എത്തുന്നത്.

എന്നാൽ ലോകകപ്പിനായി എത്തുന്ന അർജന്റീനയുടെ ടീമിൽ അപ്രതീക്ഷിത മാറ്റങ്ങൾ ഉണ്ടാകുമെന്ന സൂചനയാണ് പരിശീലകൻ സാംപോളി നൽകുന്നത്. സൂപ്പർ താരങ്ങളുടെ വലിയ നിര ഉണ്ടെങ്കിലും രാജ്യത്തിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവയ്ക്കാത്ത താരങ്ങ​ളെ താൻ ടീമിൽ നിന്ന് ഒഴിവാക്കുമെന്ന് സാംപോളി സൂചന നൽകി. മെസിയുടെ പകരക്കാരൻ എന്ന് വിശേഷണമുളള സൂപ്പർ താരം പൗളോ ഡിബാലയേയും ഇന്റർ മിലാന്റെ സൂപ്പർ സ്ട്രൈക്കർ മൗറോ ഇക്കാർഡിയേയും ടീമിൽ നിന്ന് ഒഴിവാക്കുമെന്ന് സാംപോളി ഇന്നലെ നടന്ന വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

ഇന്ന് ഇറ്റലിക്കെതിരെ നടക്കുന്ന സൗഹൃദ മൽസരത്തിനുളള ടീമിൽ നിന്നും ഇരുവരെയും സാംപോളി ഒഴിവാക്കിയിരുന്നു. ഡിബാലയ്ക്കും ഇക്കാർഡിക്കും പകരമായി ബോക്ക ജൂനിയേഴ്സ് താരമായ ക്രിസ്റ്റ്യൻ പാവോൺ, റേസിങ് ക്ലബ് താരമായ ലൗറ്റാറ മാർട്ടിനെസിനെയുമാണ് ടീമിൽ ഉൾപ്പെടുത്തിയത്.

അർജന്റീന ടീമിന്റെ ഇപ്പോഴത്തെ കേളി ശൈലിക്ക് ചേർന്ന താരമല്ല ഡിബാലയെന്നും, അവസരം നൽകിയിട്ടും ഈ ശൈലിയുമായി താരത്തിന് പൊരുത്തപ്പെടാൻ കഴിഞ്ഞില്ലെന്നും സാംപോളി ലണ്ടനിൽ നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇന്റർ മിലാനായി ഗോളുകൾ അടിച്ച് കൂട്ടുന്ന മൗറോ ഇക്കാർഡിക്ക് ദേശീയ ടീമിനായി ഇതുവരെ ഒരു ഗോൾ പോലും നേടാനായിട്ടില്ലെന്നും, ഇക്കാർഡിയേക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന യുവതാരങ്ങൾ ടീമിൽ ഉണ്ടെന്നും പരിശീലകൻ പറഞ്ഞു.

ലോകകപ്പിനായി ഒരുങ്ങാൻ വളരെ കുറച്ച് ദിവസങ്ങൾ മാത്രമേ ഉളളൂ. 23 അംഗം ടീമിനെ മാത്രമേ റഷ്യയിലേക്ക് കൊണ്ടുപോകാൻ സാധിക്കൂ. രാജ്യത്തിനായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന താരങ്ങളെ ഒരിക്കലും ടീമിൽ നിന്ന് ഒഴിവാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റഷ്യൻ ലോകകപ്പിൽ കപ്പ് ഉയർത്താനുളള കരുത്ത് ടീമിന് ഉണ്ടെന്നും മെസി മാത്രമല്ല ടീമിന്റെ കരുത്തെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് രാത്രി നടക്കുന്ന സൗഹൃദ സന്നാഹ മൽസരത്തിൽ അർജന്റീന ഇന്ന് ഇറ്റലിയെ നേരിടും. മാഞ്ചസ്റ്റർ സിറ്റിയുടെ ഹോം ഗ്രൗണ്ടായ എത്തിഹാദ് സ്റ്റേഡിയത്തിലാണ് മൽസരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook